Latest News

മുങ്ങി മരിച്ച നിഹാലിനും അഫ്‌റാസിനും കണ്ണീരില്‍ കുതിര്‍ന്ന യാത്രാ മൊഴി

മടിക്കൈ:[www.malabarflash.com] ചാളക്കടവ് പാലത്തിന് സമീപം തോട്ടിലെ കയത്തില്‍ മുങ്ങി മരിച്ച നിഹാലിനും അഫ്‌റാസിനും നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി.

മടിക്കൈ മേക്കാട്ട് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥി നിഹാല്‍ എന്ന പത്ത് വയസ്സുകാരനും രണ്ടാം ക്ലാസില്‍ പഠിക്കുന്ന അഫ്‌റാസ് എന്ന എട്ടുവയസ്സുകാരനും ഞായറാഴ്ച ഉച്ചയോടെയാണ് ചാളക്കടവ് തോട്ടില്‍ മുങ്ങി മരിച്ചത്.

വീട്ടില്‍ നിന്ന് ഇരുവരും സൈക്കിളിലാണ് ചാളക്കടവ് തോടിന്റെ അരികിലെത്തിയത്. മീന്‍ പിടിക്കുകയായിരുന്നു ലക്ഷ്യം. ഇതിനിടയില്‍ ഇരുവരും അബദ്ധത്തില്‍ തോട്ടില്‍ വീണ് മുങ്ങി മരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

തോട്ടിനരികില്‍ സൈക്കിളും ഇവരുടെ ചെരുപ്പുകളും കണ്ട പരിസരവാസികള്‍ സംശയം തോന്നി തോട്ടില്‍ പരിശോധന നടത്തിയപ്പോള്‍ ഒരു കുട്ടിയുടെ ജഡം കണ്ടെത്തി. പിന്നീട് നടത്തിയ തിരച്ചലില്‍ രണ്ടാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെത്തുകയായിരുന്നു.

നീലേശ്വരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹങ്ങള്‍ വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്കാണ് കൊണ്ടുപോയത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം തിങ്കളാഴ്ച ഉച്ചയോടെ മൃതദേഹങ്ങള്‍ ചാളക്കടവിലെത്തിക്കുകയും മേക്കാട്ട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് കിടത്തുകയും ചെയ്തു.

പ്ലസ്ടുവരെ പരീക്ഷ നടക്കുന്നതിനാല്‍ സ്‌കൂളിന് അവധി നല്‍കാന്‍ അധികൃതര്‍ക്ക് കഴിയാതെ പോയി. യു പി-ഹൈസ്‌കൂള്‍ തലത്തിലെ തിങ്കളാഴ്ചത്തെ പരീക്ഷ ഉച്ചക്ക് ശേഷം മാറ്റി വെക്കാനാണ് സ്‌കൂള്‍ അധികൃതരും നാട്ടുകാരും പഞ്ചായത്ത് പ്രസിഡണ്ട് ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും ഉണ്ടാക്കിയ ധാരണ.

ചാളക്കടവില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന എം സത്താറിന്റെയും കല്ലൂരാവി സ്വദേശിനി നസീറയുടെയും മകനാണ് നിഹാല്‍. ഏക സഹോദരി: സിനാന.

ബേക്കല്‍ സ്വദേശി മുഹമ്മദ് കുഞ്ഞിയുടെയും കാഞ്ഞങ്ങാട് കൊളവയല്‍ മുട്ടുന്തലയിലെ എം ആയിഷയുടെയും മകനാണ് അഫ്‌റാസ്. സഹോദരങ്ങള്‍: അഫ്‌നാന്‍, ഹഫീഫ.

നിഹാലിന്റെ മൃതദേഹം ചാളക്കടവ് ജമാഅത്ത് പള്ളി ഖബര്‍ സ്ഥാനിലും അഫ്‌റാസിന്റെ മൃതദേഹം മുട്ടുന്തല ജമാഅത്ത് പള്ളി ഖബര്‍ സ്ഥാനിലും മറവ് ചെയ്യും. രണ്ട് പിഞ്ചു കുട്ടികളുടെ മരണം ചാളക്കടവിനെ കണ്ണീരിലാഴ്ത്തി. നൂറുക്കണക്കിന് ആളുകളാണ് അന്തിമോപചാരം അര്‍പ്പിക്കാന്‍ ചാളക്കടവിലെത്തിയത്.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.