Latest News

കൊലക്കേസില്‍ പ്രതിയായ കുട്ടിക്കുറ്റവാളി ജാമ്യത്തിലിറങ്ങി വൃദ്ധയെ കൊലപ്പെടുത്തി

ന്യൂഡല്‍ഹി:[www.malabarflash.com] കൊലക്കേസില്‍ പ്രതിയായ കുട്ടിക്കുറ്റവാളി ജാമ്യത്തില്‍ പുറത്തിറങ്ങി വൃദ്ധയെ കൊലപ്പെടുത്തി വീട് കൊള്ളയടിച്ചു. അഞ്ചു മാസത്തിനുള്ളില്‍ രണ്ടു കൊലപാതകം നടത്തിയ കുട്ടിക്കുറ്റവാളിയെ ഭേദഗതി ചെയ്ത ബാലനീതി നിയമ പ്രകാരം വിചാരണ ചെയ്യും.

പതിമൂന്നുകാരനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ടു ദുര്‍ഗുണ പരിഹാര പാഠശാലയില്‍ കഴിഞ്ഞിരുന്ന പതിനേഴുകാരനാണു പുറത്തിറങ്ങി വീണ്ടും കൊലപാതകം നടത്തിയത്. ദക്ഷിണ ഡല്‍ഹിയിലെ ബികെ ദത്ത് കോളനിയില്‍ ഒറ്റയ്ക്കു കഴിഞ്ഞിരുന്ന 65 കാരി മിതിലേഷ് ജയിന്‍ എന്ന റിട്ടയേര്‍ഡ് മിലിട്ടറി എന്‍ജിനീയര്‍ ഉദ്യോഗസ്ഥയെയാണ് കൊലപ്പെടുത്തിയത്. ഇവരുടെ വീട്ടില്‍ നിന്നും സ്വര്‍ണവും പണവും മൊബൈല്‍ ഫോണുകളും കൊള്ളയടിക്കുകയും ചെയ്തു.

കൂട്ടുകാരനെ തിരക്കിയെന്ന വ്യാജേന മിതിലേഷിന്റെ വീട്ടിലെത്തിയ പ്രതി കുടിക്കാന്‍ വെള്ളം ചോദിച്ചു. വെള്ളം എടുക്കാന്‍ അകത്തേക്കു പോയ മിതിലേഷിന്റെ പിന്നാലെയെത്തി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. മിതിലേഷിന്റെ മരണം സ്വാഭാവികമെന്ന് ആദ്യം കരുതിയ പോലീസ് പിന്നീട് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശ്വാസംമുട്ടി മരിച്ചതായി കണെ്ടത്തിയതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. മിതിലേഷിന്റെ വീട്ടില്‍ നിന്നും കവര്‍ന്നെടുത്ത ഐ ഫോണ്‍ ഓണ്‍ ചെയ്തപ്പോഴാണു കുട്ടിക്കുറ്റവാളിയെ പോലീസ് പിന്തുടര്‍ന്നു പിടികൂടിയത്. ഫരീദാബാദില്‍ നിന്നാണ് ഇയാളെ ഇയാളെ അറസ്റ്റു ചെയ്തത്. ചോദ്യം ചെയ്യലിനിടെ ചാനല്‍പരിപാടിയിലെ ഡാന്‍സില്‍ പങ്കെടുക്കുന്നതിനു പണം കണെ്ടത്തുന്നതിനു വേണ്ടിയാണു വീണ്ടും കൊലപാതകം നടത്തിയതെന്ന് ഇയാള്‍ പോലീസിനോടു സമ്മതിച്ചു. മുന്‍പ് പതിമൂന്നുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതും ഇതേ ആവശ്യത്തിനായിരുന്നു.

ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡിന്റെ അനുമതി ലഭിച്ചാല്‍ പുതുക്കിയ ബാലനീതി നിയമപ്രകാരം ശിക്ഷയനുഭവിക്കുന്ന ആദ്യ പ്രതിയാകും ഈ പതിനേഴുകാരന്‍. ഭേദഗതി ചെയ്ത നിയമം അനുസരിച്ചു ഗൗരവതരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന 16നും 18നും ഇടയ്ക്കു പ്രായമുള്ളവരെ മുതിര്‍ന്നവരായി കണക്കാക്കും.

കഴിഞ്ഞ സെപ്റ്റംബറിലാണു കുട്ടിക്കുറ്റവാളി പതിമൂന്നു വയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ടു ദുര്‍ഗുണ പരിഹാര പാഠശാലയിലെത്തുന്നത്. സ്വപ്‌നേഷ് ഗുപ്ത എന്ന പതിമൂന്നുകാരനെ ബെല്‍റ്റ് കൊണ്ടു ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി കൊക്കയിലെറിയുകയായിരുന്നു. പതിമൂന്നു വയസുള്ള ആണ്‍കുട്ടിയെ തന്റെ പെണ്‍സുഹൃത്തിനൊപ്പം തട്ടിക്കൊണ്ടു പോയതിനുശേഷം ആവശ്യപ്പെട്ട 60,000 രൂപ മോചനദ്രവ്യം കിട്ടാതെ വന്നപ്പോള്‍ കൊലപ്പെടുത്തുകയായിരുന്നു. ഈ കേസില്‍ ശിക്ഷ അനുഭവിച്ചു വരവെ ഇയാളുടെ മാതാപിതാക്കളുടെ ആവശ്യപ്രകാരം പത്താംക്‌ളാസ് പരീക്ഷ എഴുതുന്നതിനായി വിട്ടയക്കുകയായിരുന്നു. കേസില്‍ ശിക്ഷയനുഭവിച്ചു വന്നിരുന്ന ഇയാളുടെ സുഹൃത്തായ പതിനേഴുകാരി പെണ്‍കുട്ടിയും ഡിസംബറില്‍ മോചിതയായിരുന്നു. പെരുമാറ്റവും സ്വഭാവവും തൃപ്തികരമാണെന്ന കൗണ്‍സിലര്‍മാരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു മോചനം.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.