Latest News

പൂരപ്പൂക്കള്‍ മിഴി തുറന്നു; ഉത്തരകേരളത്തില്‍ ഇനി പൂരക്കാലം

ചെറുവത്തൂര്‍:[www.malabarflash.com] പൂരോത്സവത്തിന്‍െറ വരവറിയിച്ച് നാടെങ്ങും പൂരപ്പൂക്കള്‍ മിഴിതുറന്നു. ഉത്തരകേരളത്തില്‍ ഇനി ഒരുമാസം പൂരോത്സവത്തിന്‍െറ നാളുകള്‍. തെക്കിന്‍െറ പൂരമാണ് തൃശൂര്‍ പൂരമെങ്കില്‍ വടക്കിന്‍െറ പൂരമായി പൂരോത്സവത്തെ കരുതുന്നു.

ഹൈന്ദവ ഗൃഹങ്ങള്‍, ക്ഷേത്രങ്ങള്‍, കാവുകള്‍, കഴകങ്ങള്‍ എന്നിവിടങ്ങളില്‍ പൂരോത്സവം നടക്കും. കാമദേവ ആരാധനയുമായി ബന്ധപ്പെട്ട ചടങ്ങാണ് പൂരം. പെണ്‍കുട്ടികള്‍ പൂക്കളിട്ട് കാമദേവ പൂജ നടത്തും. ഒമ്പത് ദിവസങ്ങളിലാണ് പൂവിടല്‍ ചടങ്ങ്. ഇത് മീനമാസത്തിലെ കാര്‍ത്തിക മുതല്‍ പൂരം വരെയുള്ള ഒമ്പത് ദിവസങ്ങളാണ്. 

അതിരാണി, പാല, ചെമ്പകം, മുരിക്ക്, കുമിദ്, ചിട, നരയന്‍ പൂവ് എന്നീ പൂക്കള്‍ ഉപയോഗിച്ചാണ് കാമദേവനെ ആരാധിക്കുക. ഇതില്‍ നരയന്‍ പൂവാണ് ഉത്തരകേരളത്തില്‍ സുലഭമായുള്ളത്.
പിലിക്കോട് രയരമംഗലം ഭഗവതി ക്ഷേത്രം, ചെറുവത്തൂര്‍ വീരഭദ്ര ക്ഷേത്രം എന്നിവിടങ്ങളില്‍ ഒരുമാസക്കാലത്തെ പൂരോത്സവം നടക്കും. പ്രധാന ഉത്സവമായ പൂവിട്ടവിളക്ക് മാര്‍ച്ച് ആറിനും പൂരംകുളി മാര്‍ച്ച് 22നുമാണ്. 

പൂരോത്സവത്തിന്‍െറ ഭാഗമായി പൂരക്കളി, മറത്തുകളി എന്നിവയും ക്ഷേത്ര മുറ്റങ്ങളില്‍ അരങ്ങേറും. പാണ്ഡിത്യ പ്രതിഭ തെളിയിക്കും വിധത്തില്‍ നടക്കുന്ന മറത്തുകളി കാണാന്‍ നൂറുകണക്കിനാളുകളാണ് ക്ഷേത്രങ്ങളിലേക്ക് ഒഴുകുക. മറത്തുകളിക്കാവശ്യമായ പണിക്കന്മാരെ നിശ്ചയിച്ച് കൂട്ടിക്കൊണ്ടുപോകുന്ന ചടങ്ങും പൂരോത്സവ ഭാഗമായി നടക്കും.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.