Latest News

പിണറായിയുടെ ജാഥ തലസ്ഥാനത്തെത്തും മുന്‍പ് ടി പി വധക്കേസും സിബിഐക്ക് വിടും?

തിരുവനന്തപുരം:[www.malabarflash.com] പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ച് തലസ്ഥാനത്തെത്തുന്നതിന് മുമ്പ് ടി പി ചന്ദ്രശേഖരന്‍ കേസ് സിബിഐക്ക് വിടാന്‍ വീണ്ടും ശുപാര്‍ശ നല്‍കാന്‍ നീക്കം.

കോണ്‍ഗ്രസ്-ബിജെപി നേതൃത്വങ്ങളില്‍ നിന്നും ലഭിച്ച ഉറപ്പിനെ തുടര്‍ന്നാണ് വെളളിയാഴ്ച വീണ്ടും കേസ് സിബിഐക്ക് വിടണമെന്ന അപേക്ഷ ചന്ദ്രശേഖരന്റെ വിധവ കെ.കെ രമ മുഖ്യമന്ത്രിക്ക് നല്‍കിയത്.

നവകേരള മാര്‍ച്ച് കണ്ണൂര്‍ ജില്ല പിന്നിട്ടപ്പോള്‍ തന്നെ പാര്‍ട്ടി ജില്ലാ സെക്രട്ടറി പി ജയരാജനെ കതിരൂര്‍ മനോജ് വധക്കേസില്‍ സിബിഐ പ്രതി ചേര്‍ത്തിരുന്നു. ടിപി ചന്ദ്രശേഖരന്‍ വധക്കേസിലും സിപിഎമ്മിന്റെ സംസ്ഥാനത്തെ ഉന്നത നേതാവിനൊപ്പം ജയരാജനെയും ആര്‍എംപി നേതൃത്വം പ്രതിസ്ഥാനത്ത് നിര്‍ത്തുന്നുണ്ട്.

നേരത്തെ ടിപി ചന്ദ്രശേഖരന്‍ വധഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കേരളസര്‍ക്കാര്‍ ശുപാര്‍ശ നല്‍കിയിരുന്നെങ്കിലും ഗൂഢാലോചനക്കേസ് മാത്രമായി അന്വേഷിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് സിബിഐ സ്വീകരിച്ചിരുന്നത്.

ഇത്തരമൊരു നിലപാട് സിബിഐ എടുത്തതിന് പിന്നില്‍ അന്നത്തെ യുപിഎ സര്‍ക്കാരിലെ ഒരു മുതിര്‍ന്ന കേന്ദ്രമന്ത്രിയുടെ ഇടപെടല്‍ ഉണ്ടായിരുന്നുവെന്ന് മുന്‍പ് ആരോപണവും ഉയര്‍ന്നിരുന്നു.

സിബിഐ അന്വേഷണം നടക്കണമെങ്കില്‍ ഹൈക്കോടതിയുടെ ഉത്തരവോ സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശയോ അനിവാര്യമാണ്.

കതിരൂര്‍ മനോജ് വധക്കേസില്‍ ബിജെപി പിടിമുറുക്കിയ സാഹചര്യത്തില്‍ ഡല്‍ഹിയിലെത്തി കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തില്‍ സിബിഐ അന്വേഷണം ആവശ്യം ഉന്നയിച്ച് രമ പരാതി നല്‍കിയിരുന്നു. എന്നാല്‍ വീണ്ടും സംസ്ഥാനസര്‍ക്കാരിന്റെ ശുപാര്‍ശ വരികയാണെങ്കില്‍ പരിഗണിക്കാമെന്ന നിലപാടാണ് സിബിഐയുടെ ചുമതലയുള്ള പേഴ്‌സണല്‍ മന്ത്രാലയം സ്വീകരിച്ചത്.

ഈയൊരു സാഹചര്യത്തിലാണ് മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് രമ വീണ്ടും ഈ ആവശ്യം ഉന്നയിച്ചത്. വടകര എം പിയായ മുല്ലപ്പള്ളി രാമചന്ദ്രനടക്കമുള്ള വലിയ വിഭാഗം നേതാക്കളും ഇതിനായി സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.

ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ തന്റെ ‘വിമോചനയാത്രയിലും’ ടി പി കേസ് ഗൂഢാലോചന സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ വരുന്നതോടെ ‘തടസ്സങ്ങള്‍’ മാറ്റി സിബിഐ കേസ് ഏറ്റെടുക്കുമെന്നാണ് സൂചന.

നിലവില്‍ ടി പി വധവുമായി ബന്ധപ്പെട്ട് സിപിഎം പാനൂര്‍ ഏരിയാകമ്മറ്റി അംഗം പി കെ കുഞ്ഞനന്തനടക്കമുള്ളവര്‍ ജയില്‍ശിക്ഷ അനുഭവിച്ച് വരികയാണ്. ഗൂഢാലോചനക്കേസ് സിബിഐ ഏറ്റെടുക്കുകയാണെങ്കില്‍ ഇവരെ സിബിഐ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും.

ഫലത്തില്‍ ഈ രണ്ട് വിവാദ കൊലക്കേസുകളും നവകേരള മാര്‍ച്ചിന്റെ സമാപനത്തിന് മുന്‍പ് തന്നെ സിപിഎമ്മിന് പുതിയ വെല്ലുവിളിയാണുയര്‍ത്തുന്നത്.

എന്നാല്‍ പാര്‍ട്ടിയെ തകര്‍ക്കാനുള്ള ആര്‍എസ്എസ്-സിബിഐ-യുഡിഎഫ് ഗൂഢാലോചന വിലപ്പോവില്ലെന്നും ചെറുത്തു തോല്‍പ്പിക്കുമെന്നുമാണ് സിപിഎമ്മിന്റെ അവകാശവാദം.

മുന്‍ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റായിരുന്ന ടി പി ചന്ദ്രശേഖരന്‍ സിപിഎം നേതൃത്വവുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് പാര്‍ട്ടി വിട്ട് റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി (RMP) രൂപീകരിച്ചതോടെയാണ് സിപിഎം നേതൃത്വവുമായി ഏറ്റുമുട്ടലിന്റെ പാതയിലെത്തിയത്.

ടി.പി. ചന്ദ്രശേഖരനെ 2012 മെയ് 4ന് രാത്രി 10 മണിക്ക് വടകരക്കടുത്തു വള്ളിക്കാട് വെച്ച് ഇന്നോവ കാറില്‍ പിന്തുടര്‍ന്നെത്തിയ കൊലയാളി സംഘം ബോംബെറിഞ്ഞു വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.