Latest News

ശരീഅത്തിനെതിരെയുള്ള കൈയേറ്റങ്ങളെ ചെറുക്കും: കാന്തപുരം

കോഴിക്കോട്:[www.malabarflash.com] നിത്യജീവിതത്തില്‍ ശരീഅത്ത് നിയമങ്ങള്‍ പാലിക്കുന്നവര്‍ക്കേ ശരീഅത്തിനെ കുറിച്ച് തീര്‍പ്പ് പറയാന്‍ അവകാശമുള്ളൂവെന്നും ശരീഅത്തിനെതിരെയുള്ള ഏതുവിധ കൈയേറ്റങ്ങളെയും പണ്ഡിതരുടെ നേതൃത്വത്തില്‍ വിശ്വാസിസമൂഹം ചെറുത്തുതോല്‍പ്പിക്കുമെന്നും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍.

മര്‍കസ് കോഴിക്കോട്ട് സംഘടിപ്പിച്ച അന്താരാഷ്ട്ര മീലാദ് സമ്മേളനത്തില്‍ ഹുബ്ബുറസൂല്‍ (പ്രവാചകസ്‌നേഹ) പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഏതെങ്കിലും ഒരു കാര്യത്തില്‍ ശരീഅത്തിനെ വിമര്‍ശിക്കുന്നവര്‍, ജീവിതത്തിന്റെ മറ്റു മേഖലകളില്‍ ഇസ്‌ലാമിക നിയമങ്ങള്‍ പാലിക്കുന്നവരാണോ എന്നത് വിമര്‍ശനത്തിന്റെ ആധികാരികതയെ തീരുമാനിക്കുന്ന പ്രധാന മാനദാണ്ഡമാണ്. 

ഇസ്‌ലാം വിലക്കിയ പലിശ വാങ്ങുന്നവര്‍ക്കും അതിനു വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്കും ഇസ്‌ലാമിന്റെ സ്ത്രീ നിലപാടുകളെ കുറിച്ച് തീര്‍പ്പ് പറയാന്‍ ധാര്‍മികമായി അവകാശമില്ല. സ്വന്തം സമ്പാദ്യത്തില്‍ നിന്നും പാവപ്പെട്ടവരുടെ അവകാശമായി ഇസ്‌ലാം കണക്കാക്കുന്ന നിര്‍ബന്ധ സകാത്ത് ഒരിക്കല്‍ പോലും കൊടുക്കാത്തവരാണ് മുസ്‌ലിം പേരുകളില്‍ ഇസ്‌ലാമിനെ വിമര്‍ശിക്കുന്ന പലരും. മതകീയ ജീവിതം പാലിക്കാത്തവരുടെ മതത്തെ കുറിച്ചുള്ള വിശദീകരണങ്ങളോ അഭിപ്രായങ്ങളോ മുസ്‌ലിംകള്‍ക്ക് ഗൗരവമായി എടുക്കാന്‍ തരമില്ല. 

കവിതപോലെയോ നാടകം പോലെയോ മനസ്സിലാക്കുകയോ വിശദീകരിക്കുകയോ ചെയ്യേണ്ട ഒന്നല്ല ഇസ്‌ലാമിക നിയമങ്ങള്‍. രാഷ്ട്രീയപാര്‍ട്ടികളുടെ മാനിഫെസ്‌റ്റോ പോലെയുമല്ല മുസ്‌ലിംകള്‍ ഖുര്‍ആനെയും പ്രവാചകചര്യകളെയും മനസ്സിലാക്കുന്നത്. ഇസ്‌ലാമിക ചരിത്രത്തിനും ജ്ഞാനപാരമ്പര്യത്തിനും ഒരു രീതിശാസ്ത്രമുണ്ട്. ആ രീതി ശാസ്ത്രം സ്വീകരിക്കുന്നവരുടെ അഭിപ്രായങ്ങളെ മാത്രമേ മുസ്‌ലിംകള്‍ മുഖവിലക്കെടുക്കേണ്ടതുള്ളൂ. 

വ്യക്തിപരമായി മതത്തിന്റെ അടിസ്ഥാനപരമായ വിധിവിലക്കുകള്‍ പാലിക്കുന്നവരാവുക എന്നതാണ് ആ രീതി ശാസ്ത്രത്തിന്റെ അടിസ്ഥാനം. അല്ലാത്ത വിമര്‍ശനങ്ങള്‍ രീതി ശാസ്ത്രപരമായി തന്നെ ബലമില്ലാത്തതാണ്. കവിത പഠിച്ചവര്‍ കവിത പഠിപ്പിക്കട്ടെ, ന്യൂറോളജി പഠിച്ചവര്‍ രോഗികളെ ശുശ്രൂഷിക്കട്ടെ. മതം പഠിച്ചവര്‍ മതനിയമങ്ങളും പഠിപ്പിക്കട്ടെ. അല്ലാതെ മലയാള സാഹിത്യവും പത്രപ്രവര്‍ത്തനവും പഠിച്ചവരും പ്രൊഫഷനായി കൊണ്ട് നടക്കുന്നവരും ഖുര്‍ആനെ വിശദീകരിക്കാന്‍ നോക്കുന്നതും തലച്ചോറിനു ഓപ്പറേഷന്‍ നടത്താന്‍ നോക്കുന്നതും ഒരുപോലെ വിഡ്ഢിത്തമാണ്. 

