Latest News

പാരിസില്‍ ഭീകരാക്രമണം, സ്‌ഫോടനങ്ങളിലും വെടിവെപ്പിലും 150 മരണം

പാരിസ്:[www.malabarflash.com] ഫ്രഞ്ച് തലസ്ഥാനമായ പാരിസില്‍ ആക്രമണങ്ങളിലും ബോംബ് സ്‌ഫോടനങ്ങളിലുമായി 150 പേര്‍ കൊല്ലപ്പെട്ടു. ഇരുന്നൂറിലധികം പേര്‍ക്കു പരിക്കേറ്റു. ഇവരില്‍ 80 പേരുടെ നില ഗുരുതരമാണ്. സ്ഥിതിഗതികള്‍ നേരിടാന്‍ ഫ്രാന്‍സില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. അതിര്‍ത്തികളും അടച്ചു.

മധ്യ പാരീസിലെ ബാറ്റക്ലാന്‍ തിയേറ്ററില്‍ റോക്ക് സംഗീതനിശ ആസ്വദിക്കാനെത്തിയവരെ തോക്കുധാരികള്‍ ബന്ദികളാക്കിയ ശേഷം നിര്‍ദയം വെടിവെക്കുകയായിരുന്നു. ഇവിടെ നൂറിലധികം പേര്‍ കൊല്ലപ്പെട്ടു. ഹാളിനു പുറത്ത് അഞ്ച് സ്‌ഫോടനങ്ങള്‍ നടന്നു.

ബാറുകളും റസ്‌റ്റൊറന്റുകളും കേന്ദ്രീകരിച്ചായിരുന്നു വെടിവെപ്പുകളെങ്കിലും സംഗീതശാലയിലായിരുന്നു കൂട്ടക്കുരുതി. നഗരത്തിലെ തിരക്കേറിയ ലെ പെറ്റീ കംബോജെ റെസ്റ്റോറന്റില്‍ ഭീകരന്‍ നടത്തിയ വെടിവെയ്പില്‍ 11 പേര്‍ മരിച്ചു. ലെ കാരിഓണ്‍, ലെ ബെല്ലെ എക്വീപി എന്നീ ബാറുകളിലും വെടിവെപ്പ് നടന്നു. എകെ 47 അടക്കമുള്ള ആധുനിക ആയുധങ്ങളുമായിട്ടാണ് സംഘം ആക്രമണം നടത്തിയത്.

വടക്കന്‍ പാരീസിലെ ഫുട്‌ബോള്‍ സ്റ്റേഡിയത്തിന് സമീപമുള്ള ഒരു ബാറിന് പുറത്ത് മൂന്നു ബോംബ് സ്‌ഫോടനങ്ങള്‍ നടന്നു. ഫ്രാന്‍സും ജര്‍മ്മനിയും തമ്മിലുള്ള സൗഹൃദ ഫുട്‌ബോള്‍ മത്സരം ഈ സ്‌റ്റേഡിയത്തില്‍ നടക്കുന്നതിനിടെയാണ് പുറത്ത് സ്‌ഫോടനം നടന്നത്. മത്സരം കാണാനെത്തിയ പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാന്തെയെ സ്‌ഫോടനത്തിന് പിന്നാലെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. പാരിസിലെ 10,11 ഡിസ്ട്രിക്കുകളിലാണ് ആക്രമണങ്ങള്‍ നടന്നത്. വിവിധ സ്ഥലങ്ങളിലായി അക്രമികളില്‍ എട്ടു പേര്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

പെറ്റീ കംബോജെ റെസ്‌റ്റോറന്റിന് പുറത്ത് മരിക്കുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്ത സാഹചര്യത്തില്‍ 10 പേര്‍ വഴിയില്‍ കിടക്കുന്നത് കണ്ടതായി ബി.ബി.സി ലേഖകന്‍ റിപ്പോര്‍ട്ട് ചെയ്തു. 100 റൗണ്ടിലേറെ ഇവിടെ വെടിയുതിര്‍ത്തതായാണ് റിപ്പോര്‍ട്ട്. നിറയൊഴിച്ച ശേഷം അക്രമി രക്ഷപെട്ടു.

ചാര്‍ളി ഹെബ്‌ദോ മാസികയുടെ ഓഫിസില്‍ ആക്രമണത്തിന് ശേഷം രാജ്യത്തുണ്ടാകുന്ന തീവ്രവാദി ആക്രമണമാണിത്. ചാര്‍ളി ഹെബ്‌ദോ മാസികയുടെ ഓഫീസിന് 200 മീറ്റര്‍ മാത്രം അകലെയുള്ള തിയേറ്ററിലാണ് വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം നൂറിലധികം പേരെ കൊന്നത്.

ആക്രമണം നടന്ന സ്ഥലങ്ങള്‍ സുരക്ഷാ സൈന്യത്തിന്റെ അധീനതയിലാണ്. ഹെലിക്കോപ്റ്ററുകള്‍ നിരന്തരം ആകാശനിരീക്ഷണം നടത്തി. അടുത്തകാലത്ത് ഫ്രാന്‍സിലുണ്ടാകുന്ന ഏറ്റവും വലിയ ആക്രമണമാണിത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും സംശയമുന നീളുന്നത് ഐ.എസിനു നേരെയാണ്. ആക്രമണത്തില്‍ സന്തോഷം പ്രകടിപ്പിച്ച് ഇറാഖില്‍നിന്നും സിറിയയില്‍നിന്നുമുള്ള ഐ.എസ്. അനുകൂലികള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

ഭീകരരെ മുഴുവന്‍ വക വരുത്തിയതായി പോലീസ് പറയുന്നുണ്ടെങ്കിലും നഗരത്തിലെ റോഡുകള്‍ ഒഴിഞ്ഞുതന്നെ കിടന്നു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രസിഡന്റ് ഒലാന്തെയുടെ അധ്യക്ഷതയില്‍ അടിയന്തര മന്ത്രിസഭായോഗം ചേര്‍ന്നു. രാജ്യത്തിന്റെ അതിര്‍ത്തികള്‍ അടച്ചു. പാരിസിലെങ്ങും സൈന്യത്തെ വിന്യസിച്ചു. ജനങ്ങളോട് വീടുകളില്‍ തന്നെ കഴിയണമെന്നും പുറത്തിറങ്ങരുതെന്നും പാരിസ് മുനിസിപ്പാലിറ്റി നിര്‍ദേശം നല്‍കി.

നഗരത്തില്‍ 1500 സൈനികരെ വിന്യസിച്ചിട്ടുണ്ട്. ഭീകരരില്‍ ആരെങ്കിലും രക്ഷപ്പെട്ടിട്ടുണ്ടെങ്കില്‍ അവരെ പിടികൂടാനായി അതിര്‍ത്തികള്‍ അടച്ചു. ഇതിനു മുമ്പ് ഈ വര്‍ഷം ജനുവരി ആദ്യം പാരിസില്‍ ഭീകരാക്രമണത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടിരുന്നു. ചാര്‍ളി ഹെബ്‌ദോയുടെ ഓഫിസിലും സൂപ്പര്‍ മാര്‍ക്കറ്റിലും നടന്ന വെടിവെപ്പിനു ശേഷം മൂന്നു ദിവസം കഴിഞ്ഞാണ് അക്രമികളെ കീഴടക്കാനായത്.




Keywords: world News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.