ചെറുവത്തൂര്‍:[www.malabarflash.com] കബഡി താരം കാര്യങ്കോട്ടെ സന്തോഷിനെ ശ്വാസം മുട്ടിച്ച് കൊല്ലാന്‍ മാതൃ സഹോദരിയുടെ മകന്‍ മനോജിനെ പ്രേരിപ്പിച്ചത് സന്തോഷിന്റെ ഭാര്യയെ സ്വന്തമാക്കാനുള്ള താല്‍പര്യം മൂലമാണെന്ന് പോലീസ് വെളിപ്പെടുത്തി.
നിത്യവും നന്നായി മദ്യപിക്കാറുള്ള സന്തോഷ് പല സുഹൃത്തുക്കളേയും വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി മദ്യപിക്കാനുള്ള സൗകര്യം ഒരുക്കിക്കൊടുക്കാറുണ്ടായിരുന്നുവത്രെ. അമ്മ ചെമ്മരത്തിയും ഭാര്യ അജാനൂര്‍ കൊളവയല്‍ സ്വദേശിനിയായ രഞ്ജുഷയും പലപ്പോഴും ഇതിനെ ചോദ്യം ചെയ്യാറുണ്ടായിരുന്നു. ഇതിന്റെ പേരില്‍ സന്തോഷ് അമ്മയേയും ഭാര്യയേയും മര്‍ദ്ദിക്കുക പതിവായിരുന്നു.
പ്രതി മനോജ് സന്തോഷിന്റെ ബന്ധുവെന്ന നിലയില്‍ ഈ വീട്ടില്‍ നിത്യ സന്ദര്‍ശകനാണ്. തനിക്ക് ഭര്‍ത്താവില്‍ നിന്ന് ഏല്‍ക്കേണ്ടി വരുന്ന പീഡനത്തെക്കുറിച്ച് സന്തോഷിന്റെ ഭാര്യ രഞ്ജുഷ മനോജിനോട് പരാതി പറയാറുണ്ടായിരുന്നു. പരാതി കൂടിയതോടെ അവിവാഹിതനായ മനോജിന് സന്തോഷിന്റെ ഭാര്യയോട് അടുപ്പം കൂടി വന്നു. പിന്നീട് സന്തോഷിന്റെ ഭാര്യയെ സ്വന്തമാക്കാനുള്ള താല്‍പര്യവുമായി നീങ്ങുകയായിരുന്നു മനോജ്.
ഇതിനിടെ മദ്യാസക്തിയില്‍ മോചിതനാകാന്‍ കൊല്ലപ്പെട്ട സന്തോഷ് വീടിന് തൊട്ടടുത്തുള്ള സമുദായ ക്ഷേത്രത്തില്‍ ഏറെക്കാലം കൂട്ടായിക്കാരനായിരുന്നു. ഒരു വര്‍ഷത്തിന് ശേഷം ആചാരം ഒഴിവാക്കിയതോടെ വീണ്ടും മദ്യപാനത്തിലേക്ക് തിരിയുകയും ഭാര്യ രഞ്ജുഷയുമായുള്ള വഴക്ക് രൂക്ഷമാകുകയും ചെയ്തു. ഇതിനിടെയാണ് സന്തോഷിനെ കൊലപ്പെടുത്തി രഞ്ജുഷയെ സ്വന്തമാക്കാന്‍ മനോജ് കരുക്കള്‍ നീക്കിയത്.
No comments:
Post a Comment