Latest News

തളങ്കരയില്‍ റയില്‍വേ പാലത്തില്‍ ബോംബ് വച്ചെന്നു സന്ദേശം; ട്രെയിന്‍ ഗതാഗതം ഒരുമണിക്കൂറോളം മുടങ്ങി

കാസര്‍കോട്:[www.malabarflash.com] ചന്ദ്രഗിരിപ്പുഴയ്ക്കു കുറുകെ തളങ്കരയിലെ റയില്‍വേ മേല്‍പ്പാലത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്നു ഫോണ്‍ സന്ദേശം. ഇതേത്തുടര്‍ന്നു പോലീസും ബോംബ് സ്‌ക്വാഡും റയില്‍വേ പോലീസും പാലത്തിലും റയില്‍വേ സ്‌റ്റേഷനിലും വ്യാപകപരിശോധന നടത്തി. വ്യാജബോംബ് ഭീഷണിയെത്തുടര്‍ന്നു ട്രെയിന്‍ ഗതാഗതം ഒരുമണിക്കൂറോളം മുടങ്ങി.

ബുധനാഴ്ച രാത്രി 8.05നു കാസര്‍കോട് ടൗണ്‍ പൊലീസ് സ്‌റ്റേഷനിലേക്കാണ് ഫോണ്‍ സന്ദേശമെത്തിയത്. 28 സെക്കന്‍ഡ് നീണ്ടുനിന്ന സംഭാഷണത്തില്‍ തളങ്കര റയില്‍വേ പാലത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്നും ഉടന്‍ പൊട്ടുമെന്നുമായിരുന്നു ഭീഷണി. വിദേശത്തു നിന്നുള്ള ഫോണ്‍കോളില്‍ പുരുഷനായിരുന്നു വിളിച്ചതെന്നു പോലീസ് പറഞ്ഞു.

ഇതേത്തുടര്‍ന്നു ടൗണ്‍ പൊലീസും റയില്‍വേ പോലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി. 250 മീറ്റര്‍ നീളമുള്ള രണ്ട് പാലങ്ങളിലും പൊലീസ് സംഘം പരിശോധന നടത്തി. പാലത്തിനു സമീപമുള്ളവരെ പൊലീസ് ഒഴിപ്പിച്ചു. രണ്ടു തവണ ഡോഗ്‌സ്‌ക്വാഡും ബോംബ്‌സ്‌ക്വാഡും പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്നു തീരദേശ പൊലീസിന്റെ സഹായത്തോടെ ബോട്ടില്‍ പാലത്തിന്റെ അടിയിലും പരിശോധന നടത്തിയതിന് ശേഷം വ്യാജസന്ദേശമാണെന്നു സ്ഥിരീകരിക്കുകയായിരുന്നു.

കാസര്‍കോട് ടൗണ്‍ സിഐ എം.പി. ആസാദ്, എസ്‌ഐ രഞ്ജിത്ത് രവീന്ദ്രന്‍, ആര്‍പിഎഫ് ഇന്‍സ്ട്രക്ടര്‍ എ.പി. വേണു, എഎസ്‌ഐ എം. രാജന്‍, ചിത്രരാജ്, ബോംബ് സ്‌ക്വാഡിലെ എഎസ്‌ഐ കൃഷ്ണന്‍, ജോസഫ്, ജിന്‍സ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തിരച്ചില്‍ നടത്തിയത്.

ബോംബ് ഭീഷണിയെത്തുടര്‍ന്നു കാസര്‍കോട് സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന മംഗളൂരു– കച്ചിഗുഡെ എക്‌സ്പ്രസ്, കോട്ടിക്കുളം സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ട ചെന്നൈ എഗ്‌മോര്‍– മംഗളൂരു എക്‌സ്പ്രസ് ട്രെയിനുകള്‍ 9.45നു സര്‍വീസ് തുടര്‍ന്നു. ഫോണ്‍കോളിന്റെ ഉറവിടത്തെക്കുറിച്ചു സൈബര്‍ സെല്‍ അന്വേഷണം തുടങ്ങി.



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.