Latest News

ഹക്കീം വധം: സി ബിഐ അന്വേഷണം അവസാനഘട്ടത്തില്‍

പയ്യന്നൂര്‍:[www.malabarflash.com] പ്രമാദമായ ഹക്കീം വധക്കേസില്‍ സിബിഐ അന്വേഷണം അവസാനഘട്ടത്തില്‍. ഇതിന്‍റെ ഭാഗമായി അന്വേഷണ പുരോഗതി വിലയിരുത്താന്‍ സി ബി ഐ എസ് പി പയ്യന്നൂരിലെത്തി. ചൊവ്വാഴ്ച ഉച്ചയോടെ പയ്യന്നൂരിലെത്തിയ എസ് പി ജോസ് മോഹനന്‍ ഹക്കീമിന്‍റെ മൃതദേഹം കണ്ടെത്തിയ കൊറ്റി ജുമാമസ്ജിദ് പരിസരം സന്ദര്‍ശിച്ചു. ശേഷം പയ്യന്നൂരില്‍ ക്യാമ്പ് ചെയ്യുന്ന അന്വേഷണ സംഘത്തിലെ ഇന്‍സ്പെക്ടര്‍ ഡാര്‍വിനോടും സംഘാംഗങ്ങളോടും കേസന്വേഷണ പുരോഗതി ചര്‍ച്ച ചെയ്തു.

സംഭവം നടന്ന കൊറ്റി ജുമാമസ്ജിദ് പരിസരം, മദ്രസക്ക് പിന്നിലായി മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സ്ഥലം, റസ്റ്റ് ഹൗസ് എന്നിവിടങ്ങളിലായി രണ്ടര മണിക്കൂറോളം ചെലവഴിച്ച ശേഷമാണ് എസ് പി തിരിച്ചുപോയത്.

മൂന്നുമാസങ്ങളായി ഇന്‍സ്പെക്ടര്‍ ഡാര്‍വിന്‍റെ നേതൃത്വത്തിലുള്ള സംഘം പയ്യന്നൂര്‍ റസ്റ്റ് ഹൗസില്‍ ക്യാമ്പ് ചെയ്ത അന്വേഷണം തുടരുകയാണ്. സി ബി ഐ അന്വേഷണത്തിന് മുമ്പ് കേസന്വേഷിച്ചിരുന്ന ക്രൈംബ്രാഞ്ച് സംഘം നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിന്‍റെ വിശകലനവും സംശയനിവാരണവുമായി മുന്നേറിയ അന്വേഷണങ്ങള്‍ക്കിടയില്‍ ഇവര്‍ ഹക്കീമിന്‍റെ ചില ബന്ധുക്കള്‍, ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ടവര്‍, ജുമാമസ്ജിദിലെ ഖത്തീബ് എന്നിങ്ങനെ പലരേയും ചോദ്യംചെയ്തു. പയ്യന്നൂരിലെ ചില ബാങ്കുകളിലെ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളും രജിസ്ട്രാഫീസിലെ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളും ശേഖരിച്ചിരുന്നു.

കൊറ്റി ജുമാമസ്ജിദ് ജീവനക്കാരനായ തെക്കേമമ്പലത്തെ ഹക്കീം കൊല്ലപ്പെട്ടതിന്‍റെ രണ്ടാംവാര്‍ഷികത്തിന് ഒരാഴ്ച മാത്രം ബാക്കി നില്‍ക്കെയാണ് സി ബി ഐ എസ് പി സംഭവ സ്ഥലം സന്ദര്‍ശിച്ചത്. 2014 ഫിബ്രവരി 10ന് രാവിലെയാണ് ഹക്കീമിന്‍റെ മൃതദേഹം കത്തിത്തീരാറായ നിലയില്‍ കൊറ്റി ജുമാമസ്ജിദ് വളപ്പില്‍ കാണപ്പെട്ടത്.

ഈ സംഭവത്തില്‍ ഹക്കീമിന്‍റെ സഹോദരന്‍ പി ഭാസ്കരന്‍റെ മൊഴി പ്രകാരം പയ്യന്നൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പിന്നീടാണ് കൊലപാതക കുറ്റത്തിന് 302-ാം വകുപ്പ് കൂട്ടിച്ചേര്‍ത്തത്.





Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.