കണ്ണൂര്‍:[www.malabarflash.com] പൊടിക്കുണ്ടില്‍ വ്യാഴാഴ്ച അര്‍ദ്ധരാത്രി നടന്ന ഉഗ്രസ്‌ഫോടനത്തില്‍ നിരവധി വീടുകള്‍ തകര്‍ന്ന സംഭവവുമായി ബന്ധപ്പെട്ട് വാടകവീട്ടില്‍ താമസിച്ചിരുന്ന അലവില്‍ സ്വദേശി അനൂപ് എന്ന അനുമാലിക്കിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂര്‍ ടൗണ്‍ പോലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്താല്‍ മാത്രമേ സ്‌ഫോടനത്തെപ്പറ്റിയുള്ള യഥാര്‍ത്ഥകാരണം വ്യക്തമാവുകയുള്ളൂ.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
നിഗൂഢതകള്‍ നിറഞ്ഞ ജീവിതം നയിച്ചിരുന്നയാളാണ് അനുമാലിക്കും കുടുംബവുമെന്നാണ് അയല്‍വാസികളും നാട്ടുകാരും പറയുന്നത്. അധികമാരോടും ഇടപഴകാതെ ഒറ്റപ്പെട്ട് ജീവിക്കാനായിരുന്നത്രെ ഇവര്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നത്. ഒരുവര്‍ഷം മുമ്പാണ് മയ്യില്‍ സ്വദേശിനിയായ ജ്യോത്സ്‌നയുടെ ഇരുനിലവീട് വാടകയ്‌ക്കെടുത്ത് ഇവര്‍ താമസം തുടങ്ങിയത്. ആര്‍ക്കും ഒരു സംശയവും തോന്നാത്ത രീതിയിലാണ് ഇവര്‍ ജീവിച്ചിരുന്നത്. സ്‌ഫോടനം നടന്നതോടെയാണ് ഇവിടെ അനധികൃതമായി സ്‌ഫോടകവസ്തുക്കള്‍ സൂക്ഷിച്ചിരുന്നതായ വിവരം അയല്‍ക്കാര്‍ പോലുമറിയുന്നത്.
വ്യാഴാഴ്ച രാത്രി 11.30 ഓടെയാണ് അനുമാലിക്കും കുടുംബവും താമസിച്ചിരുന്ന വീടിനകത്ത് ഉഗ്രസ്‌ഫോടനം നടന്നത്. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ ഇരുനില കെട്ടിടം പൂര്‍ണ്ണമായും നിലംപൊത്തി. അനുമാലിക്കിന്റെ മകള്‍ ഹിബ സാരമായ പരിക്കുകളോടെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണുള്ളത്. ഹിബക്ക് 45 ശതമാനം പൊള്ളലേറ്റതായാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
അനുമാലിക് താമസിച്ചിരുന്ന വാടക കെട്ടിടത്തിന്റെ മുന്നിലുണ്ടായിരുന്ന നിരവധി തെങ്ങുകളും മരങ്ങളും ഉഗ്രസ്‌ഫോടനത്തില്‍ കടപുഴകി വീണു. പരിസരത്തുള്ള ഏഴിലധികം വീടുകളുടെ ജനലുകളും വാതിലുകളും സണ്‍ഷെയ്ഡുകളുമുള്‍പ്പെടെ സ്‌ഫോടനത്തില്‍ ചിന്നിത്തെറിച്ചു. എന്താണ് സംഭവിച്ചതെന്ന് പലര്‍ക്കും ആദ്യം വ്യക്തമായിരുന്നില്ല.
വന്‍ സ്‌ഫോടനത്തിന് പിന്നാലെ രൂക്ഷമായ ഗന്ധവും പുകയും പരിസരമാകെ വ്യാപിച്ചു. അടുത്തുള്ള ട്രാന്‍സ്‌ഫോര്‍മര്‍ പൊട്ടിത്തെറിച്ചുവെന്നാണ് നാട്ടുകാര്‍ ആദ്യം കരുതിയത്. പിന്നീടാണ് അനുമാലിക്ക് താമസിച്ച വാടകവീട്ടില്‍ നിന്നാണ് സ്‌ഫോടനമുണ്ടായതെന്ന് വ്യക്തമായത്.
തകര്‍ന്ന വീട്ടിന്റെ പരിസരത്ത് നിന്ന് ഉത്സവങ്ങള്‍ക്കും മറ്റും വെടിക്കെട്ടിനുപയോഗിക്കുന്ന ഗുണ്ടുകളുടെയും അവശിഷ്ടങ്ങള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. പടക്കങ്ങളും ഗുണ്ടുകളും നിര്‍മ്മിച്ച് നല്‍കുന്ന ആളാണ് അനുമാലിക്കെന്ന് പോലീസും നാട്ടുകാരും പറയുന്നു. എന്നാല്‍ ഇയാള്‍ക്ക് സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിക്കുന്നതിനുള്ള ലൈസന്‍സുണ്ടായിരുന്നില്ല. വലിയ തോതിലുള്ള സ്‌ഫോടക വസ്തുശേഖരം വീട്ടിനകത്ത് സൂക്ഷിച്ചിരുന്നതായാണ് പോലീസ് കരുതുന്നത്. ഇയാളുടെ പേരില്‍ നേരത്തെയും അനധികൃതമായി പടക്കങ്ങള്‍ സൂക്ഷിച്ചതിന് കേസുകളുണ്ടത്രെ.
അതിനിടെ സ്‌ഫോടനം നടന്ന സ്ഥലം ജെ സി ബി ഉപയോഗിച്ച് പരിശോധന നടത്തിയപ്പോള്‍ രണ്ട് ചാക്ക് നിറയെ ഗുണ്ട് നിര്‍മ്മാണത്തിനുപയോഗിക്കുന്ന സാമഗ്രികള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൂത്തുപറമ്പ് വട്ടപ്പാറക്കടുത്തുള്ള ഒരു ക്ഷേത്രത്തിലേക്കുള്ള വെടിക്കെട്ടിനുള്ള ഗുണ്ടുകളാണ് ഇതെന്ന് പോലീസിന് അനുമാലിക്ക് മൊഴിനല്‍കിയിട്ടുണ്ട്.
ജില്ലാ പോലീസ് മേധാവി പി ഹരിശങ്കര്‍, ഡി വൈ എസ് പി മൊയ്തീന്‍കുഞ്ഞി, സി ഐ അനില്‍കുമാര്‍ തുടങ്ങിയവരാണ് അനുമാലിക്കിനെ ചോദ്യം ചെയ്തുവരുന്നത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment