Latest News

സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷനുളള സൗകര്യം ജില്ലയിലൊരുക്കും - മന്ത്രി കെ സി ജോസഫ്

കാസര്‍കോട്:[www.malabarflash.com] വിദേശത്തേക്ക് പോകുന്നവര്‍ക്ക്് സര്‍ട്ടിഫിക്കറ്റുകള്‍ അറ്റസ്റ്റ് ചെയ്യാനുളള സൗകര്യം രണ്ടാഴ്ചയിലൊരിക്കല്‍ എന്ന തോതില്‍ ജില്ലയില്‍ പുതുതായി ആരംഭിച്ച നോര്‍ക്ക - റൂട്ട്‌സ് ജില്ലാ ഓഫീസില്‍ ലഭ്യമാക്കുമെന്ന് ഗ്രാമ വികസന - നോര്‍ക്ക വകുപ്പ് മന്ത്രി കെ സി ജോസഫ് പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ നോര്‍ക്ക - റൂട്ട്‌സ് ജില്ലാ ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആദ്യഘട്ടത്തില്‍ ജില്ലാ ഓഫീസില്‍ രണ്ടാഴ്ചയിലൊരിക്കലുളള അറ്റസ്റ്റേഷന്‍ സൗകര്യം പിന്നീട് ആഴ്ചയില്‍ ഒരു തവണ എന്ന തോതില്‍ വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് മന്ത്രി പറഞ്ഞു. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് സംസ്ഥാനത്ത് ആകെ മൂന്ന് മേഖല ഓഫീസുകള്‍ മാത്രമാണ് പ്രവാസികളുടെ ക്ഷേമത്തിന് വേണ്ടി ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ന് കാസര്‍കോടടക്കം 12 ജില്ലാ ഓഫീസുകള്‍ തുറക്കാന്‍ സാധിച്ചു. അവശേഷിക്കുന്ന ആലപ്പുഴയിലും, വയനാടും ഈ മാസം തന്നെ ഓഫീസുകള്‍ തുറക്കുമെന്ന് മന്ത്രി അറിയിച്ചു. 

മലയാളി പ്രവാസികളാണ് സംസ്ഥാനത്തിന്റെ സമൃദ്ധിക്ക് നിദാനം. കണക്കുകളനുസരിച്ച് ബാങ്കുകള്‍ വഴി മാത്രം പ്രവാസികളിലൂടെ ഒരു വര്‍ഷത്തില്‍ ഒന്നര ലക്ഷം കോടി രൂപയാണ് നിക്ഷേപമായി സംസ്ഥാനത്തേക്കൊഴുകുന്നത്. അതുകൊണ്ട് തന്നെ ഒരു സര്‍ക്കാരിനും പ്രവാസികളുടെ ക്ഷേമം പരിപാലിക്കുന്നതില്‍ നിന്നും ഒഴിഞ്ഞുമാറാനാകില്ല എന്ന് മന്ത്രി പറഞ്ഞു. 

ചടങ്ങില്‍ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ അധ്യക്ഷത വഹിച്ചു. ചുരുങ്ങിയ സമയത്തിനുളളില്‍ ജില്ലാ ഓഫീസ് യാഥാര്‍ത്ഥ്യമാക്കിയ മന്ത്രിയെ എം എല്‍ എ അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍, കാസര്‍കോട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി, നോര്‍ക്ക വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് ഡയറക്ടര്‍ ഐസക് തോമസ് തുടങ്ങിയവര്‍ സംസാരിച്ചു. നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ആര്‍ എസ് കണ്ണന്‍ സ്വാഗതവും, നോര്‍ക്ക റൂട്ട്‌സ് ജനറല്‍ മാനേജര്‍ ബി ശിവപ്രസാദ് നന്ദിയും പറഞ്ഞു.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.