മുമ്പൊരിക്കല്‍ കേരളത്തിലെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവ് ശരീഅത്ത് നിയമങ്ങള്‍ മാറ്റിയെഴുതണമെന്നു പറഞ്ഞു. താന്‍ വിശ്വസിക്കുന്ന, ഇസ്‌ലാമിനു പുറത്തുള്ള ഒരു പ്രത്യയ ശാസ്ത്രത്തെ അടിസ്ഥാനമാക്കിയാണ് അദ്ദേഹം ആ ആവശ്യം ഉന്നയിച്ചത്. അദ്ദേഹത്തിന്റെ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ സ്വാഭാവികമായും ഏതൊരാള്‍ക്കും പറയാവുന്ന കാര്യം മാത്രമായിരുന്നു അത്. പക്ഷേ, അതേ ആശയങ്ങളില്‍ വിശ്വസിക്കുന്ന അദ്ദേഹത്തിന്റെ പിന്‍തലമുറക്കാര്‍ പറയുന്നത് ശരീഅത്തില്‍ അല്ല പ്രശ്‌നം, അതിന്റെ ഇക്കാലത്തെ വിശദീകരണങ്ങളിലാണ് എന്നാണ്. വൈരുധ്യം എന്നല്ലാതെ ഇതിനെ നാം എന്താണ് വിളിക്കുക? 

മനുഷ്യസമൂഹത്തിന്റെ ഇഹപര വിജയത്തിന് വേണ്ടിയാണ് അല്ലാഹു ഖുര്‍ആന്‍ ഇറക്കിയത് എന്ന വിശ്വാസം ഇവര്‍ക്കുണ്ടോ? ഇല്ലെങ്കില്‍ അത് തുറന്നു പറയാനുള്ള ചങ്കൂറ്റം കാണിക്കണം. മതപണ്ഡിതന്മാര്‍ നടത്തുന്ന ശരീഅത്ത് വിശദീകരണങ്ങളെ ചരിത്രവല്‍കരിക്കണം എന്ന് ആവശ്യപ്പെടുന്നവര്‍ ശരീഅത്ത് നിയമങ്ങളുടെ അടിസ്ഥാനമായ ഖുര്‍ആനെയും പ്രവാചകനെയും കൂടി ചരിത്രവല്‍ക്കരിക്കാന്‍ തയ്യാറാകണം. അത്രയേ ഞങ്ങള്‍ പറയുന്നുള്ളൂ. അല്ലാതെ ഭാഗികമായി് മുസ്‌ലിംകളോടൊപ്പം കൂടി ഈ മതത്തെയും അതിന്റെ ചിഹ്നങ്ങളെയും വിമര്‍ശിക്കാം എന്ന നിലപാട് വിലപ്പോവില്ല- കാന്തപുരം പറഞ്ഞു.

‘സ്‌നേഹമാണ് വിശ്വാസം’ എന്ന ശീര്‍ഷകത്തില്‍ മര്‍കസുസ്സഖാഫത്തിസുന്നിയ്യയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മീലാദ് സമ്മേളനം രാജ്യാന്തരതലത്തിലുള്ള പണ്ഡിത- സൂഫി നേതാക്കളുടെ സാന്നിധ്യംകൊണ്ട് പ്രൗഢമായി. വിവിധ ഭാഷകളിലുള്ള പ്രവാചക പ്രകീര്‍ത്തന കാവ്യങ്ങളും മൗലിദ് പരായണവും വിശ്വാസികളെ പ്രവാചക സ്‌നേഹത്തിന്റെ കൊടുമുടിയിലെത്തിച്ചു. 

വിവിധ ഭാഗങ്ങളില്‍ നിന്നായി ശുഭ്രവസ്ത്രധാരികളായ പ്രവാചക പ്രേമികള്‍ സംഗമിച്ചപ്പോള്‍ കോഴിക്കോട് കടപ്പുറം അക്ഷരാര്‍ഥത്തില്‍ പാല്‍ക്കടലായി മാറുകയായിരുന്നു. കോഴിക്കോട് സമീപകാലത്തൊന്നും കണ്ടിട്ടില്ലാത്ത മഹാസംഗമത്തിനാണ്  സാക്ഷ്യം വഹിച്ചത്. 

നബിദിനത്തെ കുറിച്ച് പുത്തന്‍വാദികള്‍ നടത്തിവരുന്ന ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും ലോകരാഷ്ട്രങ്ങളില്‍ നബിദിനം പ്രൗഢിയോടെ തന്നെ ആഘോഷിക്കുന്നുവെന്നും പണ്ഡിതന്മാര്‍ പ്രഭാഷണങ്ങളില്‍ വ്യക്തമാക്കി. 

