Latest News

മാണി പുറത്തേക്ക്‌

കൊച്ചി:[www.malabarflash.com] ബാര്‍ കോഴ കേസില്‍ ധനമന്ത്രി കെ.എം. മാണിക്ക് ഹൈക്കോടതിയില്‍നിന്ന് കനത്ത തിരിച്ചടി. മാണി മന്ത്രിസ്ഥാനത്ത് തുടരണോയെന്ന് അദ്ദേഹത്തിന്റെ മനഃസാക്ഷി തീരുമാനിക്കട്ടെയെന്ന് ജസ്റ്റിസ് ബി. കെമാല്‍ പാഷ അഭിപ്രായപ്പെട്ടു. സീസറുടെ ഭാര്യ സംശയത്തിന് അതീതയായിരിക്കണം. ബാര്‍ കേസില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ വിധിക്കെതിരെ വിജിലന്‍സ് വകുപ്പിന്റെ ഹര്‍ജി തീര്‍പ്പാക്കുന്നതിനിടെയിലാണ് മന്ത്രി മാണിക്കും സര്‍ക്കാരിനും ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശം നേരിടേണ്ടിവന്നത്.

വസ്തുതാവിവര റിപ്പോര്‍ട്ട് വിളിച്ചുവരുത്താന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് അധികാരമുണ്ടെന്ന വിജിലന്‍സ് വകുപ്പിന്റെ വാദം ഹൈക്കോടതി അംഗീകരിച്ചു. എന്നാല്‍, വിജിലന്‍സ് വകുപ്പ് ഉന്നയിച്ച മറ്റ് പ്രധാന വാദങ്ങളെല്ലാം തള്ളി. അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു തൊട്ടുമുമ്പുവരെ മാത്രമെ അന്വേഷണത്തില്‍ ഇടപെടാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് അധികാരമുള്ളൂവെന്ന് കോടതി വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥന്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം വിജിലന്‍സ് ഡയറക്ടര്‍ നടത്തിയ ഇടപെടല്‍ ചട്ടവിരുദ്ധമാണ്. ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് ഡയറക്ടര്‍ യാന്ത്രികമായി പെരുമാറിയെന്ന നിരീക്ഷണവും ഹൈക്കോടതി നടത്തി. വന്‍തുക മുടക്കി നിയമോപദേശം തേടിയതിനും വിജിലന്‍സിന് ഹൈക്കോടതിയില്‍നിന്ന് വിമര്‍ശം നേരിടേണ്ടിവന്നു.

ബാര്‍ കോഴ കേസില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ 2015 ഒക്ടോബര്‍ 29ലെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് വിജിലന്‍സ് ഹൈക്കോടതിയെ സമീപിച്ചത്. ഉത്തരവും അതിലെ തുടര്‍നടപടിയും സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യവും ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നു. ഹര്‍ജിയില്‍ വാദം പൂര്‍ത്തിയാകുന്നതുവരെ ഇടക്കാല സ്റ്റേ അനുവദിക്കണമെന്ന് വിജിലന്‍സിനു വേണ്ടി അഡ്വക്കേറ്റ് ജനറല്‍ കെ.പി. ദണ്ഡപാണി ആവശ്യപ്പെട്ടെങ്കിലും അത് പരിഗണിക്കപ്പെട്ടിരുന്നില്ല.

ബാര്‍ കോഴ കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട വിധി വിജിലന്‍സിനെ എങ്ങനെ ബാധിക്കുമെന്ന് വിചാരണയ്ക്കിടെ ഹൈക്കോടതി ആരാഞ്ഞിരുന്നു. ഹൈക്കോടതി. വിധിയില്‍ വിജിലന്‍സിന് എന്താണ് ഇത്ര പേടിയെന്നും ജസ്റ്റിസ് ബി. കെമാല്‍ പാഷ ആരാഞ്ഞു. ഹൈക്കോടതിയില്‍നിന്ന് രൂക്ഷ വിമര്‍ശം നേരിടേണ്ടിവന്ന സാഹചര്യത്തില്‍ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് വിജിലന്‍സിനുവേണ്ടി ഇന്ന് ഹൈക്കോടതിയില്‍ ഹാജരായത്.

നെയ്യാറ്റിന്‍കര പി. നാഗരാജ്, ബി.ജെ.പി. നേതാവ് വി. മുരളീധരന്‍, വൈക്കം വിശ്വന്‍, സാറാ ജോസഫ്, ഇടുക്കി അറക്കുളം സ്വദേശി സണ്ണി മാത്യു, വി.എസ്. സുനില്‍ കുമാര്‍ എം.എല്‍.എ., തിരുവനന്തപുരം സ്വദേശി അഡ്വ. ആര്‍. വിജു, വി.എസ്. അച്യുതാനന്ദന്‍, ബിജു രമേശ്, നോബിള്‍ മാത്യു, ഓള്‍ കേരള ആന്റി കറപ്ഷന്‍ ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍, മന്ത്രി കെ.എം. മാണി എന്നിവരാണ് ഹര്‍ജിയിലെ എതിര്‍ കക്ഷികള്‍.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.