Latest News

കുമ്മനം രാജശേഖരന്‍ നയിക്കുന്ന വിമോചനയാത്രയ്ക്ക് ബുധനാഴ്ച തുടക്കം

കാസര്‍കോട്:[www.malabarflash.com] പുതിയ കേരളം സംശുദ്ധ രാഷ്ട്രീയം എന്ന മുദ്രാവാക്യം ഉയര്‍ത്തി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന വിമോചന യാത്ര ബുധനാഴ്ച മഞ്ചേശ്വരത്ത് നിന്ന് ആരംഭിക്കും. രാവിലെ 10മണിക്ക് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ, നളിന്‍കുമാര്‍ ഖട്ടീല്‍ എം.പി, ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജ, നടന്‍ സുരേഷ്‌ഗോപി എന്നിവര്‍ പങ്കെടുക്കും.

ജാഥാ നായകന്‍ കുമ്മനം രാജശേഖരന്‍ ചൊവ്വാഴ്ച രാവിലെ മാറാട് എത്തി ബലിദാനികള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കും. പയ്യാമ്പലത്ത് കെ.ജി.മാരാരുടെ സ്മൃതി മണ്ഡപത്തിലെത്തി പുഷ്പാര്‍ച്ചന ചെയ്തശേഷം കാസര്‍കോട് എത്തും. കാസര്‍കോട് റയില്‍വേ സ്റ്റേഷനില്‍ കുമ്മനത്തിന് വന്‍ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്.
ബുധനാഴ്ച രാവിലെ മധൂര്‍ ക്ഷേത്ര ദര്‍ശനത്തിന് ശേഷമാണ് ഉദ്ഘാടന സ്ഥലമായ ഉപ്പളയില്‍ എത്തുക. വന്ദേമാതര ഗാനാലാപനത്തോടെ ആരംഭിക്കുന്ന ഉദ്ഘാടന ചടങ്ങുകള്‍ ജനഗണമന ആലപിച്ചായിരിക്കും അവസാനിക്കുക. വികസിത കേരളത്തിനായി പോരാടാനുള്ള പ്രതിജ്ഞ സുരേഷ് ഗോപി ചൊല്ലിക്കൊടുക്കുന്നത് എല്ലാവരും ഏറ്റുചൊല്ലും.

നരേന്ദ്രമോദി സര്‍ക്കാര്‍ കേരളത്തിനു നല്‍കിയ ഹൃസ്വ ചിത്രത്തിന്റെ പ്രദര്‍ശനം ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ചുണ്ടാകും. സുരേഷ് ഗോപിയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.

അന്നത്തിനും വെള്ളത്തിനും മണ്ണിനും വേണ്ടി വാദിക്കാന്‍, എല്ലാവര്‍ക്കും തുല്യനീതി ലഭിക്കാന്‍, അഴിമതിയില്ലാത്ത സംശുദ്ധ ഭരണം സ്ഥാപിക്കാന്‍, കേരളത്തിന് പറ്റിയ വികസന പദ്ധതികള്‍ കൊണ്ടുവരാന്‍, അവഗണിക്കപ്പെട്ടവരെയും അകറ്റി നിര്‍ത്തപ്പെട്ടവരെയും പരിഹസിക്കപ്പെട്ടവരയും ഒപ്പം നിര്‍ത്തി ആത്മാഭിമാനം വീണ്ടെടുക്കാന്‍ നടത്തുന്ന യാത്ര ബിജെപി മുന്നോട്ടു വയ്ക്കുന്ന പുതിയൊരു രാഷ്ട്രീയ ബദലിന്റെ പ്രകടനമായിരിക്കും.
തുറന്ന വാഹനത്തിലാണ് കുമ്മനം രാജശേഖരന്‍ സഞ്ചരിക്കുക. സഞ്ചരിക്കുന്ന പുസ്തകശാല ഒരുക്കിയിരിക്കുന്ന രണ്ട് വാഹനങ്ങള്‍ ഉള്‍പ്പെടെ 20 വാഹനങ്ങള്‍ യാത്രയിലുടനീളം അകമ്പടി സേവിക്കും. 

കേരളത്തിന്റെ രാഷ്ട്രീയ വികസന കാര്യങ്ങളില്‍ ജനങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍ സംവിധാനം ഒരുക്കുന്ന വാഹനവും ഉണ്ടാകും.''എന്റെ നാട് എങ്ങനെ വേണം' എന്നതിനെകുറിച്ച് പൊതുജനങ്ങള്‍ക്ക് തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍ കഴിയും. പ്രതേ്യക വാഹനത്തില്‍ സ്ഥാപിച്ചിരിക്കുന്ന വലിയ പെട്ടികളില്‍ അഭിപ്രായങ്ങള്‍ എഴുതിയിടാനാകും. ഇങ്ങനെ ലഭിക്കുന്ന അഭിപ്രായങ്ങള്‍കൂടി ഉള്‍ക്കൊണ്ടാണ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വിഷന്‍ ഡോക്കുമെന്റ്തയ്യാറാക്കുക.
ദിവസം മൂന്നുമുതല്‍ 8 വരെ സ്വീകരണയോഗങ്ങളിലാണ് കുമ്മനം പങ്കെടുക്കുക. എല്ലാസ്ഥലത്തും അരമണിക്കൂര്‍ പ്രസംഗിക്കും. ബുധനാഴ്ച കാസര്‍കോട് ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍, പയ്യന്നൂര്‍ എന്നിവിടങ്ങളിലാണ് സ്വീകരണം. 

ഫെബ്രുവരി 10ന് തിരുവനന്തപുരത്ത് സമാപിക്കുന്ന യാത്ര 21 ദിവസം കൊണ്ട് 140 നിയോജകമണ്ഡലങ്ങളും പിന്നിടും. റിപ്പബ്ലിക് ദിനമായ 26ന് സ്വീകരണ പരിപാടികള്‍ ഉണ്ടാകില്ല. സമാപന സമ്മേളനം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ്‌സിങാണ് ഉദ്ഘാടനം ചെയ്യുക.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.