Latest News

പ്രവാസി മലയാളികള്‍ക്കായി എന്‍ആര്‍ഐ കമ്മീഷന്‍

തിരുവനന്തപുരം:[www.malabarflash.com] പ്രവാസി മലയാളികളുടെ അവകാശങ്ങളും താത് പര്യങ്ങളും സംരക്ഷിക്കുന്നതിനായി അര്‍ധ ജൂഡീഷല്‍ അധികാരത്തോടു കൂടിയ എന്‍ആര്‍ഐ കമ്മീഷന്‍ രൂപീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.

സംസ്ഥാനത്തെ പ്രവാസികളുടെ അവകാശങ്ങളും താത്പര്യങ്ങളും വസ്തുവകകളും സംരക്ഷിക്കുക, പ്രവാസികളുടെ നിക്ഷേപങ്ങള്‍ക്കു സംരക്ഷണം നല്‍കുക, പ്രവാസികളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുമായി ഇടപെടുക, വ്യാജ റിക്രൂട്ട്‌മെന്റുകള്‍ തടയാന്‍ നടപടി സ്വീകരിക്കുക, പ്രവാസികള്‍ക്കെതിരേയുള്ള അന്യായ നടപടികള്‍ക്കെതിരേ ബന്ധപ്പെട്ട വകുപ്പുകളുമായും മറ്റും ബന്ധപ്പെടുക തുടങ്ങിയവയാണ് ചുമതലകള്‍.

വ്യത്യസ്ത ചട്ടങ്ങളുടെയും നിയമങ്ങളുടെയും അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും ഏജന്‍സികളുടെയും സേവനങ്ങള്‍ തുല്യപരിഗണനയോടെ പ്രവാസികള്‍ക്കും ഉറപ്പാക്കുക, വിദേശത്തു ജോലി ചെയ്യുന്ന പ്രവാസികളുടെ ജീവിതവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ തുല്യപരിഗണന ലഭ്യമാക്കുക തുടങ്ങിയയാണു ലക്ഷ്യങ്ങള്‍.

ജനുവരിയില്‍ നടന്ന ഗ്ലോബല്‍ എന്‍ആര്‍കെ മീറ്റില്‍ പ്രവാസി മലയാളികള്‍ വളരെ ആവേശത്തോടെയാണ് എന്‍ആര്‍ഐ കമ്മീഷന്‍ രൂപീകരണ പ്രഖ്യാപനം സ്വീകരിച്ചത്. ഗവര്‍ണറുടെ നയപ്രഖ്യാപനത്തില്‍ ഇതു സംബന്ധിച്ച പ്രഖ്യാപനവും ഉണ്ടായി.

ഹൈക്കോടതിയില്‍ നിന്നു വിരമിച്ച ജഡ്ജിയായിരിക്കും കമ്മീഷന്റെ ചെയര്‍മാന്‍. ഒരു റിട്ടയേര്‍ഡ് ഐഎഎസ് ഓഫീസറും രണ്ട് എന്‍ആര്‍ഐക്കാരും അംഗങ്ങളായിരിക്കും. ജോയിന്റ് സെക്രട്ടറിയുടെ റാങ്കിലുള്ളയാള്‍ സെക്രട്ടറിയാകും. തിരുവനന്തപുരത്തായിരിക്കും ആസ്ഥാനം. മൂന്നു മാസത്തിലൊരിക്കല്‍ സിറ്റിംഗ് ഉണ്ടാകും. കമ്മീഷനു ലഭിക്കുന്ന പരാതിയുടെ അടിസ്ഥാനത്തിലോ സ്വമേധയായോ സര്‍ക്കാരിന്റെ അഭ്യര്‍ഥന പ്രകാരമോ അന്വേഷണം നടത്താം. നടപടിക്കുള്ള ശിപാര്‍ശകളോടെ കമ്മീഷനു സര്‍ക്കാരിനു റിപ്പോര്‍ട്ട് സമര്‍പ്പിക്കാമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.