Latest News

ശബരിമലയില്‍ എല്ലാ സ്ത്രീകളെയും പ്രവേശിപ്പിച്ചുകൂടെയെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി:[www.malabarflash.com] ശബരിമലയില്‍ 10 വയസിനും 50 വയസിനും ഇടയില്‍ പ്രായമുളള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുന്നതിനെക്കുറിച്ച് സംസ്ഥാന സര്‍ക്കാരിനോട് നിലപാട് അറിയിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. ഭരണഘടനാനുസൃതമായി സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കാനാവില്ല എന്ന് സുപ്രീം കോടതി ചൂണ്ടക്കാട്ടി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോടും നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടു.

സ്ത്രീകള്‍ക്കുകൂടി ശബരിമലയില്‍ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുമ്പോഴാണ് സുപ്രീം കോടതി സുപ്രധാനമായ ചില നിരീക്ഷണങ്ങള്‍ നടത്തിയത്. എന്തുകൊണ്ടാണ് സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിക്കാത്തത് എന്നായിരുന്നു സുപ്രീം കോടതിയുടെ ചോദ്യം. ഭരണഘടന അനുവദിക്കാത്തിടത്തോളം കാലം സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം നിഷേധിക്കാനാവില്ല. മതത്തിന്റെ അടിസ്ഥാനത്തിലല്ലാതെ ക്ഷേത്രത്തില്‍ മറ്റേതെങ്കിലും വിധത്തില്‍ വിശ്വാസികള്‍ക്കോ സന്ദര്‍ശകര്‍ക്കോ നിയന്ത്രണം ഏര്‍പ്പെടുത്താമോ എന്നും സുപ്രീം കോടതി ആരാഞ്ഞു.

1500 വര്‍ഷങ്ങള്‍ക്കു മുന്‍പ് ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചിരുന്നില്ല എന്നതിന് എന്താണ് ഉറപ്പെന്നും സുപ്രീം കോടതി ചോദിച്ചു. മതവും ക്ഷേത്രവും തമ്മില്‍ വ്യത്യാസമുണ്ടെന്നും കോടതി ഓര്‍മപ്പെടുത്തി. ഒരു സ്വകാര്യ ക്ഷേത്രത്തില്‍ വിശ്വാസികള്‍ക്കോ ദര്‍ശനത്തിനോ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ന്യായീകരിക്കാം. എന്നാല്‍, ശബരിമല പോലുള്ള ഒരു പൊതു ക്ഷേത്രത്തില്‍ സ്ത്രീകളുടെ പ്രവേശനം നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ല.

കേസുമായി ബന്ധപ്പെട്ട് നടന്ന പ്രാഥമിക വാദത്തില്‍ വര്‍ഷങ്ങളായി തുടര്‍ന്നുപോരുന്ന ആചാരത്തില്‍ കൈകടത്താന്‍ താല്‍പര്യമില്ലെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. എന്നാല്‍, സ്ത്രീകള്‍ക്ക് മാത്രം ഇവിടെ പ്രവേശനം അനുവദിക്കാത്തതില്‍ ലിംഗവിവേചനം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ വരില്ലേ എന്ന് കോടതി ആരാഞ്ഞു. പുരുഷന്‍മാര്‍ക്ക് അയ്യപ്പ ഭഗവാനോട് പ്രാര്‍ഥിക്കാമെങ്കില്‍ എന്തുകൊണ്ട് സ്ത്രീകള്‍ക്ക് ആയിക്കൂടാ എന്നതും പരിഗണിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. തുടര്‍ന്ന് സര്‍ക്കാര്‍ നിലപാട് രേഖാമൂലം നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട വിശദമായ വാദം അടുത്തയാഴ്ച ഉണ്ടാകും.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.