Latest News

ഷാന്‍ ജോണ്‍സനു കണ്ണീര്‍പ്രണാമം; പിതാവിനും സഹോദരനുമൊപ്പം അന്ത്യനിദ്ര

തൃശൂര്‍:[www.malabarflash.com] യുവ സംഗീത സംവിധായികയും സംഗീത സംവിധായകന്‍ ജോണ്‍സന്റെ മകളുമായ ഷാന്‍ ജോണ്‍സനു ജന്മനാടിന്റെ കണ്ണീര്‍പ്രണാമം. ഞായറാഴ്ച ഉച്ചയ്ക്കു രണ്ടരയോടെ നെല്ലിക്കുന്ന് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ പിതാവ് ജോണ്‍സന്റെയും സഹോദരന്‍ റെന്നിന്റെയും സംസ്‌കാരം നടത്തിയ കുടുംബകല്ലറയിലാണു ഷാനിന്റെയും മൃതദേഹം സംസ്‌കരിച്ചത്. ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരുമടങ്ങുന്ന വന്‍ ജനാവലി അന്തിമോപചാരം അര്‍പ്പിക്കാനും സംസ്‌കാര ചടങ്ങുകള്‍ക്കു സാക്ഷ്യം വഹിക്കാനുമെത്തി.

ശനിയാഴ്ച രാത്രി ചെന്നൈയില്‍നിന്നു റോഡുമാര്‍ഗം തൃശൂര്‍ ചേലക്കോട്ടുകരയിലെ വസതിയിലെത്തിച്ച മൃതദേഹം രാവിലെ പത്തോടെ പൊതുദര്‍ശനത്തിനു വച്ചു. മുന്‍ മന്ത്രി എം.എ. ബേബി, കെപിസിസി ജനറല്‍ സെക്രട്ടറി പത്മജ വേണുഗോപാല്‍, എംഎല്‍എമാരായ അഡ്വ.തേറമ്പില്‍ രാമകൃഷ്ണന്‍, എം.പി. വിന്‍സന്റ്, സംവിധായകരായ സത്യന്‍ അന്തിക്കാട്, സിബി മലയില്‍, കമല്‍, സംഗീത സംവിധായകരായ ഔസേപ്പച്ചന്‍, വിദ്യാധരന്‍ മാസ്റ്റര്‍ തുടങ്ങി നിരവധിപേര്‍ പ്രണാമമര്‍പ്പിച്ചു. ആര്‍ച്ച്ബിഷപ് എമരിറ്റസ് മാര്‍ ജേക്കബ് തൂങ്കുഴി, ഫാ. ജോസ് ചാലയ്ക്കല്‍, ഫാ. തങ്കച്ചന്‍ വില്‍ഫ്രഡ് എന്നിവര്‍ അന്ത്യശുശ്രൂഷ നല്കി.

കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണു ചെന്നൈയിലെ ഫ്‌ളാറ്റില്‍ 29കാരിയായ ഷാന്‍ ജോണ്‍സനെ മരിച്ചനിലയില്‍ കണെ്ടത്തിയത്. മരണ കാരണം ഹൃദയാഘാതമാണെന്നാണു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. 2011 ഓഗസ്റ്റിലായിരുന്നു ജോണ്‍സന്റെ മരണം. 2012 ഫെബ്രുവരി 24നു മകന്‍ റെന്‍ വാഹനാപകടത്തിലും മരിച്ചു.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.