Latest News

കണ്ണൂര്‍ സ്‌ഫോടനം; അനൂപ് റിമാന്റില്‍

കണ്ണൂര്‍:[www.malabarflash.com] പൊടിക്കുണ്ട് രാജേന്ദ്രനഗര്‍ കോളനിയിലെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് പോലീസ് പിടികൂടിയ പന്നേന്‍പാറ ചാക്കാട്ട് പീടിക സ്വദേശി അനൂപിനെ കോടതിയില്‍ ഹാജരാക്കി. ഇയാളെ മജിസ്‌ട്രേറ്റ് രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. പ്രതിയെ പിന്നീട് കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ തെളിവെടുപ്പ് നടത്തും.

അനൂപിനൊപ്പം താമസിക്കുന്ന റാഹിലയെയും മക്കളെയും പോലീസ് ചോദ്യംചെയ്യും. പരീക്ഷയായതിനാല്‍ റാഹിലയുടെ ഇളയകുട്ടി ബന്ധുവീട്ടില്‍ പോയിരിക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ പൊള്ളലേറ്റ ഹിബ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഹിബ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

സമീപവാസികളോട് അനുമാലിക് എന്ന പേരാണ് അനൂപ് പറഞ്ഞത്. മൂന്ന് വര്‍ഷം മുമ്പാണ് ഇയാള്‍ രാജേന്ദ്ര നഗര്‍ കോളനിയിലെ ഇരുനിലവീട് വാടകക്കെടുത്തത്. മയ്യില്‍ സ്വദേശിനിയും അമേരിക്കയില്‍ താമസക്കാരിയുമായ ജ്യോത്സ്‌നയുടെ വീടാണിത്. 15,000 രൂപയാണ് മാസവാടക. അയല്‍വാസികളുടെ ശ്രദ്ധപതിയാതിരിക്കാന്‍ അനൂപ് തന്റെ വീട്ടിന്റെ മതിലില്‍ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയിരുന്നു.

പരിചയമില്ലാത്തയാളായതിനാല്‍ അയല്‍വാസികള്‍ ഈ വീട്ടുകാരുമായി നല്ല ബന്ധത്തിലായിരുന്നില്ല. അതേസമയം അനുപും അകല്‍ച്ചപാലിച്ചു. അനൂപ് ബിസിനസുകാരനാണെന്നും ഭാര്യയും മക്കളുമാണ് കൂടെയുള്ളതെന്നുമാണ് ഇവര്‍ കരുതിയത്.

പല ദിവസങ്ങളിലും രാവിലെ കാറില്‍ പുറത്തുപോകുന്ന അനൂപ് മാലിക് ഉച്ചയോടെ വീട്ടില്‍ തിരിച്ചെത്തുമായിരുന്നു. വീട്ടിനകത്ത് അനധികൃതമായി പടക്ക വിപണനം നടത്തിയിരുന്നയാളാണ് അനൂപെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. 2009ലും 2013ലും അനധികൃത പടക്കം സൂക്ഷിച്ചതിന് വളപട്ടണം പോലീസ് ഇയാളെ പിടികൂടിയിരുന്നു. ഇതിന് ശേഷവും ഈ കച്ചവടം ഇയാള്‍ വീണ്ടും പൊടിപൊടിക്കുകയായിരുന്നുവെന്നാണ് സ്‌ഫോടനത്തിലൂടെ തെളിയുന്നത്.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.