Latest News

കൗതുകവും വിജ്ഞാനവും പകര്‍ന്ന് കേരബംഗ്ലാവ്

തൃക്കരിപ്പൂര്‍:[www.malabarflash.com] തേങ്ങയ്ക്ക് വിലയില്ലെന്ന് പറഞ്ഞ് കണ്ണീര്‍ പൊഴിക്കുന്ന കേര കര്‍ഷകരുടെ കണ്ണു തുറപ്പിക്കും 'കേരബംഗ്ലാവി'ലെത്തിയാല്‍ കേരളീയര്‍ കണികണ്ടുണരുന്ന കല്പ വൃക്ഷത്തിലെന്ത് കൗതുകമാണെന്ന ചോദ്യത്തിന് തെങ്ങോളം ഉയരത്തില്‍ മറുപടി പറയുകയാണ് അരയി ഗവ.യു.പി.സ്‌കൂളിലെ മൂന്നാംതരം വിദ്യാര്‍ത്ഥിനി അമേയ പ്രമോദും രണ്ടാംതരം വിദ്യാര്‍ത്ഥിനി സോന രമേശനും.

തൃക്കരിപ്പൂര്‍ സെന്റ് പോള്‍സ് എ.യു.പി.സ്‌കൂളില്‍ നടക്കുന്ന ജില്ലാ ശാസ്‌ത്രോത്സവത്തില്‍ കുട്ടികള്‍ അവതരിപ്പിച്ച കേരക്കാഴ്ച കാണികള്‍ക്ക് കൗതുകത്തോടൊപ്പം വിജ്ഞാനവും പകര്‍ന്നു. 

കുരുത്തോല കൊണ്ട് കമനീയമായി അലങ്കരിച്ച സ്റ്റാളിനകത്താണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. വിദ്യാലയത്തില്‍ സംഘടിപ്പിച്ച കുരുത്തോലക്കളരിയില്‍ നിന്നും ലഭിച്ച അറിവാണ് മേളയില്‍ തെങ്ങുല്പാദനങ്ങളുടെ ശേഖരവുമായെത്താന്‍ പ്രേചിപ്പിച്ചതെന്ന് കുട്ടികള്‍ പറഞ്ഞു. പ്രശസ്ത തെയ്യം കലാകാരനും കുരുത്തോലകളില്‍ വിസ്മയം തീര്‍ക്കുന്നതില്‍ വിദഗ്ധനുമായ വെള്ളോറയിലെ രവി പണിക്കരാണ് മുഖ്യ പരിശീലകന്‍. 

തെങ്ങോലകൊണ്ടു തന്നെ നൂറോളം വിഭവങ്ങള്‍ ഉണ്ട്. ചിരട്ട, ചകിരി, കൊതുമ്പ്, അടിച്ചോല തുടങ്ങി തെങ്ങിന്റെ എല്ലാ ഭാഗങ്ങളും കുട്ടികള്‍ക്ക് വിലയേറിയ കൗതുക വസ്തുക്കളുടെ നിര്‍മ്മാണത്തിന് അസംസ്‌കൃത വസ്തുക്കളായി. വിവിധ തരം തേങ്ങാ ചമ്മന്തികള്‍, നീര, കളള്, തെങ്ങിന്‍ പൂക്കുല രസായനം എന്നിവയും കാണികള്‍ക്ക് യഥേഷ്ടം രുചിച്ച് നോക്കാം. 

പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നിന്നും ശേഖരിച്ച അന്‍പതോളം തരം തേങ്ങ, നീലേശ്വരം കേന്ദ്രത്തിലെ അത്യുല്‍പാദന ശേഷികളെ തെങ്ങില്‍ തൈകള്‍ എന്നിവയും ശേഖരത്തിലുണ്ട്.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.