Latest News

അജാനൂരില്‍ വ്യാപക അക്രമം; മൂന്ന് പേര്‍ക്ക് വെട്ടേററു, വീടുകളും വാഹനങ്ങളും തകര്‍ത്തു

കാഞ്ഞങ്ങാട്:[www.malabarflash.com] അജാനൂര്‍ പഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ വ്യാപകമായി അക്രമം. മൂന്ന് സി.പി.എം. പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. മര്‍ദ്ദനമേറ്റ് നിരവധി പേരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ആറു വീടുകള്‍ എറിഞ്ഞു തകര്‍ത്തു. വൈകിട്ട് അഞ്ചരമണിക്ക് തുടങ്ങിയ സംഘര്‍ഷാവസ്ഥ രാത്രി വൈകിയും തുടരുകയാണ്.

ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന്‍ ഇട്ടമ്മലിലെ ബജേഷിനെ (23) ഒരു സംഘം ചേറ്റുകുണ്ട് പാലത്തിനടിയില്‍ വെച്ച് അക്രമിച്ചതോടെയാണ് സംഭവത്തിന്റെ തുടക്കം. വയറ്റത്ത് കുത്തേറ്റ ബജേഷിനെ പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീടുണ്ടായ സംഘര്‍ഷാവസ്ഥക്കിടയില്‍ പെരിയയില്‍ നിന്നും ബൈക്കില്‍ ഇട്ടമ്മലിലേക്ക് പോവുകയായിരുന്ന സി.പി.എം. പ്രവര്‍ത്തകന്‍ കൊളവയലിലെ ഷൈജു (33), സജിത്ത് (32) എന്നിവരെ ഒരു സംഘം അക്രമിച്ചു. ഷൈജുവിന്റെ വലതുകാലിന് വാള്‍കൊണ്ട് വെട്ടേറ്റു. മര്‍ദ്ദനമേറ്റ സജിത്ത് ഓടി രക്ഷപ്പെട്ട് വിവരം പാര്‍ട്ടി നേതാക്കളെ അറിയിച്ചു. 

നേതാക്കള്‍ വിവരം പൊലീസിന് കൈമാറി. പൊലീസ് എത്തിയാണ് ഷൈജുവിനെ രക്ഷിച്ച് ആസ്പത്രിയിലെത്തിച്ചത്. കാഞ്ഞങ്ങാട് ആസ്പത്രിയില്‍ പ്രഥമശുശ്രൂഷക്ക് ശേഷം മംഗലാപുരത്തേക്ക് കൊണ്ടുപോയി. 

ഇട്ടമ്മലിലേക്ക് പോവുകയായിരുന്ന കൃപേഷ് (20), മിഥുന്‍ (21) എന്നിവരും പിന്നീട് അക്രമിക്കപ്പെട്ടു. ഇതേസമയത്ത് തന്നെ രാവണേശ്വരത്തും അക്രമം നടന്നു. സി.പി.എം. പ്രവര്‍ത്തകരായ മുക്കൂടലിലെ സുജിത്ത് (23), സുനില്‍ (20) എന്നിവര്‍ക്ക് മര്‍ദ്ദനമേറ്റു. ഇവരെ കാഞ്ഞങ്ങാട് മണ്‍സൂര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
രാത്രി എട്ടരമണിയോടെയാണ് ചിത്താരിയില്‍ വീടുകള്‍ക്ക് നേരെ അക്രമമുണ്ടായത്. ആദ്യം നാല് വീടുകള്‍ എറിഞ്ഞു തകര്‍ത്തു. പൊലീസില്‍ വിവരമറിയിച്ചെങ്കിലും എത്താന്‍ വൈകി. അക്രമം നടന്ന വീടുകള്‍ സന്ദര്‍ശിച്ച ശേഷം പൊലീസ് മടങ്ങിയതോടെ വീണ്ടും രണ്ടു വീടുകള്‍ കൂടി എറിഞ്ഞു തകര്‍ത്തു. ട്രാന്‍സ്‌ഫോര്‍മറിന്റെ ഫ്യൂസ് ഊരി പ്രദേശത്തെ ഇരുട്ടിലാക്കിയ ശേഷമായിരുന്നു വീടിന് നേരെ അക്രമം നടത്തിയത്. അതതേ സമയം ഈ ഭാഗത്ത് വാഹനങ്ങള്‍ക്ക് നേരെയും അക്രമമുണ്ടായതായും വിവരമുണ്ട്.
സി.പി.എം. പ്രവര്‍ത്തകരായ മാധവി, രാഘവന്‍, കുഞ്ഞിക്കണ്ണന്‍, രവീന്ദ്രന്‍, മാണിക്കം, ഉദയകുമാരി എന്നിവരുടെ വീടുകളാണ് തകര്‍ത്തത്.
ഹൊസ്ദുര്‍ഗ് ഡി.വൈ.എസ്.പി. : ഹരിശ്ചന്ദ്രനായകിന്റെ നേതൃത്വത്തില്‍ പ്രശ്‌നബാധിത പ്രദേശങ്ങളില്‍ പൊലീസ് റോന്ത് ചുറ്റുന്നുണ്ട്. അക്രമസംഭവങ്ങള്‍ പൊലിപ്പിച്ചുകൊണ്ടുള്ള വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ വിശ്വസിക്കരുതെന്ന് പൊലീസ് അറിയിച്ചു. 

കൂടാതെ തിങ്കളാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്ന രീതിയില്‍ സന്ദേശങ്ങള്‍ പ്രചരിക്കുന്നുണ്ടെന്നും അങ്ങനെയുള്ള യാതൊരു പ്രഖ്യാപനവും ഇല്ലെന്നും ഡി.വൈ.എഫ്.ഐ. നേതാക്കള്‍ പറഞ്ഞു. അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.