Latest News

ബംഗളൂരു സ്‌ഫോടനം: കേസുകള്‍ ഏകീകരിക്കണമെന്ന മഅദനിയുടെ ആവശ്യം തള്ളി

ബംഗളൂരു:[www.malabarflash.com] ബംഗളൂരു സ്ഫോടന കേസുകള്‍ ഏകീകരിക്കണമെന്നാവശ്യപ്പെട്ട് അബ്ദുന്നാസിര്‍ മഅ്ദനി സമര്‍പ്പിച്ച ഹരജി ബംഗളൂരു എന്‍.ഐ.എ കോടതി തള്ളി.

ഒമ്പതുകേസുകളായി രജിസ്റ്റര്‍ ചെയ്ത കുറ്റകൃത്യത്തില്‍ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ്. മുക്കാല്‍ ഭാഗം സാക്ഷിവിസ്താരം പൂര്‍ത്തിയായ ഈ ഘട്ടത്തില്‍ കേസുകള്‍ ഒരുമിപ്പിക്കുന്നത് അപ്രായോഗികമാണെന്ന് ജഡ്ജി ജി. ശിവണ്ണ വ്യക്തമാക്കി. സാക്ഷിവിസ്താരം അവസാനിക്കാറായ ഘട്ടത്തില്‍ കേസുകള്‍ ഏകീകരിച്ചാല്‍ ഒറ്റകുറ്റപത്രവും കുറ്റം ചുമത്തലും വേണ്ടിവരും. 

പ്രോസിക്യൂഷന്‍ പുനര്‍വിചാരണ ആവശ്യപ്പെട്ടാല്‍ കേസ് ഇനിയും രണ്ടുവര്‍ഷത്തിന് മുകളില്‍ നീളും. 2584 സാക്ഷികളില്‍ 1504 സാക്ഷികളെ വിസ്തരിച്ചു. ഇതേ നിലയില്‍ തുടര്‍ന്നാല്‍ ഒരു വര്‍ഷം മൂന്നുമാസം കൊണ്ട് വിചാരണ പൂര്‍ത്തിയാകുമെന്നും ജഡ്ജി വ്യക്തമാക്കി. 

കേസുകള്‍ ഒരുമിപ്പിക്കുന്നതുവഴി കോടതിക്ക് സമയനഷ്ടവും വിചാരണ നീളാന്‍ സാധ്യതയും ഉള്ളതിനാല്‍ ഇതിന്‍െറ ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി. സാക്ഷികളെ കൃത്യമായി ഹാജരാക്കാത്തതില്‍ പ്രോസിക്യൂഷനെ കോടതി വിമര്‍ശിച്ചു.
ഒമ്പതു കേസുകളായി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ വിചാരണ അനന്തമായി നീണ്ടുപോകുന്നതിനാല്‍ ഒരുമിപ്പിക്കണമെന്ന ആവശ്യവുമായി മഅ്ദനി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, വിചാരണക്കോടതിയെ സമീപിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. തുടര്‍ന്നാണ് മഅ്ദനി എന്‍.ഐ.എ കോടതിയില്‍ ഹരജി നല്‍കിയത്. 

ഹരജിയില്‍ ബുധനാഴ്ച വാദം കേട്ട കോടതി വിധിപറയല്‍ വെള്ളിയാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരുമായി കൂടിയാലോചിച്ച് വിഷയത്തില്‍ തീരുമാനമെടുക്കുമെന്ന് മഅ്ദനിയുടെ അഭിഭാഷകന്‍ അഡ്വ. ഉസ്മാന്‍ പറഞ്ഞു. അതേസമയം, പബ്ളിക് പ്രോസിക്യൂട്ടര്‍ സീതാറാം രാജിവെച്ചതിനാല്‍ കേസിലെ തുടര്‍ സാക്ഷിവിസ്താരം ഫെബ്രുവരി 22ലേക്ക് മാറ്റി.





Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.