Latest News

മലപ്പുറത്തു ലീഗ് എംഎല്‍എമാര്‍ കളക്ടറെ ഉപരോധിച്ചു

മലപ്പുറം:[www.malabarflash.com] മലപ്പുറം ജില്ലയില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ വ്യാപകമായി തകരാറിലായി പോളിംഗ് മുടങ്ങിയതില്‍ പ്രതിഷേധിച്ചു മുസ്‌ലിംലീഗ് എംഎല്‍എമാരും സിപിഎം നേതാക്കളും ചേര്‍ന്നു മലപ്പുറം ജില്ലാ കളക്ടര്‍ സി. ഭാസ്‌കരനെ ഉപരോധിച്ചു.

മുസ്‌ലിംലീഗ് എംഎല്‍എമാരായ കെ.എന്‍.എ.ഖാദര്‍, പി.കെ.ബഷീര്‍, അബ്ദുറഹ്മാന്‍ രണ്ടത്താണി, അഡ്വ.എം.ഉമ്മര്‍, പി.ഉബൈദുള്ള, കെ.മുഹമ്മദുണ്ണി ഹാജി, സിപിഎം നേതാക്കളായ എ.വിജയരാഘവന്‍, പി.പി. വാസുദേവന്‍ എന്നിവരാണ് ജില്ലാ കളക്ടറെ ചേംബറില്‍ കയറി ഉപരോധിച്ചത്. വ്യാഴാഴ്ച വൈകുന്നേരം നാലോടെയായിരുന്നു സംഭവം.

വ്യാഴാഴ്ച രാവിലെ പോളിംഗ് ആരംഭിച്ച് ഏതാനും സമയം കഴിഞ്ഞപ്പോള്‍ തന്നെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ പണിമുടക്കുന്നതായി എംഎല്‍എമാര്‍ക്കു പാര്‍ട്ടി പ്രവര്‍ത്തകരില്‍നിന്നു വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് അവര്‍ ജില്ലാ കളക്ടറുമായി ഫോണില്‍ ബന്ധപ്പെട്ടുകൊണ്ടിരുന്നു. എന്നാല്‍, പ്രശ്‌നം പരിഹരിക്കാനുള്ള നടപടി തൃപ്തികരമല്ലാത്ത രീതിയിലാണു മുന്നോട്ടു പോയത്. പലേടത്തും യന്ത്രങ്ങളുടെ കേടുപാടു തീര്‍ക്കുന്നതിനോ യന്ത്രങ്ങള്‍ മാറ്റി സ്ഥാപിക്കുന്നതിനോ നടപടികളുണ്ടായില്ല. 

സാങ്കതിക വിദഗ്ധരുടെ കുറവും പ്രശ്‌നപരിഹാരം വൈകിച്ചു. ഇതോടെയാണു പ്രകോപിതരായ മുസ്‌ലിംലീഗ് എംഎല്‍എമാര്‍ മലപ്പുറം കളക്ടറേറ്റിലെത്തിയത്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയില്‍ അടിയന്തര യോഗം ചേര്‍ന്നു ചര്‍ച്ച ചെയ്തശേഷമാണ് എംഎല്‍എമാര്‍ കളക്ടറേറ്റിലെത്തിയത്.

സിപിഎം നേതാക്കളും ഇതിനകം കളക്ടറേറ്റില്‍ എത്തിയിരുന്നു. തുടര്‍ന്നാണ് ഇരുപാര്‍ട്ടിക്കാരും ചേര്‍ന്നു കളക്ടറുടെ ചേംബറിലേക്കു കയറിയത്. പ്രശ്‌നം ഉടനെ പരിഹരിക്കണമെന്നു ലീഗ് എംഎല്‍എമാര്‍ കളക്ടറോടു ക്ഷുഭിതരായി ആവശ്യപ്പെട്ടു. എന്നാല്‍, പ്രശ്‌നങ്ങളുള്ള ബൂത്തുകളില്‍നിന്ന് ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ നടപടിയെടുക്കാന്‍ പറ്റൂ എന്ന നിലപാടായിരുന്നു ജില്ലാ കളക്ടറുടേത്. അതോടെ എംഎല്‍എമാര്‍ അക്ഷമരായി. 

അഞ്ചിനു പോളിംഗ് അവസാനിപ്പിച്ചാല്‍ ഒട്ടേറെ പേര്‍ക്കു വോട്ടു ചെയ്യാനാകില്ലെന്നും ജനാധിപത്യ സംവിധാനത്തില്‍ ഇത് അനുവദിക്കാനാകില്ലെന്നും അവര്‍ പറഞ്ഞു. മൂന്നു മണിക്കൂറിലേറെ വോട്ടിംഗ് തടസപ്പെട്ട ബൂത്തുകളില്‍ റീപോളിംഗ് വേണമെന്നും മറ്റു ബൂത്തുകളില്‍ രാത്രി ഏഴു വരെ വോട്ടിംഗ് അനുവദിക്കണമെന്നും എംഎല്‍എമാര്‍ ആവശ്യപ്പെട്ടു. കളക്ടറുടെ സാന്നിധ്യത്തില്‍തന്നെ സംസ്ഥാന ഇലക്ഷന്‍ കമ്മീഷണറെ ഫോണില്‍ ബന്ധപ്പെട്ട് ആവശ്യമായ നടപടികളെടുക്കാമെന്ന് ഉറപ്പു വാങ്ങിയ ശേഷമാണ് എംഎല്‍എമാരും സിപിഎം നേതാക്കളും ചേംബറില്‍നിന്നു പുറത്തിറങ്ങിയത്.

വോട്ടിംഗ് യന്ത്രങ്ങള്‍ വ്യാപകമായി കേടാകുന്നത് അസാധാരണമായ കാര്യമാണെന്നും എന്നാല്‍, ഇതിന്റെ പേരില്‍ ജനങ്ങള്‍ക്കു വോട്ടുചെയ്യാനുള്ള അവകാശം നഷ്ടപ്പെടാന്‍ അനുവദിക്കില്ലെന്നും ലീഗ് എംഎല്‍എമാര്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. സാങ്കേതിക പ്രശ്‌നങ്ങള്‍ എന്താണെന്നു ബന്ധപ്പെട്ടവര്‍ അന്വേഷിച്ചു കണ്ടുപിടിക്കണം. വോട്ട് ചെയ്യാന്‍ ജനങ്ങള്‍ക്കു ബദല്‍ സംവിധാനം വേണം. ജനങ്ങളുടെ കുറ്റമല്ല ഇത്. രാവിലെ മുതല്‍ അവര്‍ പോളിംഗ് ബൂത്തുകളിലെത്തിയിരുന്നു. ആളുകള്‍ വോട്ടു ചെയ്യാതെ മടങ്ങിയതു ഭരണകൂടത്തിന്റെ ഗുരുതരമായ വീഴ്ചയാണെന്നും ബന്ധപ്പെട്ടവര്‍ക്ക് ഇതില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ ആകില്ലെന്നും ഇതേക്കുറിച്ചു സമഗ്രമായ അന്വേഷണം വേണമെന്നും എംഎല്‍എമാര്‍ ഒന്നടങ്കം പറഞ്ഞു.




Keywords:kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.