Latest News

ചാനലുകളിലെ ജ്യോതിഷ പരിപാടികള്‍ നിരോധിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

ബംഗളൂരു:[www.malabarflash.com] ടെലിവിഷനിലെ ജ്യോതിഷ പരിപാടികള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ സമയമായെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ദരാമയ്യ. ജനങ്ങളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍ ഭാവിപ്രവചനം സംസ്ഥാനത്തെ ചാനലുകളില്‍ പൊടിപൊടിക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍.

ഏതാനും ദിവസം മുമ്പ് ഈ വിഷയത്തില്‍ അദ്ദേഹം നടത്തിയ പരാമര്‍ശം ആണ് ഇപ്പോള്‍ കര്‍ണാടകയിലെ ചൂടേറിയ വിഷയം. എല്ലാ ടെലിവിഷന്‍ ചാനലുകളും ഇത്തരത്തിലുള്ള പരിപാടികള്‍ സംപ്രേഷണം ചെയ്യുന്നത് നിര്‍ത്തിവെക്കണമെന്ന് ഒരു പ്രസംഗത്തിനിടെയാണ് അദ്ദേഹം പറഞ്ഞത്. ഇത്തരം പരിപാടികള്‍ക്ക് തന്‍റെ വീട്ടില്‍ അടക്കം നിരവധി കാഴ്ചക്കാരാണ് ഉള്ളത്. ഇവയൊക്കെ നിരോധിക്കേണ്ട സമയം ആയിരിക്കുവെന്നായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകള്‍.

അവിശ്വാസി എന്നായിരുന്നു നേരത്തെ സിദ്ധരാമയ്യ സ്വയം വിശേഷിപ്പിച്ചിരുന്നത്. നാസ്തികന്‍ എന്നായിരുന്നു അദ്ദേഹത്തിന്‍റെ അനുയായികള്‍ പോലും പറഞ്ഞത്. എന്നാല്‍, മുഖ്യമന്ത്രി ആയതിനുശേഷം സിദ്ധരാമയ്യ, അമ്പലങ്ങള്‍ സന്ദര്‍ശിക്കുകയും ജ്യോതിഷികളോട് കൂടിയാലോചിക്കുകയും ചെയ്തിരുന്നു.

ഏതാനും വര്‍ഷം മുമ്പ് ഒരു അഭിമുഖത്തിനിടെ, തന്‍റെ ഭാര്യ ജ്യോതിഷത്തില്‍ വിശ്വസിക്കുന്നുവെന്നും അത്തരം കാര്യങ്ങള്‍ക്ക് താന്‍ എതിരല്ലെന്നും അദ്ദേഹം പറയുകയുണ്ടായി. ഇതോടെ അദ്ദേഹത്തിന്‍റെ ഭരണത്തില്‍ തങ്ങള്‍ ഒന്നിനെയും ഭയക്കേണ്ടെതില്ലെന്ന് ഭാവി പ്രവചിക്കുന്നവരും ആശ്വസിച്ചു. എന്നാല്‍, മുഖ്യമന്ത്രിയുടെ പുതിയ പ്രസ്താവന ഗണികരുടെ ഭാവിയില്‍ നിഴല്‍ വീഴ്ത്തിരിക്കുകയാണ്.


കന്നടയില്‍ നിലവില്‍ ഒരു ഡസനോളം വാര്‍ത്താ- വിനോദ ചാനലുകള്‍ ഉണ്ട്. ഈ ചാനലുകളില്‍ എല്ലാം തന്നെ ജ്യോതിഷം കാണിക്കുന്നുമുണ്ട്. ഇവയെല്ലാം ഏറെ ജനകീയമാണുതാനും. ചാനലിലൂടെ രംഗത്തു വന്ന പല ജ്യോതിഷികളും പിന്നീട് താരങ്ങളായി മാറുകയും ചെയ്തു.