അന്ത്യ പ്രവാചകന്‍ മുഹമ്മദ് നബി (സ)യുടെ ജന്മദിനം പ്രമാണിച്ച് വിവിധ രാജ്യങ്ങളില്‍ നടന്നുവന്ന നബിദിനാഘോഷ പരിപാടികളുടെ സമാപ്തി കുറിച്ചാണ് കോഴിക്കോട് അന്താരാഷ്ട്ര മീലാദ് സമ്മേളനം ഒരുക്കിയത്. രാജ്യത്തെ തന്നെ ഏറ്റവും വലിയ നബിദിനാഘോഷമാണ് കോഴിക്കോട് സംഘടിപ്പിച്ച അന്താരാഷ്ട്ര കോണ്‍ഫറന്‍സ്. 

ബീച്ചില്‍ പ്രത്യേകം സജ്ജമാക്കിയ വിശാലമായ സമ്മേളന വേദിയില്‍ വൈകീട്ട് നാലരയോടെ സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂര്‍ പതാക ഉയര്‍ത്തിയതോടെയാണ് അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന് തുടക്കം കുറിച്ചത്. മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി പ്രാര്‍ഥന നിര്‍വഹിച്ചു. ചിത്താരി കെ പി ഹംസ മുസ്‌ലിയാര്‍, പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, സി മുഹമ്മദ് ഫൈസി, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, എന്‍ വി അബ്ദുര്‍റസാഖ് സഖാഫി, അപ്പോളോ മൂസ ഹാജി പ്രസംഗിച്ചു. ലോക പ്രശസ്ത ഇസ്‌ലാമിക പണ്ഡിതനും ടുണീഷ്യയിലെ സൈതൂന യൂനിവേഴ്‌സിറ്റി പ്രതിനിധിയുമായ ഡോ. മുഹമ്മദ് ഇഷ്തവി സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്തു. ടുണീഷ്യയുടെ ജനപ്രതിനിധി സഭയുടെ ആദ്യ വൈസ് പ്രസിഡന്റ് കൂടിയാണ് അദ്ദേഹം. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ നടന്ന കോണ്‍ഫറന്‍സില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഹുബ്ബുര്‍റസൂല്‍ പ്രഭാഷണം നടത്തി. 

അഹ്മദ് സഅ്ദ് അല്‍ അസ്ഹരി (ഇംഗ്ലണ്ട്), ഔന്‍ മുഈന്‍ അല്‍ ഖദൂമി (ജോര്‍ദാന്‍), റാശിദ് ഉസ്മാന്‍ അല്‍ സക്‌റാന്‍ (സഊദി അറേബ്യ), ശൈഖ് അഹ്മദ് ഇബ്‌റാഹീം (സോമാലിയ), ജമാല്‍ കലൂതി (അമ്മാന്‍), അഹ്മദ് മുഹമ്മദ് ഹസന്‍ (യമന്‍), ഖ്വാജാ ശൗഖന്‍ (തുര്‍ക്കി) തുടങ്ങിയവര്‍ പ്രസംഗിച്ചു. സമാപന പ്രാര്‍ഥനക്ക് സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി, സയ്യിദ് ഫസല്‍ കോയമ്മ കുറാ നേതൃത്വം നല്‍കി. 

സമ്മേളനത്തില്‍ മലേഷ്യയില്‍ നിന്നുള്ള സംഘം അവതരിപ്പിച്ച നബി പ്രകീര്‍ത്തനം സദസ്സില്‍ ഇശ്ഖിന്റെ താളം തീര്‍ത്തു. എന്‍ വി അബ്ദുര്‍റസാഖ് സഖാഫി ഖവാലിയും അവതരിപ്പിച്ചു. ഇരുപതോളം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ അന്താരാഷ്ട്ര സമ്മേളനത്തില്‍ സംബന്ധിച്ചു. 

സമ്മേളനത്തിന്റെ ഭാഗമായി ഞായറാഴ്ച രാവിലെ പത്തിന് കാലിക്കറ്റ് ടവര്‍ കണ്‍വന്‍ഷന്‍ ഹാളില്‍ പണ്ഡിത സമ്മേളനവും ചര്‍ച്ചയും നടന്നിരുന്നു തിരഞ്ഞെടുക്കപ്പെട്ട 200 മതപണ്ഡിതന്മാരാണ് സംബന്ധിച്ചത്. ഇസ്‌ലാമിലെ സ്ത്രീകള്‍, ആഗോള അടിസ്ഥാനത്തില്‍ ഇസ്‌ലാമിനെതിരെ നടക്കുന്ന നീക്കങ്ങള്‍, വര്‍ഗീയതക്കും തീവ്രവാദത്തിനുമെതിരെ വിശ്വാസം മുറകെ പിടിച്ച് അന്താരാഷ്ട്ര തലത്തില്‍ തന്നെ വ്യാപിപ്പിക്കേണ്ട ചെറുത്ത്‌നില്‍പ്പുകള്‍ എന്നിവ പണ്ഡിത സമ്മേളനം ചര്‍ച്ച ചെയ്തു.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.