Latest News

ശ്രീശാന്ത് തിരുവനന്തപുരത്ത് മത്സരിക്കും

കൊച്ചി:[www.malabarflash.com] തൃപ്പൂണിത്തുറയില്‍ മുന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് സ്ഥാനാര്‍ത്ഥിയാകുന്നതിന് എതിരെ ആര്‍എസ്എസ് രംഗത്തെത്തിയതോടെ ശ്രീശാന്തിനെ തിരുവനന്തപുരത്ത് മത്സരിപ്പിക്കാന്‍ ബി.ജെ.പി കേന്ദ്ര നേതൃത്ത്വം തീരുമാനിച്ചു.

തൃപ്പൂണിത്തുറയില്‍ തുറവൂര്‍ വിശ്വംഭരനെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് ആര്‍എസ്എസിന്റെ ആവശ്യം. വിശ്വംഭരനെയാണ് നേരത്തേ ബിജെപി തൃപ്പൂണിത്തുറയിലെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ഉദ്ദേശിച്ചിരുന്നത്. പിന്നീട് ശ്രീശാന്തിനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചതോടെ അദ്ദേഹം തൃപ്പൂണിത്തറയില്‍ മത്സരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു. കൂടുതല്‍ യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ ആവുംവിധം പ്രവര്‍ത്തിക്കുമെന്ന് ശ്രീശാന്ത് വ്യക്തമാക്കി.

എന്നാല്‍ ഇതിനെതിരെ ആര്‍.എസ്.എസ് രംഗത്തെത്തിയതാണ് അദ്ദേഹത്തെ തിരുവനന്തപുരത്തേക്ക് മാറ്റാന്‍ ബി.ജെ.പി കേന്ദ്ര നേതൃത്വത്തെ പ്രേരിപ്പിച്ചത്. ഡല്‍ഹിയിലെത്തിയ ശ്രീശാന്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ബിജെപി ആസ്ഥാനത്തു വച്ചാണ് കൂടിക്കാഴ്ച. സംസ്ഥാന നേതാക്കളോടൊപ്പമാണ് ശ്രീശാന്ത് തലസ്ഥാനത്തെത്തിയത്. ശ്രീശാന്തിന് ബി.ജെ.പി അംഗത്വവും ലഭിച്ചു.ഇതിനിടെ, തൃപ്പൂണിത്തുറ മണ്ഡലത്തിലെ പാര്‍ട്ടിയിലെ ഒരു വിഭാഗം മണ്ഡലത്തില്‍ ശ്രീശാന്തിനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര നേതൃത്വത്തിന് കത്തയച്ചിരുന്നു. തുറവൂര്‍ വിശ്വംഭരനെ തൃപ്പൂണിത്തുറയില്‍ സ്ഥാനാര്‍ത്ഥിയാക്കരുതെന്നാണ് ഇവരുടെ ആവശ്യം.

ശ്രീശാന്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനൊപ്പം തിരഞ്ഞെടുപ്പിനുള്ള കേരളത്തിലെ സ്ഥാനാര്‍ത്ഥികളുടെ രണ്ടാംഘട്ട പട്ടികയും ബി.ജെ.പി പുറത്തിറക്കി. നടന്‍ ഭീമന്‍ രഘുവിന്റെ സ്ഥാനാര്‍ത്ഥിത്വവും പാര്‍ട്ടി ഉറപ്പിച്ചു. ഭീമന്‍ രഘു പത്തനാപുരത്ത് മത്സരിക്കും. സംവിധായകരായ അലി അക്ബര്‍ കൊടുവള്ളിയിലും രാജസേനന്‍ നെടുമങ്ങാടും ബി.ജെ.പിയുടെ സ്ഥാര്‍ത്ഥികളാവും. രാഹുല്‍ ഇശ്വറും സുരേഷ് ഗോപിയും സ്ഥാനാര്‍ത്ഥി പട്ടികയിലില്ല. 73 അംഗങ്ങളുടെ സ്ഥാനാര്‍ത്ഥിപ്പട്ടികയാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.