Latest News

ആര്‍എസ്എസ് നേതാവിനെ വധിച്ച കേസില്‍ 7 സിപിഎമ്മുകാര്‍ക്കു ജീവപര്യന്തം കഠിനതടവ്‌

മാവേലിക്കര:[www.malabarflash.com] ആര്‍എസ്എസ് ചാരുംമൂട് താലൂക്ക് കാര്യവാഹ് വള്ളികുന്നം നെടയിത്ത് ജി. ചന്ദ്രനെ (39) കൊലപ്പെടുത്തിയ കേസില്‍ ഏഴു സിപിഎം പ്രവര്‍ത്തകര്‍ക്കു ജീവപര്യന്തം കഠിനതടവ് ശിക്ഷ. 30,000 രൂപ വീതം പിഴയടയ്ക്കണമെന്നും അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി ജോണ്‍സന്‍ ജോണ്‍ ഉത്തരവിട്ടു.

സിപിഎം പ്രവര്‍ത്തകരായ വെട്ടിയാര്‍ കോട്ടയ്ക്കകത്ത് ഓമനക്കുട്ടന്‍ (45), റോബിന്‍ വില്ലയില്‍ റോഷന്‍ (30), സഹോദരന്‍ റോബിന്‍, കോട്ടയ്ക്കകത്ത് പ്രദീപ് (30), സഹോദരന്‍ പ്രവീണ്‍ (27), മുളംകുറ്റിയില്‍ സുനില്‍ (37), നെടുങ്കണ്ടത്ത് കുഞ്ഞുമോന്‍ (70) എന്നിവരെയാണു ശിക്ഷിച്ചത്. പിഴത്തുക കൊല്ലപ്പെട്ട ചന്ദ്രന്റെ കുടുംബാംഗങ്ങള്‍ക്കു നല്‍കണം. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധികതടവ് അനുഭവിക്കണം.

2007 ഏപ്രില്‍ 20നു രാത്രി 11.30നു വെട്ടിയാര്‍ പടിപ്പുര ജംഗ്ഷനു സമീപമുള്ള കല്ലുവെട്ടു കുഴിയില്‍വച്ചു വടിവാള്‍, ഇരുമ്പ് പൈപ്പ്, തുഴ, കേബിള്‍ എന്നിവ ഉപയോഗിച്ച് ആക്രമിച്ചു ചന്ദ്രനെ കൊലപ്പെടുത്തിയെന്നാണു പ്രോസിക്യൂഷന്‍ കേസ്.

വെട്ടിയാറില്‍ ആക്രമിക്കപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിക്കാന്‍ എത്തിയ ചന്ദ്രനെ സിപിഎം പ്രവര്‍ത്തകര്‍ സംഘമായെത്തി ആക്രമിച്ചു കല്ലുവെട്ടു കുഴിയിലിട്ടു കൊലപ്പെടുത്തിയെന്നു പ്രോസിക്യൂഷന്‍ കേസില്‍ പറയുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.