Latest News

കിണറ്റിലിറങ്ങിയ രണ്ടു തൊഴിലാളികളും രക്ഷിക്കാനിറങ്ങിയ യുവാവും ശ്വാസംമുട്ടി മരിച്ചു

കോട്ടയം:[www.malabarflash.com] കിണര്‍ വൃത്തിയാക്കാനിറങ്ങിയ രണ്ട്് ഇതര സംസ്ഥാന തൊഴിലാളികളും രക്ഷിക്കാനെത്തിയ യുവാവും ശ്വാസംമുട്ടി മരിച്ചു. കുറിച്ചിയില്‍ വാടകയ്ക്കു താമസിക്കുന്ന ചങ്ങനാശേരി മാമ്മൂട് ശാന്തിപുരം സ്വദേശി ആന്റണി പി. വര്‍ഗീസ് (ഷിബു-44), കോല്‍ക്കത്ത മാള്‍ഡ സ്വദേശികളായ മുസ്താര്‍(26), ജഹാംഗിര്‍(24) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച ഉച്ചകഴിഞ്ഞു രണ്ടിനു കുറിച്ചി കാലായിപ്പടിക്കു സമീപം നെല്ലിത്താനത്താണു സംഭവം. ഇടശേരില്‍ ചെല്ലപ്പന്റെ വസ്തുവിലെ 50 അടിയിലേറെ ആഴമുള്ള കിണറ്റിലാണ് അപകടം.

കിണര്‍ വൃത്തിയാക്കാനെത്തിയ ബംഗാളി സ്വദേശികള്‍ കിണറിനുള്ളില്‍ അപകടത്തില്‍പ്പെട്ടതറിഞ്ഞു തൊട്ടടുത്തു താമസിക്കുന്ന ഷിബു ഇവരെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങുകയായിരുന്നു. സമീപത്തു നിര്‍മാണ ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന ബംഗാളി സ്വദേശികള്‍ ചെല്ലപ്പന്റെ കിണര്‍ വൃത്തിയാക്കിത്തരാമെന്നു നേരത്തെ പറഞ്ഞിരുന്നു.

വാടകയ്‌ക്കെടുത്ത മോട്ടോറുമായി കിണറ്റിലിറങ്ങിയ മുസ്താറിനു മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ചതോടെ ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടു. ഇതോടെ മോട്ടോര്‍ വലിച്ചു കരയ്ക്കു കയറ്റിയശേഷം ജഹാംഗീറും പിന്നാലെ ഷിബുവും കിണറ്റിലിറങ്ങുകയായിരുന്നു. മൂവരും കിണറില്‍ കുടുങ്ങിയതോടെ നാട്ടുകാര്‍ ചിങ്ങവനം പോലീസിലും ഫയര്‍ഫോഴ്‌സിലും വിവരം അറിയിച്ചു. മോട്ടോറില്‍ നിന്നുള്ള പുകയാണ് അപകട കാരണമെന്നാണു പോലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും നിഗമനം.

കോട്ടയത്തുനിന്ന് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ വി.വി. സുബികുമാര്‍, ചങ്ങനാശേരി സ്റ്റേഷന്‍ ഓഫീസര്‍ സുനില്‍ ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള ഫയര്‍ഫോഴ്‌സ് സംഘം ഒരു മണിക്കൂര്‍കൊണ്ടാണു മൂന്നു പേരെയും പുറത്തെത്തിച്ചത്. ഫയര്‍ഫോഴ്‌സ് ഡ്രൈവറായ ടി.യു. ഷാജി മാസ്‌ക് ധരിച്ചു കിണറ്റിലിറങ്ങി മൂവരെയും വലയ്ക്കുള്ളിലാക്കി കരയ്‌ക്കെത്തിക്കുകയായിരുന്നു. സംഭവമറിഞ്ഞ് നൂറുകണക്കിനാളുകളാണ് പ്രദേശത്ത് തടിച്ചുകൂടിയത്.

കോല്‍ക്കത്ത സ്വദേശികളുടെ മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും ആന്‍ണിയുടെ മൃതദേഹം ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിലേക്കും മാറ്റി.

ആന്റണിയുടെ സംസ്‌കാരം തിങ്കളാഴ്ച വൈകുന്നേരം നാലിന് നെടുങ്ങാടപ്പള്ളി സെന്റ് അത്തനേഷ്യസ് പള്ളിയില്‍. ചക്കുങ്കല്‍ പരേതനായ വര്‍ഗീസിന്റെയും അച്ചാമ്മയുടെയും മകനാണ് ആന്റണി. ഭാര്യ മേരി അങ്കമാലി സ്വദേശിനിയാണ്.

സഹോദരങ്ങള്‍: ജോസഫ് വര്‍ഗീസ് (സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ചങ്ങനാശേരി), മാത്യു, മറിയാമ്മ, അന്നമ്മ.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.