Latest News

കാഞ്ഞങ്ങാട് മുസ്ലിം യതീംഖാനയില്‍ നാല് യുവതികള്‍ക്ക് കൂടി മംഗല്യം

കാഞ്ഞങ്ങാട്:[www.malabarflash.com] മുസ്ലിം യതീംഖാനയില്‍ പഠിച്ചു വളര്‍ന്ന നാല് യുവതികള്‍ക്ക് കൂടി മംഗല്യ സൗഭാഗ്യം. രണ്ട് യുവതികള്‍ കഴിഞ്ഞ ദിവസം വിവാഹിതരായി. ഈ മാസം 21 നും, 27നും മറ്റ് രണ്ട് യുവതികല്‍ കൂടി വിവാഹിതരാകും. ഇതോടെ കാഞ്ഞങ്ങാട് മുസ്ലിം യതീംഖാനയുടെ കീഴിലുള്ള വനിതാ യതീംഖാന അന്തേവാസികളില്‍ വിവാഹിതരായവരുടെ എണ്ണം പതിനാറായി.

പത്ത് പവന്‍ സ്വര്‍ണ്ണാഭരണങ്ങളും വിവാഹ വസ്ത്രങ്ങളും വിവാഹച്ചിലവുകളും യതീംഖാനയാണ് വഹിക്കുന്നത്. ഭരണസമിതി അംഗം കെ. മുഹമ്മദ് ബെസ്‌റ്റോവിന്റെ നേതൃത്വത്തിലുള്ള ഉപസമിതിയാണ് പ്രായപൂര്‍ത്തിയെത്തിയ അന്തേവാസികളായ യുവതികള്‍ക്ക് ജീവിത പങ്കാളികളെ കണ്ടെത്തുന്നത് മുതല്‍ വിവാഹ കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി വരനോടൊപ്പം പറഞ്ഞയക്കുന്നത് വരെയുള്ള കാര്യങ്ങള്‍ ഭംഗിയായി നിര്‍വ്വഹിക്കുന്നത്. ഓരോ വിവാഹച്ചടങ്ങുകള്‍ക്കും എത്തിച്ചേരുന്ന നൂറുകണക്കിനാളുകള്‍ക്ക് വിവാഹസദ്യയും ഒരുക്കുന്നുണ്ട്.

യതീംഖാന ഫണ്ടില്‍ നിന്ന് ഒരു പൈസ പോലും ചെലവഴിക്കാതെ വിവാഹ മംഗളകര്‍മ്മങ്ങള്‍ക്ക് വേണ്ട എല്ലാ കാര്യങ്ങളും നിര്‍വ്വഹിക്കാന്‍ പ്രത്യേക മംഗല്യനിധി രൂപീകരികരിച്ചാണ് ചിലവുകള്‍ നടത്തിപ്പോരുന്നത്. അതാത് സന്ദര്‍ഭങ്ങളില്‍ വിവാഹച്ചിലവുകള്‍ നടത്താന്‍ സന്നദ്ധരായി സ്‌പോണ്‍സര്‍മാര്‍ മുന്നോട്ട് വരുന്നുണ്ട്.

കഴിഞ്ഞ ദിവസം നടന്ന വിവാഹച്ചടങ്ങുകള്‍ക്ക് എത്തിയ വധൂവരന്മാരുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ 1500ഓളം പേര്‍ക്ക് വിവാഹസദ്യ നല്‍കി. നഗരത്തിലെ വ്യാപാരിയായ ആവിക്കര കൊവ്വലിലെ പി.ഏ. റഹ്മാന്‍ ഹാജിയാണ് സദ്യ സ്‌പോണ്‍സര്‍ ചെയ്തത്.

