Latest News

ഗോള്‍വര്‍ഷത്തോടെ ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും വിജയവഴിയില്‍

ഗുവാഹത്തി:[www.malabarflash.com] മഞ്ഞ്മൂടിയ ഗുവാഹത്തിയിലെ പുല്‍ത്തകിടിയില്‍ മിന്നല്‍പ്പിണരായി ഗോള്‍വര്‍ഷത്തോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ ഉജ്വല തിരിച്ചുവരവ്. നോര്‍ത്ത് ഈസ്റ്റിനെ ഒന്നിനെതിരെ നാലു ഗോളിനായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ ജയം. ഡാഗ്‌നലിന്റെ വകയായിരുന്നു രണ്ട് ഗോള്‍. കാവിന്‍ ലോബോയും ജര്‍മനും പട്ടിക തികച്ചു. ഇഞ്ച്വറി ടൈമില്‍ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തിന്റെ അലസത മുതെലെടുത്ത വലെസാണ് നോര്‍ത്ത് ഈസ്റ്റിനുവേണ്ടി ഒരു ഗോള്‍ മടക്കിയത്.

കിക്കോഫ് വിസില്‍ മുഴങ്ങി 29 സെക്കന്‍ഡിനുള്ളില്‍ വല കുലുക്കിയ ക്രിസ് ഡാഗ്‌നലാണ് ബ്ലാസ്‌റ്റേഴ്‌സിന് ജീവന്‍ പകര്‍ന്ന ആദ്യ ഗോള്‍ നേടിയത്. ഈ സീസണിലെ ഏറ്റവും വേഗമേറിയ ഗോളായിരുന്നു ഇത്. 48 സെക്കന്‍ഡില്‍ ഗോള്‍ നേടിയ ബ്ലാസ്‌റ്റേഴ്‌സിന്റെ തന്നെ മുഹമ്മദ് റാഫിയുടെ ഈ സീസണിലെ റെക്കോഡാണ് ഡാഗ്‌നല്‍ മറികടന്നത്.

മധ്യനിരയില്‍ നോര്‍ത്ത് ഈസ്റ്റുകാര്‍ വച്ചു താമസിപ്പിച്ച പന്ത് ഡാഗ്‌നല്‍ തന്നെയാണ് ഇടതു പാര്‍ശ്വത്തില്‍ അന്റോണിയോ ജര്‍മന് നല്‍കിയത്. ജര്‍മന്റെ ബോക്‌സിലേയ്ക്ക് തിരിച്ചുള്ള ചെത്തിയിടലിന് കണക്കായി ഓടിയിറങ്ങിയ ഡാഗ്‌നല്‍ ഡിഫണ്ടറെ തോല്‍പിച്ച് പന്ത് വലയിലെത്തിച്ചു.

ഈ ഞെട്ടലില്‍ നിന്ന് നോര്‍ത്ത് ഈസ്റ്റ് മുക്തരായി തിരിച്ചുവരും മുന്‍പ് തന്നെ ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും വല ചലിപ്പിച്ചു. ഇക്കുറിയും പ്രതിരോധപ്പിഴവാണ് അവര്‍ക്ക് വിനയായത്. ഓഫ് സൈഡ് കെണിയില്‍ നിന്ന് സമര്‍ഥമായി ഒഴിഞ്ഞുമാറിയ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ കാവന്‍ ലോബോ അതി സമര്‍ഥമായാണ് മലയാളി ഗോളി രഹനേഷിനെ മറികടന്ന് പന്ത് വലയിലെത്തിച്ചത്.

നോര്‍ത്ത് ഈസ്റ്റ് ആകെ പതറിപ്പോയ ഈ നിമിഷങ്ങളില്‍ കളി പൂര്‍ണമായും ബ്ലാസ്‌റ്റേഴ്‌സിന്റെ വരുതിലായി. മുന്നേറ്റക്കാര്‍ക്ക് നിരവധി അവസരങ്ങള്‍ ലഭിക്കുകയും ചെയ്തു. മഞ്ഞിന്റെ നനവും അനാവശ്യധൃതിയുമാണ് അവരുടെ ആക്രമണത്തിന്റെ മുനയൊടിച്ചത്. ഒന്നാം പകുതിയില്‍ തന്നെ ക്യാപ്റ്റന്‍ രമാജ് ഗോളിനടുത്തെത്തിയെങ്കിലും ഗോളിന് തൊട്ടടുത്ത് നിന്നുള്ള ഷോട്ട് അയ്ബര്‍ കോങ്‌ജെ ധീരമായാണ് ചെറുത്തത്.

ബ്ലാസ്‌റ്റേഴ്‌സ് അല്‍പം പ്രതിരോധത്തിലേയ്ക്ക് വലിയുകയും നോര്‍ത്ത് ഈസ്റ്റ് നിരന്തരം ആക്രമിക്കുകയും ചെയ്യുന്നതായിരുന്നു രണ്ടാം പകുതിയിലെ കാഴ്ച. എന്നാല്‍, ബ്ലാസ്‌റ്റേഴ്‌സിന്റെ വൈകി വന്ന വിവേകത്തിന് മുന്നില്‍ അവര്‍ സ്വന്തം നാട്ടില്‍ തകര്‍ന്നടിയുന്നതാണ് പിന്നീട് കണ്ടത്. ഒരു മിനിറ്റില്‍ രണ്ട് ഗോള്‍.

5-ാം മിനിറ്റില്‍ വലതു പാര്‍ശ്വത്തില്‍ നിന്ന് ജര്‍മന് തൊടുത്ത മഴവില്‍ ഷോട്ട് ഗോളിയെ മറികടന്ന് മനോഹരമായാണ് നോര്‍ത്ത് ഈസ്റ്റിന്റെ വലയില്‍ കയറിയത്. അടുത്ത മിനിറ്റില്‍ നല്ലൊരു ഡ്രിബിളിങ്ങിലൂടെ നോര്‍ത്ത് ഈസ്റ്റ് പ്രതിരോധത്തെ കീറിമുറിച്ച് തന്ത്രപരമായ ഷോട്ടിലൂടെ ഡാഗ്‌നല്‍ വീണ്ടും ഞെട്ടിച്ചു.

പത്ത് കളികളില്‍ നിന്നുള്ള ബ്ലസ്‌റ്റേഴ്‌സിന്റെ മൂന്നാം ജയമാണിത്. ഇതോടെ പതിനൊന്ന് പോയിന്റായ നിലവിലെ റണ്ണറപ്പായ ബ്ലാസ്‌റ്റേഴ്‌സ് ഏഴാം സ്ഥാനത്തേയ്ക്ക് കയറി. പതിമൂന്ന് പോയിന്റുള്ള നോര്‍ത്ത് ഈസ്റ്റ് അഞ്ചാം സ്ഥാനത്താണ്. മൊത്തം പതിനാറ് ഗോള്‍ നേടിയ ബ്ലാസ്‌റ്റേഴ്‌സാണ് ഇപ്പോള്‍ ഗോള്‍വേട്ടയില്‍ മുന്നില്‍. പതിനാല് ഗോളാണ് അവര്‍ വഴങ്ങിയത്.(കടപ്പാട്: മാതൃഭൂമി)






Keywords: Sports News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.