ടെലിവിഷന്‍ ചാനലുകളുടെ പ്രധാന വരുമാന മാര്‍ഗങ്ങളിലൊന്നാണ് ഈ പരിപാടികള്‍. വാര്‍ത്താ ചാനലുകള്‍ക്കുപോലും ഈ പരിപാടിയില്ലാതെ നിലനില്‍ക്കാനാവില്ല എന്നതാണ് അവസ്ഥ. ചില ചാനലുകള്‍ മൂന്നും നാലും വരെ ഭാവി പ്രവചകരെ നിശ്ചിത സമയം ഇടവിട്ട് ഇറക്കുന്നു. ജ്യോതിഷികള്‍ തങ്ങളുടെ ‘കച്ചവടം’ മാര്‍ക്കറ്റ് ചെയ്യാന്‍ ചാനലുകളെ കൂട്ട് പിടിക്കുന്നതും കാണാം.

ഇതിന്‍റെ അടിമകള്‍ ആണ് നിരവധി രാഷ്ട്രീയ നേതാക്കള്‍. തെരഞ്ഞെടുപ്പ് സമയത്തും മറ്റ് പ്രതിസന്ധി ഘട്ടങ്ങളിലും ഗണികരുടെ അടുത്തേക്കാണ് ഇവര്‍ ഓടുക. അന്ധവിശ്വാസം വ്യാപകമായി പ്രചരിപ്പിക്കുന്നു എന്നതിനു പുറമെ, ആളുകളെ മാനസിക പ്രശ്നങ്ങളിലേക്കുകൂടി കൊണ്ടത്തെിക്കുന്ന വിധത്തില്‍ ജ്യോതിഷം ഇവിടെ മാറികഴിഞ്ഞു എന്നാണ് റിപോര്‍ട്ട്. മുഖ്യമന്ത്രിയുടെ പ്രസ്താവനയോടെ ജ്യോതിഷ അനുകൂലികള്‍ എന്നും പ്രതികൂലികള്‍ എന്നും രണ്ട് ചേരികള്‍ സംസ്ഥാനത്ത് രൂപപ്പെട്ടിട്ടുണ്ട്.

കോണ്‍ഗ്രസ് നേതൃത്വ സര്‍ക്കാര്‍ ഇതിനകം തന്നെ അന്ധവിശ്വാസത്തിനെതിരായ ബില്ല് നടപ്പാക്കാന്‍ ശ്രമിച്ചിരുന്നു. സഭയില്‍ അവതരിപ്പിക്കാന്‍ നടത്തിയ ശ്രമം ഹിന്ദു വിശ്വസത്തിനെതിരാണ് എന്ന് പറഞ്ഞ് പ്രതിപക്ഷം പരാജയപ്പെടുത്തുകയായിരുന്നു. മുസ്ളിംകളുടെയും കൃസ്ത്യാനികളുടെയും ഇടയില്‍ ഉള്ള അന്ധ വിശ്വാസങ്ങളെ കൂടി ഈ പരിധിയില്‍ കൊണ്ട് വരണമെന്നാണ് അവരുടെ ആവശ്യം.

അന്ധവിശ്വാസത്തിനെതിരെ പോരാടിയ പ്രമുഖ കന്നട എഴുത്തുകാരനും സര്‍വകലാശാല മുന്‍ വി.സിയുമായ എം.എം കല്‍ബുര്‍ഗിയുടെ കൊലപാതകത്തോടെയാണ് അന്ധവിശ്വാസ വിരുദ്ധ നിയമം കൊണ്ട് വരാന്‍ ആക്ടിവിസ്റ്റുകള്‍ സിദ്ധരാമയ്യ സര്‍ക്കാറിനുമേല്‍ സമ്മര്‍ദ്ദം പ്രയോഗിച്ചത്. ഈ ബില്ല് നിയമമാവുന്നതോടെ ജ്യോതിഷികള്‍ അടക്കമുള്ളവര്‍ തങ്ങളുടെ കച്ചവടം അവസാനിപ്പിച്ച് വീട്ടിലിരിക്കാന്‍ നിര്‍ബന്ധിതരാവുമെന്നാണ് റിപോര്‍ട്ട്. ഇക്കാര്യത്തില്‍ എന്തു സംഭവിക്കുമെന്ന് പോലും പറയാന്‍ കഴിയാത്ത അവസ്ഥയിലാണ് ഇവിടുത്തെ ജ്യോതിഷികള്‍.






Keywords: Karnadaka News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.