Latest News

മുസ്‌ലിം ലീഗ് മൂന്നു സീറ്റുകളില്‍കൂടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

മലപ്പുറം:[www.malabarflash.com] നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്‌ലിംലീഗ് മത്സരിക്കുന്ന മൂന്ന് സീറ്റുകളില്‍ കൂടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. പാണക്കാട്ട് ചേര്‍ന്ന മുസ്‌ലിംലീഗ് ഉന്നതാധികാര സമിതി യോഗത്തിനു ശേഷം വിളിച്ച വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.

ഗുരുവായൂരില്‍ മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡണ്ട് പി.എം സാദിഖലിയും ബാലുശ്ശേരിയില്‍ ദലിത്‌ലീഗ് സംസ്ഥാന പ്രസിഡണ്ട് യു.സി രാമനും കുറ്റ്യാടി മണ്ഡലത്തില്‍ മുസ്‌ലിംലീഗ് കോഴിക്കോട് ജില്ലാ ട്രഷറര്‍ പാറക്കല്‍ അബ്ദുല്ലയും മത്സരിക്കും. ഇരവിപുരത്തിനു പകരമുള്ള സീറ്റ് സംബന്ധിച്ച് കോണ്‍ഗ്രസുമായി കൂടുതല്‍ ചര്‍ച്ച ആവശ്യമായതിനാല്‍ ഈ സീറ്റിലെ സ്ഥാനാര്‍ത്ഥിയെ പിന്നീട് പ്രഖ്യാപിക്കും.


ഇരവിപുരത്തിനു ബദലുള്ള സീറ്റ് കേരളത്തില്‍ എവിടെയുമാകാമെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനുത്തരമായി ദേശീയ ട്രഷറര്‍ പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്‌ലിംലീഗ് മത്സരിക്കുന്ന 20 സീറ്റുകളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പേ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. ദേശീയ പ്രസിഡണ്ട് ഇ. അഹമ്മദ് എം.പി, ദേശീയ ട്രഷററും വ്യവസായ ഐ.ടി മന്ത്രിയുമായ പി.കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, ദേശീയ സെക്രട്ടറിമാരായ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, എം.പി അബ്ദുസമദ് സമദാനി, സംസ്ഥാന സെക്രട്ടറിമാരായ പി.വി അബ്ദുല്‍ വഹാബ് എം.പി, കെ.എസ് ഹംസ, മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ കെ.എന്‍.എ ഖാദര്‍ എം.എല്‍.എ തുടങ്ങിയവരും സന്നിഹിതരായിരുന്നു.


മുസ്‌ലിംലീഗ് നേരത്തെ പ്രഖ്യാപിച്ച സീറ്റുകളില്‍ മത്സരിക്കുന്നവര്‍ ഇപ്രകാരം: വേങ്ങര- ദേശീയ ട്രഷററും വ്യവസായമന്ത്രിയുമായ പി.കെ കുഞ്ഞാലിക്കുട്ടി, കളമശേരി-മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ,് കോഴിക്കോട് സൗത്ത്- മന്ത്രി ഡോ. എം.കെ മുനീര്‍, തിരൂരങ്ങാടി-മന്ത്രി പി.കെ അബ്ദുറബ്ബ്, പെരിന്തല്‍മണ്ണ-മഞ്ഞളാംകുഴി അലി, മഞ്ചേശ്വരം-പി.ബി അബ്ദുറസാഖ്, കാസര്‍കോട്-എന്‍.എ നെല്ലിക്കുന്ന്, അഴീക്കോട്- കെ.എം ഷാജി, തിരുവമ്പാടി- വി.എം ഉമര്‍ മാസ്റ്റര്‍, കൊടുവള്ളി-എം.എ റസാഖ് മാസ്റ്റര്‍, വള്ളിക്കുന്ന്- പി അബ്ദുല്‍ഹമീദ്, കോട്ടക്കല്‍ -പ്രൊഫ കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍, തിരൂര്‍-സി മമ്മുട്ടി, താനൂര്‍-അബ്ദുറഹിമാന്‍ രണ്ടത്താണി, മലപ്പുറം-പി ഉബൈദുല്ല, കൊണ്ടോട്ടി-ടി.വി ഇബ്രാഹീം, ഏറനാട് -പികെ ബഷീര്‍, മഞ്ചേരി-അഡ്വ എം ഉമ്മര്‍, മങ്കട-ടി.എ അഹമ്മദ് കബീര്‍, മണ്ണാര്‍ക്കാട്-അഡ്വ എന്‍ ഷംസുദ്ദീന്‍. 24 സീറ്റുകളിലാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്‌ലിംലീഗ് മത്സരിച്ചത്.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.