Latest News

മാലി ഭീകരാക്രമണം: 28 പേര്‍ കൊല്ലപ്പെട്ടു; ബന്ദികളെ മോചിപ്പിച്ചു

ബമാകോ:[www.malabarflash.com]ആഫ്രിക്കന്‍ രാജ്യമായ മാലിയുടെ തലസ്ഥാനമായ ബാമാക്കോയിലെ റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ ഭീകരാക്രമണം. മണിക്കൂറുകള്‍ നീണ്ടുനിന്ന പോരാട്ടത്തിനൊടുവില്‍ ഭീകരര്‍ ബന്ദികളാക്കിയവരെയെല്ലാം സൈനികര്‍ രക്ഷപ്പെടുത്തി. മാലി–ഫ്രഞ്ച്–യുഎസ് സൈനികരുടെ സംയുക്ത നീക്കത്തിലൂടെയാണ് ബന്ദികളാക്കിയവരെ രക്ഷപ്പെടുത്തിയത്.

ആക്രമണത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടതായാണ് അനൗദ്യോഗിക വിവരം. എന്നാല്‍ ഇത് പ്രാഥമിക വിവരം മാത്രമാണെന്നും ഇനിയാരെങ്കിലും മരിച്ചിട്ടുണ്ടോയെന്നറിയാന്‍ ഹോട്ടലില്‍ പരിശോധന തുടരുകയാണെന്നും യുഎന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. വെടിവയ്പില്‍ രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടതായി മാലിയിലെ സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഭീകരര്‍ ബന്ദികളാക്കിയ 20 ഇന്ത്യക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി. മാലിയിലെ ഇന്ത്യന്‍ അംബാസിഡര്‍ ഇക്കാര്യം സ്ഥിരീകരിച്ചതായി വിദേശകാര്യ വക്താവ് വികാസ് സ്വരൂപാണ് ട്വീറ്റ് ചെയ്തത്. ഇന്ത്യയില്‍ നിന്നുള്ള 20 പേരാണ് ഹോട്ടലിനകത്ത് ഉണ്ടായിരുന്നത്.

പ്രാദേശിക സമയം രാവിലെ ഏഴിന് ഹോട്ടലിലെത്തിയ തോക്കുധാരികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. അക്രമികളുടെ കൈയില്‍ എ.കെ.47 തോക്കുകളുണ്ടായിരുന്നു. തോക്കുകളുമേന്തി അതിക്രമിച്ചു കയറിയ ഭീകരര്‍ ഹോട്ടലിലുള്ള 170 പേരെയാണ് ബന്ദികളാക്കിയത്. ഇതില്‍ 30 പേര്‍ ഹോട്ടല്‍ ജീവനക്കാരാണ്. നയതന്ത്രപ്രതിനിധികള്‍ യാത്ര ചെയ്യുന്ന വാഹനത്തിലാണ് അക്രമികള്‍ എത്തിയത്. ഹോട്ടലില്‍ പ്രവേശിച്ചയുടനെ വെടിവയ്പ്പ് ആരംഭിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ അറിയിച്ചു. യന്ത്രതോക്കുപയോഗിച്ചായിരുന്നു ആക്രമണം. അക്രമികള്‍ അറബിയില്‍ സംസാരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. യുഎസ് ഉടമസ്ഥതയിലുള്ള ഹോട്ടലില്‍ താമസിക്കുന്നത് മാലിയില്‍ തൊഴില്‍ ചെയ്യുന്ന വിദേശികളാണ്.

അല്‍ഖായിദ അനുകൂല സംഘടനയായ ആഫ്രിക്കന്‍ ജിഹാദിസ്റ്റ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. മാലിയിലെ ഭീകരസംഘടനയായ അല്‍ മൗറാബിത്തോണും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തെത്തി. ട്വിറ്ററിലൂടെയാണ് ആക്രമണത്തിനു പിന്നില്‍ തങ്ങളാണെന്ന് വ്യക്തമാക്കിയത്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.




Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.