Latest News

മരണമെത്തിയ നേരത്ത് തന്നെ ജൗഹറിന്റെ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് പരീക്ഷാഫലവുമെത്തി

പരപ്പ:[www.malabarflash.com] മരണമെത്തുന്ന നേരത്ത് തന്നെ ജൗഹറിന്റെ പരീക്ഷാ ഫലവും ബന്ധുക്കളെ തേടിയെത്തി. വിഷു ദിനത്തില്‍ പുഴയില്‍ മുങ്ങി മരിച്ച എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി പരപ്പ കല്ലംചിറയിലെ ജൗഹറിന്റെ (19) മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് പരീക്ഷാ ഫലം പുറത്ത് വന്ന ദിവസം തന്നെയാണ് നാടിനെയും കുടുംബത്തെയും കണ്ണീരിലാഴ്ത്തി യുവാവ് പുഴയില്‍ മുങ്ങി മരിച്ചത്.

കര്‍ണ്ണാടക ബല്‍ത്തങ്ങാടി പ്രസന്ന എഞ്ചിനീയറിംഗ് കോളേജില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് പഠനം പൂര്‍ത്തിയാക്കി പരീക്ഷാ ഫലം കാത്തു നിന്ന ജൗഹറിന്റെ ആകസ്മിക അന്ത്യം പരപ്പ-കല്ലംചിറ പ്രദേശത്തെ വിറങ്ങലിപ്പിക്കുക തന്നെ ചെയ്തു. മരണ ദിവസം തന്നെ പുറത്തു വന്ന പരീക്ഷാഫലത്തില്‍ ജൗഹറിന് ഉന്നത വിജയവുമുണ്ട്. 

കല്ലംചിറ മഖാം പരിസരത്തെ പാറപ്പുറത്ത് ആസ്പറ്റോസ് ഷീറ്റിന് കീഴെ നാല് ചുവരുകള്‍ക്കുള്ളില്‍ കൊടും വേനലിലും പെരുമഴയത്തും ഒരു പോലെ ദുരിതം പേറിയ നിര്‍ദ്ധന കുടുംബത്തിലെ അംഗമായിരുന്നു ഈ എഞ്ചിനീയറിംഗ് ബിരുദധാരി. മൂകയും ബധിരയുമായ സഹോദരി ചെര്‍ക്കള മാര്‍ത്തോമ ബധിര വിദ്യാലയത്തിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനി ഷഹര്‍ബാനയും കുഞ്ഞനുജത്തിയും അനുജനും അടങ്ങുന്ന കുടുംബത്തിന്റെ ഏറെ പ്രതീക്ഷയായിരുന്നു ജൗഹര്‍. പിതാവ് പരപ്പയിലെ സ്റ്റേഷനറി കടയിലെ സെയില്‍മാനായ അബ്ദുള്‍ ഖാദറിന്റെ തുഛ വരുമാനത്തിലായിരുന്നു ജൗഹറിന്റെ പഠനവും കുടുംബത്തിന്റെ നിത്യ ചെലവും നടന്നിരുന്നത്. 

പ്രദേശത്തെ സ്വകാര്യ ബാങ്കില്‍ നിന്ന് നാല് ലക്ഷത്തോളം രൂപ വിദ്യാഭ്യാസ വായ്പയെടുത്താണ് ജൗഹര്‍ എഞ്ചിനീയറിംഗ് പഠനം പൂര്‍ത്തിയാക്കിയത്. വായ്പ അടച്ചു തീര്‍ക്കുന്നതിന് മുമ്പേ ജൗഹര്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തു. 

കുടുംബത്തിന്റെ ദൈന്യതക്കിടയിലും സമൂഹത്തിന്റെ മുഖ്യധാരയില്‍ സജീവ സാന്നിധ്യമറിയിച്ച വിദ്യാര്‍ത്ഥി നേതാവും പൊതുപ്രവര്‍ത്തകനും കൂടിയായിരുന്നു ജൗഹര്‍. എംഎസ്എഫ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് എന്ന നിലയില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയ പ്രസ്ഥാനത്ത് തിളങ്ങി നില്‍ക്കുമ്പോഴാണ് അപ്രതീക്ഷിതമായി ദുരന്തമെത്തുന്നത്. പരപ്പ കല്ലംചിറ പ്രദേശങ്ങളില്‍ ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തും ജൗഹര്‍ സജീവ സാന്നിധ്യമായിരുന്നു.

വിഷു ദിനത്തില്‍ പന്ത്രണ്ടോളം സുഹൃത്തുക്കളോടൊപ്പം കൊട്ടോടി കുടുംബൂരിലെ ഡാമിനോട് ചേര്‍ന്നുള്ള പുഴയില്‍ കുളിക്കുന്നതിനിടെ ചെളിയില്‍ താഴ്ന്നുപോയ ജൗഹറിന്റെ ജീവന്‍ രക്ഷിക്കാന്‍ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ക്കും പരിസരവാസികള്‍ക്കും കഴിഞ്ഞതുമില്ല. 

ജൗഹറിനെ മരണ വിവരമറിഞ്ഞ് ഒട്ടേറെ വിദ്യാര്‍ത്ഥി സുഹൃത്തുക്കളും നാട്ടുകാരും പൗര പ്രമുഖരും രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളുമൊക്കെ ഇപ്പോഴും കല്ലംചിറയിലെ വസതിയില്‍ എത്തുന്നുണ്ട്.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.