1997 മുതല്‍ യതീംഖാനയില്‍ അന്തേവാസിയായ പാറപ്പള്ളി കാട്ടിപ്പാറയില്‍ സുഹ്‌റയുടെയും പരേതനായ ഉമറിന്റെയും മകള്‍ യതീംഖാന അറബിക് കോളേജില്‍ അഫ്ദലുല്‍ ഉലമ ഡിഗ്രി കോഴ്‌സ് പൂര്‍ത്തിയാക്കിയ ശിഫാനയും കള്ളാര്‍ പുഞ്ചക്കര ഹൗസില്‍ കുഞ്ഞാമദിന്റെ മകന്‍ സിദ്ദീഖും തമ്മിലുള്ള വിവാഹവും 2004 മുതല്‍ യതീംഖാനയില്‍ അന്തേവാസിയായ അജാനൂര്‍ കടപ്പുറത്തെ ജമീലയുടെയും പരേതനായ പടിഞ്ഞാര്‍ അബ്ദുല്ലയുടെയും മകള്‍ ബിഎ ഹിന്ദി ഡിഗ്രി വിദ്യാര്‍ത്ഥിനി ആയിഷയുടെയും നീലേശ്വരം കൊട്രച്ചാല്‍ ഹംസയുടെയും മൈമൂനയുടെയും മകന്‍ സി.എച്ച്. നിഷാദുമാണ് വിവാഹിതരായത്.

നിക്കാഹ് കര്‍മ്മങ്ങള്‍ക്കും കാഞ്ഞങ്ങാട് സംയുക്ത ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നേതൃത്വം നല്‍കി. കള്ളാര്‍ മഹല്ല് ഖത്തീബ് സഈദ് ഫൈസി, നീലേശ്വരം കൊട്രച്ചാല്‍ മഹല്ല് ഖത്തീബ്, അഷ്‌റഫ് അഷ്‌റഫി എന്നിവര്‍ വിവാഹ ഖുതുബ നിര്‍വ്വഹിച്ചു.

കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ: ഖാദര്‍ മാങ്ങാട്, കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി. രമേശന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ എല്‍. സുലൈഖ എന്നിവരുള്‍പ്പെടെ ജനപ്രതിനിധികളും നാനാതുറകളിലുള്ള വിശിഷ്ട വ്യക്തികളും യതീംഖാന ഭരണസമിതി അംഗങ്ങളും ജീവനക്കാരും അന്തേവാസികളും വധൂവരന്മാരുടെ കുടുംബക്കാരും സംബന്ധിച്ചു.

2003 മുതല്‍ യതീംഖാന അന്തേവാസിയായ ഡിഗ്രി കഴിഞ്ഞ ഹസീനയുടെ നിക്കാഹ് കര്‍മ്മം ഈ മാസം 21 ന് തിങ്കളാഴ്ച നിത്യാനന്ദ പോളിടെക്‌നിക്ക് കോളേജിന് സമീപത്തെ റഹ്മാനിയ മസ്ജിദിലും, 2002 മുതല്‍ അന്തേവാസിയായ ഫാഷന്‍ ഡിസൈനിംഗ് വിദ്യാര്‍ത്ഥിനി ആയിഷത്ത് ഷാഹിനയുടെ വിവാഹം ഈ മാസം 27 ന് ഞായറാഴ്ച ചെറുവത്തൂര്‍ തുരുത്തിയിലെ വരന്റെ വസതിയിലും നടത്തും.

പോളിടെക്‌നിക്ക് കോളേജിനടുത്തുള്ള മമ്മു കുഞ്ഞൈസു ദമ്പതികളുടെ മകന്‍ ഫൈസല്‍ ഹസീനയെയും ചെറുവത്തൂര്‍ തുരുത്തിയിലെ ഇ.എം. മുസ്തഫ ഹാജി സഫിയ്യത്ത് ദമ്പതികളുടെ മകന്‍ ഹബീബ് റഹ്മാന്‍ ആയിഷത്ത് ഷാഹിനയെയും ജീവിതപങ്കാളികളായി സ്വീകരിക്കും.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.