Latest News

സഹോദരിമാരടക്കം നാലുപേര്‍ വെള്ളക്കെട്ടില്‍ മുങ്ങിമരിച്ചു

ചിറ്റൂര്‍:[www.malabarflash.com] മണ്ണെടുത്ത കുഴിയിലെ വെള്ളക്കെട്ടില്‍ വീണു സഹോദരിമാരടക്കം നാലുപേര്‍ മുങ്ങിമരിച്ചു. മേനോന്‍പാറ ശ്രീകൃഷ്ണക്ഷേത്രത്തിനു സമീപത്തു താമസിക്കുന്ന നാഗരാജന്റെ മക്കളായ പവിത്ര(16), സുമിത്ര (13), ദണ്ഡപാണിയുടെ മകള്‍ ധരണ്യ(19), ദണ്ഡപാണിയുടെ സഹോദരന്‍ നടരാജന്റെ മകന്‍ കാര്‍ത്തിക്(26) എന്നിവരാണ് മരിച്ചത്.

വടകരപ്പതിയിലെ സ്വകാര്യവ്യക്തിയുടെ സ്ഥലത്തെ മണ്ണെടുത്ത കുഴിയിലാണ് അപകടമുണ്ടായത്. വ്യാഴാഴ്ച രാവിലെ പതിനൊന്നോടെയായിരുന്നു ദുരന്തം. ജെസിബി ഉപയോഗിച്ചു മണ്ണെടുത്ത ആഴംകൂടിയ കുഴിയില്‍ നിറയെ വെള്ളമുണ്ടായിരുന്നു. കഴിഞ്ഞ ഒരു മാസത്തോളമായി പരിസരവാസികള്‍ കുളിക്കുന്നതിനും വസ്ത്രങ്ങള്‍ അലക്കുന്നതിനും ഈ കുളം ഉപയോഗപ്പെടുത്തിയിരുന്നു.

ധരണ്യയും കാര്‍ത്തിക്കും സഹോദരങ്ങളുടെ മക്കളാണ്. കാര്‍ത്തിക് നീന്തല്‍ പഠിക്കാന്‍ താത്പര്യം കാണിച്ചിരുന്നതിനാല്‍ കഴിഞ്ഞ ഒരാഴ്ചയായി ധരണ്യയുടെ സഹോദരന്‍ രമേശ് നീന്തല്‍ പഠിപ്പിച്ചിരുന്നു. എന്നാല്‍, വ്യാഴാഴ്ച അപകടസമയത്തു രമേശ് സ്ഥലത്തുണ്ടായിരുന്നില്ല.

പവിത്ര, സുമിത്ര എന്നിവര്‍ക്കൊപ്പം വസ്ത്രം കഴുകുകയായിരുന്നു ധരണ്യ. ഈസമയത്തു കുളിച്ചുകൊണ്ടിരുന്ന കാര്‍ത്തിക് മുങ്ങിത്താഴുമ്പോള്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മറ്റുള്ളവരും മുങ്ങിമരിച്ചതാകാമെന്നു പോലീസ് പറഞ്ഞു. പിന്നീടു രണ്ടരയോടെ പവിത്രയുടെ അമ്മയെത്തി നോക്കുമ്പോള്‍ വസ്ത്രങ്ങള്‍ കാണുകയും ആളുകളെ വിളിച്ചുകൂട്ടുകയുമായിരുന്നു.

നാലുപേരുടെയും മാതാപിതാക്കള്‍ വോട്ടു ചെയ്യാനായി പോയപ്പോഴാണ് ഇവര്‍ കുളത്തിലേക്കു പോയത്. ഉച്ചയ്ക്കു രണ്ടോടെ ഇവര്‍ തിരിച്ചുവന്നപ്പോള്‍ മക്കളെ കാണാത്തതിനെത്തുടര്‍ന്ന് അന്വേഷിച്ചിറങ്ങുകയായിരുന്നു. കുളത്തിനു സമീപത്തു വസ്ത്രങ്ങള്‍ കണ്ടതിനെത്തുടര്‍ന്നു തെരച്ചില്‍ നടത്തി. ആദ്യം കാര്‍ത്തിക്കിന്റെ മൃതദേഹം കിട്ടി. കഞ്ചിക്കോടുനിന്നെത്തിയ ഫയര്‍ഫോഴ്‌സ് ജീവനക്കാരാണു മൂന്നു പെണ്‍കുട്ടികളുടെയും മൃതദേഹങ്ങള്‍ മുങ്ങിയെടുത്തത്.

ധരണ്യ ഉടുമല്‍പേട്ട ആര്‍ട്‌സ് കോളജില്‍ ബികോം പൂര്‍ത്തിയാക്കിയ ശേഷം ഉപരിപഠനത്തിനു പ്രവേശനം കാത്തിരിക്കുകയായിരുന്നു. കോഴിപ്പാറ ഗവ. ഹൈസ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയാണ് പവിത്ര. സഹോദരി സുമിത്ര ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു. വാസന്തിയാണ് ഇവരുടെ മാതാവ്.

കോഴിപ്പാറയില്‍ ഫര്‍ണീച്ചര്‍ കടയിലെ ജോലിക്കാരനായിരുന്നു കാര്‍ത്തിക്. അമ്മ: പാര്‍വതി. ധരണ്യയുടെ മാതാവ്: രാധിക. സഹോദരന്‍: രമേശന്‍.




Keywords:kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.