Latest News

ചര്‍ച്ച ഫലം കണ്ടു; എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടിണി സമരം അവസാനിച്ചു

തിരുവനന്തപുരം:[www.malabarflash.com] എന്‍ഡോസള്‍ഫാന്‍ ഇരകള്‍ ഒമ്പതു ദിവസമായി സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തിവന്ന പട്ടിണിസമരം എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ അംഗീകൃത പട്ടിക പുതുക്കി നിശ്ചയിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയതിനെ തുടര്‍ന്ന് അവസാനിപ്പിച്ചു.

പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്റെ സാന്നിധ്യത്തില്‍ എന്‍ഡോസള്‍ഫാന്‍വിരുദ്ധ സമരസമിതി നേതാക്കള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കൃഷിമന്ത്രി കെ.പി മോഹനന്‍, ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണു സമരം അവസാനിപ്പിക്കാന്‍ തീരുമാനമായത്.

2013 വരെ സര്‍ക്കാര്‍ ദുരിതബാധിത മേഖലയില്‍ നടത്തിയ മെഡിക്കല്‍ ക്യാമ്പുകളില്‍ പങ്കെടുത്തവരില്‍ 5,837 പേരാണ് ദുരിതബാധിതരുടെ അംഗീകൃത പട്ടികയിലുള്ളത്. 2011 ലെ ക്യാമ്പില്‍ നിന്നു പട്ടികയില്‍ ഉള്‍പ്പെടുത്തിയ 1,318 പേരില്‍ 610 പേരെ വിവിധ കാരണങ്ങളാല്‍ അന്തിമപട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇവരെക്കൂടി പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന സമരസമിതിയുടെ പ്രധാന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചതായി ചര്‍ച്ചയ്ക്കുശേഷം മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ അറിയിച്ചു.

വിവിധ രോഗങ്ങള്‍ക്കു പുറമെ മൂന്നാം കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി അംഗപരിമിതരായ മറ്റുള്ളവര്‍ക്കു കൂടി സര്‍ക്കാര്‍ സഹായം അനുവദിക്കണമെന്നു 2010 ഡിസംബര്‍ 31 ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ‘അംഗവൈകല്യമുള്ളവര്‍’ എന്ന കമ്മീഷന്റെ നിര്‍വചനം ‘മറ്റു രോഗങ്ങള്‍’ എന്നാക്കി മാറ്റണമെന്ന സമരസമിതിയുടെ ആവശ്യവും സര്‍ക്കാര്‍ അംഗീകരിച്ചു. മൂന്നാം കാറ്റഗറിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് മൂന്നു ലക്ഷം രൂപ സഹായം നല്‍കണമെന്നാണു കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നത്. ഇതിനെ സ്ഥിരമായ രോഗങ്ങള്‍ ബാധിച്ചവര്‍, അല്ലാത്തവര്‍ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായി തരംതിരിക്കും. ഇവര്‍ക്ക് മൂന്നു മുതല്‍ ഒരു ലക്ഷം രൂപ വരെയാകും നഷ്ടപരിഹാരം.

ദുരിതബാധിതരെ തരംതിരിച്ചു നിശ്ചയിക്കാന്‍ ഡോ. ജയരാജ് അധ്യക്ഷനായും ഡോ. അഷ്‌റഫ്, ഡോ. അഷീല്‍ എന്നിവര്‍ അംഗങ്ങളുമായ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി. കമ്മീഷന്റെ നിര്‍ദേത്തിനു പുറമെ കാന്‍സര്‍ രോഗികളെയും നഷ്ടപരിഹാര പരിധിയില്‍ ഉള്‍പ്പെടുത്തി.

അടുത്ത മാസം അവസാനം കാസര്‍കോട് അഞ്ചു മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തും. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ ആര്‍ക്കും ജില്ലാ അതിര്‍ത്തി നോക്കാതെ ക്യാമ്പില്‍ പങ്കെടുക്കാം. മേഖലയില്‍ നേരത്തെ താമസിച്ചിരുന്നവര്‍ക്കും ഇതില്‍ പങ്കെടുക്കാം.

ദുരിതബാധിതരുടെ കടങ്ങള്‍ എഴുതിത്തള്ളുന്നതിനുള്ള നടപടികള്‍ എട്ടു മുതല്‍ ആരംഭിക്കും. ഇതിനായി പത്തുകോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.

കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മേഖലകളില്‍ സേവനം അനുഷ്ഠിക്കാന്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ വിമുഖത കാണിക്കുന്ന സാഹചര്യത്തില്‍ ഇതിനു തയാറുകുന്ന ഡോക്ടര്‍മാര്‍ക്ക് 20,000 രൂപ അധികബത്ത നല്‍കും. ദുരിതബാധിത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ബഡ്‌സ് സ്‌കൂളുകള്‍ എയ്ഡഡ് സ്‌കൂളുകളാക്കും. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി സര്‍ക്കാര്‍ ഇതുവരെ 148 കോടി രൂപ ചെലവാക്കി. ഇതില്‍ 44 കോടി പെന്‍ഷനിനത്തിലാണ് വിതരണം ചെയ്തത്. പ്ലാന്റേഷന്‍ കോര്‍പറേഷന്‍ 53 കോടി രൂപ നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

ചര്‍ച്ചയ്ക്കുശേഷം സമരസമിതി നേതാക്കളായ അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, അംബികാസുതന്‍ മാങ്ങാട്, സുബ്രഹ്മണ്യന്‍ എന്നിവരോടൊപ്പം പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദനും സമരപ്പന്തലിലെത്തി സര്‍ക്കാര്‍ തീരുമാനങ്ങള്‍ വിശദീകരിച്ചു.

അവിടെയുണ്ടായിരുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സമരക്കാരുമായി സര്‍ക്കാര്‍ തീരുമാനങ്ങള്‍ ചര്‍ച്ച ചെയ്തശേഷമാണ് സമരം അവസാനിപ്പിക്കുന്നതായി നേതാക്കള്‍ അറിയിച്ചത്.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.