Latest News

സുഹൃത്തിന്റെ ചതിയില്‍ മയക്കുമരുന്ന് കേസില്‍പ്പെട്ട റാഷിദിന് 5 വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും

കുവൈത്ത് സിറ്റി:[www.malabarflash.com] സുഹൃത്തിന്റെ ചതിയില്‍പ്പെട്ട് കുവൈത്തിലേക്ക് മയക്കുമരുന്ന് കടത്തിയ കേസില്‍ കാഞ്ഞങ്ങാട് മീനാപ്പീസ് സ്വദേശി ചേലക്കാടത്ത് റാഷിദിന് അഞ്ചു വര്‍ഷം തടവിനും 5,000 ദീനാര്‍ (10 ലക്ഷം ഇന്ത്യന്‍ രൂപ) പിഴയടക്കാനുമുള്ള ക്രിമിനല്‍ കോടതി വിധി അപ്പീല്‍ കോടതിയും ശരിവെച്ചു.

ഈവര്‍ഷം ഏപ്രിലില്‍ ക്രിമിനല്‍ കോടതി വിധിച്ച ശിക്ഷയാണ് ജസ്റ്റിസ് വാഇല്‍ അതീഖിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ശരിവെച്ചത്. കഴിഞ്ഞ മാസം 15ന് വിചാരണ പൂര്‍ത്തിയാക്കി തിങ്കളാഴ്ച വിധി പറയാന്‍ കേസ് മാറ്റി വെച്ചിരുന്നു. സംഭവത്തിന് ശേഷം ജാമ്യത്തിലിറങ്ങിയ റാഷിദ് കഴിഞ്ഞ മാസം 14ന് കോടതിയില്‍ ഹാജരാകുകയും തുടര്‍ന്ന് വീണ്ടും ജയിലിലടക്കപ്പെടുകയും ചെയ്തിരുന്നു.

2014 ജൂണ്‍ 25നാണ് അവധി കഴിഞ്ഞ് തിരിച്ചുവരുകയായിരുന്ന റാഷിദിന്റെ ലഗേജില്‍നിന്ന് കുവൈത്ത് വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗം മയക്കുമരുന്ന് അടങ്ങിയ പൊതി കണ്ടെടുത്തത്. തുടര്‍ന്ന്, റാഷിദിനെ ആന്റി നാര്‍കോട്ടിക് സെല്ലിന് കൈമാറുകയും അവര്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
നിരപരാധിയായ റാഷിദിനെ ഉറ്റ സുഹൃത്തായ മാട്ടൂല്‍ സ്വദേശി ഫവാസാണ് മയക്കുമരുന്ന് കേസില്‍ കുടുക്കിയത്. കഴിഞ്ഞ വര്‍ഷം അവധി കഴിഞ്ഞ് കുവൈത്തിലേക്ക് തിരിച്ചു വരുമ്പോള്‍ ഒരു പാര്‍സല്‍ കൊണ്ടുവരണമെന്ന് റാഷിദിനെ ഫവാസ് ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടിരുന്നു.
ഫവാസിന്റെ കുവൈത്തിലുള്ള പിതാവിന്റെ ശ്വാസ തടസ്സത്തിനുള്ള ഗുളികകളാണ് എന്ന് വിശ്വസിപ്പിച്ചാണ് മയക്കുമരുന്ന് ഗുളികകള്‍ റാഷിദിനെ ഏല്‍പിച്ചത്. 

പുതിയങ്ങാടി സ്വദേശി നസീം മുസ്തഫയാണ് ഗുളികകള്‍ അടങ്ങിയ പൊതി കോട്ടച്ചേരി റെയില്‍വേ ഗേറ്റിനടുത്തുവെച്ച് റാഷിദിനെ ഏല്‍പിച്ചത്. റാഷിദിന്റെ കൈയ്യിലുണ്ടായിരുന്ന പാക്കറ്റില്‍ കുവൈത്തില്‍ നിരോധിക്കപ്പെട്ട ശക്തമായ വേദനാ സംഹാരി ഗുളികകളായിരുന്നു. ഈ ഗുളിക കഴിച്ചാല്‍ ആറ് മണിക്കൂര്‍ വരെ ബോധം നശിച്ച് ലഹരിയുടെ മായിക ലോകത്തിലാകുന്ന അത്യപൂര്‍വ്വമായ പ്രതിഭാസമുണ്ടാകും. കുവൈത്തില്‍ ഈ ഗുളികക്ക് വന്‍ ഡിമാന്റാണത്രേ. 
ഫവാസ് കുവൈത്ത് കേന്ദ്രീകരിച്ച മയക്കുമരുന്ന് മാഫിയ സംഘത്തിലെ കണ്ണിയാണെന്ന് പറയപ്പെടുന്നു.
ഈ പാര്‍സലാണ് റാഷിദിനെ കുടുക്കിയത്. കുവൈത്തിലുണ്ടായിരുന്ന ഫവാസ് അന്ന് മുങ്ങിയതാണ്. നാട്ടിലേക്ക് കടന്നുവെന്നാണ് കരുതുന്നതെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല. ഫവാസിനും നസിം മുസ്തഫക്കുമെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തിരുന്നു. റാഷിദ് നിരപരാധിയാണെന്ന് മനസ്സിലായതോടെ കുവൈത്തിലെ സുഹൃത്തുക്കളും നാട്ടുകാരും സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തകരും ചേര്‍ന്ന് മോചനത്തിനുള്ള ശ്രമം നടത്തുന്നതിന് ജനകീയ സമിതി രൂപവത്കരിച്ചിരുന്നു.
കാഞ്ഞങ്ങാട് സാധു സംരക്ഷണ സംഘമാണ് ജനകീയ സമിതിക്ക് നേതൃത്വം നല്‍കുന്നത്. ഈ സമിതി ഏര്‍പ്പാടാക്കിയ അഭിഭാഷകനാണ് റാഷിദിനായി കേസ് വാദിച്ചത്. ഇവരുടെ ശ്രമ ഫലമായി വന്‍ തുക കെട്ടി വെച്ചാണ് റാഷിദ് ജാമ്യത്തിലിറങ്ങിയത്. അപ്പീല്‍ കോടതിയും വിധി ശരിവെച്ചതോടെ സുപ്രീംകോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്യാനുള്ള ശ്രമത്തിലാണ് ജനകീയ സമിതി. ഇതിനായി കുറച്ചുകൂടി പ്രമുഖനായ മറ്റൊരു അഭിഭാഷകനെ ഏര്‍പ്പാടാക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് ജനകീയ സമിതി ഭാരവാഹികള്‍ അറിയിച്ചു.
ഇതിനായി ഉടന്‍ യോഗം ചേരുമെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. തീര്‍ത്തും നിരപരാധിയായ യുവാവ് മീനാപ്പീസിലെ നിര്‍ദ്ധന കുടുംബത്തിന്റെ അത്താണിയാണ്. യുവാവ് ജയിലില്‍ അടക്കപ്പെട്ടതോടെ ഈ കുടുംബം തീ ര്‍ത്തും ദുരിതാവസ്ഥയിലായി.





Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.