Latest News

ദക്ഷിണേന്ത്യയില്‍ പീരങ്കിയുണ്ടകളുടെ ഏറ്റവും വലിയ ശേഖരം കണ്ണൂര്‍ കോട്ടയില്‍

കണ്ണൂര്‍:[www.malabarflash.com] അഞ്ഞൂറ് വര്‍ഷം പഴക്കമുള്ള കണ്ണൂര്‍ സെന്റ് ആഞ്ജലോസ് കോട്ടയില്‍ നിന്ന് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കണ്ടെടുത്തത് ആയിരക്കണക്കിന് പീരങ്കിയുണ്ടകള്‍. ദക്ഷിണേന്ത്യയില്‍ മറ്റൊരിടത്തുനിന്നും കാണാന്‍ കഴിയാതിരുന്ന ഏറ്റവും വലിയ പീരങ്കിയുണ്ട ശേഖരം കണ്ടെത്തിയതിനെത്തുടര്‍ന്ന് പ്രദേശത്ത് ഇന്ത്യന്‍ ആര്‍ക്കിയോളജി വിഭാഗം പഠന പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.

കണ്ണൂര്‍ കോട്ടയില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ സംവിധാനം ഒരുക്കുന്നതിനുവേണ്ടി കേബിള്‍ കുഴിയെടുത്തപ്പോഴാണ് പീരങ്കിയുണ്ടകള്‍ കണ്ടെത്തിയത്. കൂടുതല്‍ പീരങ്കിയുണ്ടകള്‍ കണ്ടതോടെ പുരാവസ്തു വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തുകയായിരുന്നു. ചതുരാകൃതിയിലുള്ള കുഴിയില്‍ ഇരുമ്പുകൊണ്ടുള്ള വിവിധ വലിപ്പത്തിലുള്ള ഉണ്ടകള്‍ നിക്ഷേപിച്ച നിലയിലാണുള്ളത്. അയ്യായിരത്തിലേറെ ഉണ്ടകള്‍ ഇതുവരെയായി കണ്ടെത്തി.

വരും ദിവസങ്ങളിലും പുരാവസ്തു അധികൃതര്‍ ഇവിടെ തിരച്ചിലും അന്വേഷണവും നടത്തും. കേരള-തമിഴ്‌നാട് പരിധിയിലെ പുരാവസ്തു വിഭാഗം മേധാവി ടി ശ്രീലക്ഷ്മി, ആര്‍ക്കിയോളജിസ്റ്റ് സി കുമരന്‍, കണ്‍സര്‍വേഷന്‍ അസിസ്റ്റന്റ് കെ ജെ ലൂക്ക, കെമിസ്റ്റ് ഡോ സുജിത്ത്, എല്‍ ആര്‍ രാഗേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവിടെ പരിശോധനയും പഠന പ്രവര്‍ത്തനങ്ങളും നടത്താനുമെത്തിയത്. എണ്ണൂറ് ഗ്രാം മുതല്‍ എട്ട് കിലോഗ്രാം വരെ ഭാരമുള്ള പീരങ്കിയുണ്ടകളാണ് കണ്ടെടുത്തത്. രണ്ടു മീറ്ററോളം ആഴത്തിലുള്ള കുഴിയില്‍ നിക്ഷേപിച്ച രീതിയിലാണ് പീരങ്കിയുണ്ടകള്‍ കാണപ്പെട്ടത്.

ആദ്യം കണ്ടെത്തിയ സ്ഥലത്തു നിന്നും ഓരോ മീറ്റര്‍ മാറി രണ്ടു പീരങ്കിയുണ്ട ശേഖരം കൂടി വെളളിയാഴ്ച കണ്ടെത്തുകയായിരുന്നു. കണ്ടെടുത്ത പീരങ്കിയുണ്ടകളുടെ കാലപ്പഴക്കം നിര്‍ണയിക്കാന്‍ ഇതില്‍ ഏതാനുമെണ്ണം ചെന്നൈയിലേക്കു കൊണ്ടുപോകും. അവിടയുള്ള ഡച്ച്, ബ്രിട്ടീഷ് രേഖകള്‍ കൂടി പരിശോധിച്ച ശേഷമാണ് ഇതേക്കുറിച്ചുള്ള കൂടുതല്‍ ഗവേഷണങ്ങള്‍ നടത്തുക.

