Latest News

വാക്കത്തിയുമായി വീടുകളില്‍ ഓടിക്കയറിയ തമിഴ് യുവാവ് വീട്ടുകാരെ വെട്ടിവീഴ്ത്തി;വീട്ടമ്മ മരിച്ചു

ഏറ്റുമാനൂര്‍:[www.malabarflash.com] വാക്കത്തിയുമായി വീടുകളിലേക്ക് ഓടിക്കയറിയ തമിഴ് യുവാവ് കണ്ണില്‍ക്കണ്ട വീട്ടുകാരെയെല്ലാം വെട്ടിവീഴ്ത്തി. വെട്ടേറ്റുവീണ വീട്ടമ്മ മരിച്ചു. അഞ്ചു വീടുകളിലെ ആറു പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. തിങ്കളാഴ്ച വൈകുന്നേരം 5.30ന് ഏറ്റുമാനൂരിനു സമീപം കട്ടച്ചിറ പിണ്ടിപ്പുഴ ഭാഗത്താണു നാടിനെ വിറപ്പിച്ച സംഭവം അരങ്ങേറിയത്.

കട്ടച്ചിറ പിണ്ടിപ്പുഴ മുത്തേടത്ത് ജേക്കബിന്റെ (പാപ്പന്‍) ഭാര്യ ത്രേസ്യാമ്മ (75)യാണ് മരിച്ചത്. അക്രമണം നടത്തിയ വേളാങ്കണ്ണി സ്വദേശി മുരുകനെ പോലീസ് അറസ്റ്റ് ചെയ്തു. ത്രേസ്യാമ്മയുടെ ഭര്‍ത്താവ് ജേക്കബ്, അയല്‍വാസികളായ പുളിയമ്പള്ളി കത്രീന (75), കത്രീനയുടെ മകളുടെ മകന്‍ രാജു (16), ഇടശേരില്‍ കുഞ്ഞുമോള്‍ ജിജോ (33), മാന്തുരുത്തില്‍ കുഞ്ഞുമോള്‍ സിബി (45), മാഞ്ഞൂര്‍ വല്ലാട്ടുപറമ്പ് നാണപ്പന്റെ ഭാര്യ ശാന്ത (68) എന്നിവര്‍ക്കാണു പരിക്കേറ്റത്. ജേക്കബിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.

ഞായറാഴ്ച മകളെ കാണാന്‍ എത്തിയതായിരുന്നു ഇവര്‍. മുരുകേശനെ നാട്ടുകാരും പോലീസും ചേര്‍ന്നു കീഴ്‌പ്പെടുത്തി. ഇയാളും മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

പുളിയമ്പള്ളി കത്രീനയുടെ മകളുടെ ഭര്‍ത്താവും വേളാങ്കണ്ണി സ്വദേശിയുമായ മുരുകന്റെ സുഹൃത്തായ മുരുകേശന്‍ മൂന്നു ദിവസമായി ഇവര്‍ക്കൊപ്പം താമസിക്കുകയായിരുന്നു.

തിങ്കളാഴ്ച വൈകുന്നേരം 5.30ന് ഇയാള്‍ പ്രകോപനമൊന്നുമില്ലാതെ മുരുകന്റെ മകന്‍ രാജുവിനെ വാക്കത്തി ഉപയോഗിച്ച് വെട്ടി. തടസം പിടിക്കാനെത്തിയ കത്രീനയെയും ഇയാള്‍ വെട്ടി. അവിടെനിന്ന് ഇറങ്ങി ഓടിയ മുരുകേശന്‍ മറ്റു വീടുകളില്‍ കയറി കണ്ണില്‍കണ്ടവരെയെല്ലാം വെട്ടുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരെ കത്തി വീശി ഭയപ്പെടുത്തി. കത്രീനയുടെ വീട്ടില്‍നിന്ന് മുന്നൂറോളം മീറ്റര്‍ അകലെയാണ് ആക്രമണത്തിനിരയായ വീടുകളെല്ലാം. ജേക്കബിന്റെ വീട്ടിലെ ആക്രമണത്തിനുശേഷം ഓടിപ്പോയ ഇയാള്‍ കത്തി വഴിയില്‍ ഉപേക്ഷിച്ചു.

ഏതോ പുരയിടത്തില്‍നിന്നു കിട്ടിയ റബര്‍ ടാപ്പിംഗ് കത്തിയുമായി വട്ടുകുളം സ്‌കൂളിനു സമീപമുള്ള ഒരു വീടിന്റെ മുകളില്‍ ഇയാള്‍ കയറിപ്പറ്റി. നൂറുകണക്കിനു നാട്ടുകാരും പോലീസും വീടിനു താഴെ നില്‍പ്പുറപ്പിച്ചു. വീടിനു മുകളില്‍ കൂട്ടിവച്ചിരുന്ന ഇഷ്ടികക്കഷണങ്ങള്‍ ആള്‍ക്കൂട്ടത്തിനുനേരെ ഇയാള്‍ വലിച്ചെറിഞ്ഞുകൊണ്ടിരുന്നതിനാല്‍ ആര്‍ക്കും അടുക്കാന്‍ കഴിഞ്ഞില്ല. അരമണിക്കൂറിനുശേഷം ഇയാള്‍ താഴേക്കു ചാടിയതോടെ പിടികൂടുകയായിരുന്നു.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.