പോര്‍ച്ചുഗീസ്, ഡച്ച്, ബ്രിട്ടീഷ് ഗവണ്‍മെന്റുകള്‍ ആധിപത്യം സ്ഥാപിച്ച കണ്ണൂര്‍ കോട്ടയില്‍ നിന്ന് കണ്ടെടുത്ത പീരങ്കിയുണ്ടകള്‍ ആരാണ് കുഴിച്ചിട്ടതെന്നുള്ള വിവരം കൂടുതല്‍ പരിശോധനകള്‍ക്കു ശേഷം മാത്രമേ വിശദീകരിക്കാനാകുകയുള്ളൂവെന്ന് സൂപ്രണ്ടിംഗ് ആര്‍ക്കിയോളജിസ്റ്റ് ടി ശ്രീലക്ഷ്മി സിറാജിനോട് പറഞ്ഞു. ബ്രിട്ടീഷുകാരുടെയോ ഡച്ചുകാരുടയോ കാലത്ത് വീണ്ടും ഉപയോഗിക്കാതിരിക്കാനോ, ഉപയോഗിച്ചത് ദുരുപയോഗം ചെയ്യാതിരിക്കാനോ ആയിരിക്കാം ഇവ കുഴിച്ചിട്ടതെന്ന് കരുതുന്നതായും അവര്‍ പറഞ്ഞു.

അറബിക്കടലിന്റെ തീരത്ത് 500 വര്‍ഷം മുമ്പ് പോര്‍ച്ചുഗീസുകാര്‍ നിര്‍മിച്ച കണ്ണൂര്‍ കോട്ടയില്‍ പണ്ടുകാലത്ത് ഉപയോഗിച്ചിരുന്ന പീരങ്കികള്‍ ഇപ്പോഴുമുണ്ട്. ആയുധപ്പുരയുമുണ്ട്. കടല്‍വഴിയുള്ള ശത്രുക്കളെ നേരിടാനാണു പീരങ്കികള്‍ ഉപയോഗിച്ചിരുന്നത്. 1505ല്‍ ഫ്രാന്‍സിസ്‌കോ അല്‍മേഡയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ കോട്ട സ്ഥാപിച്ചത് പോര്‍ച്ചുഗീസുകാരായിരുന്നെങ്കിലും പിന്നീട് ഇവരില്‍ നിന്ന് ഡച്ചുകാരും കോട്ട കൈവശമാക്കിയിരുന്നു. തുടര്‍ന്ന് ഡച്ചുകാരില്‍ നിന്ന് ഒരു ലക്ഷം രൂപയ്ക്ക് അറക്കല്‍ രാജവംശം വാങ്ങിയെങ്കിലും ഇവരെ പരാജയപ്പെടുത്തി പിന്നീട് ബ്രിട്ടീഷുകാര്‍ കോട്ട കൈവശപ്പെടുത്തി.

പിന്നീട് 1945ല്‍ കണ്ണൂര്‍ കോട്ട ബ്രിട്ടീഷുകാര്‍ സെന്‍ട്രല്‍ പി ഡബ്ലി യു ഡിക്ക് കൈമാറുകയായിരുന്നു. കണ്ണൂര്‍ കോട്ടയില്‍ പലഭാഗത്തായി ഇനിയും ആയിരക്കണക്കിന് പീരങ്കിയുണ്ടകള്‍ ഉണ്ടെന്നാണ് പുരാവസ്തു വകുപ്പിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്. ഏറെക്കാലം ബ്രിട്ടീഷുകാരുടെ മലബാറിലെ പ്രധാന സൈനിക കേന്ദ്രമായിരുന്നു കണ്ണൂര്‍ കോട്ട.

കേരളത്തില്‍ ഏറ്റവുമധികം പീരങ്കികളുള്ള ഈ കോട്ടയില്‍ 19 പീരങ്കികളുണ്ട്. ഇത്രയധികം പീരങ്കിയുണ്ടകള്‍ ഇവിടെ കുഴിച്ചിടാനുണ്ടായ സാഹചര്യം അന്വേഷിച്ചു കണ്ടെത്തുന്നതിലൂടെ ബ്രിട്ടീഷ് മലബാര്‍ ചരിത്ര പഠനത്തില്‍ പുതിയ വഴിത്തിരിവുണ്ടാക്കിയേക്കുമെന്നാണ് പുരാവസ്തു വിദഗ്ധര്‍ കരുതുന്നത്.






Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.