Latest News

മതസ്ഥാപനങ്ങളിലേക്ക് വിദേശ ധനസഹായം വാഗ്ദാനം ചെയ്ത് യുവാവ് ലക്ഷങ്ങള്‍ തട്ടി

മലപ്പുറം:[www.malabarflash.com] മതസ്ഥാപനങ്ങളിലേക്ക് വിദേശ ധനസഹായം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തി യുവാവ് നേടിയത് ലക്ഷങ്ങളെന്ന് പോലീസ്. നിലമ്പൂര്‍ കുളങ്ങര വീട്ടില്‍ അയ്യൂബാണ് വിരുതന്‍. ഈ 32 കാരന്റെ അറസ്റ്റോടെ തട്ടിപ്പിന്റെ പുതിയ കഥയാണ് വെളിച്ചെത്ത് വരുന്നത്.

വേങ്ങര പറപ്പൂരിലെ സബീലുല്‍ ഹിദായ ഇസ്ലാമിക് കോളേജിലേക്ക് വിദേശപണം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സംഭവത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സ്ഥാപനത്തിന്റെ കമ്മിറ്റി സെക്രട്ടറി മുഹമ്മദ് കുഞ്ഞീന്‍ ഹുദവി നല്‍കിയ പരാതിയിന്മേലായിരുന്നു പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത് തുടങ്ങിയ വിദേശരാജ്യങ്ങളില്‍ നിന്നും ധനസാഹയം സംഘടിപ്പിച്ചുനല്‍കാമെന്നും അറബികളെ പരിചയപ്പെടുത്താമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്. കേരളത്തിലെ മതസ്ഥാപനങ്ങളിലേക്ക് ധനസഹായം നല്‍കുന്ന അറബികളുമായി തനിക്ക് നല്ല ബന്ധമാണെന്നും ഇവരില്‍ നിന്നും ധനസഹായം താന്‍ മുഖേനയാണ് നല്‍കാറുള്ളതെന്നുമാണ് സ്ഥാപനം അധികൃതരെ ഇയാള്‍ വിശ്വസിപ്പിച്ചിരുന്നത്. ഇത്തരത്തില്‍ പറഞ്ഞ് വിശ്വസിപ്പിക്കുന്നവരില്‍ നിന്നും പണം അക്കൗണ്ട് മുഖേന ഈടാക്കിയ ശേഷം മുങ്ങുകയാണ് പതിവ്.

പറപ്പൂരിലെ സ്ഥാപനത്തിന് സൗദിയില്‍നിന്ന് അറബി പണം നല്‍കാന്‍ തയ്യാറാണെന്ന വിവരം അറിയിച്ചാണ് സ്ഥാപനത്തെ ചതിക്കുഴിയില്‍ വീഴ്ത്തിയത്. തുക സ്ഥാപന ഭാരവാഹികള്‍ നേരിട്ടെത്തി സ്വീകരിക്കണമെന്നും വീസയും യാത്രാ ചെലവുകള്‍ക്കുമായി 49,000 രൂപ നല്‍കണമെന്നും സ്ഥാപന അധികൃതരെ അറിയിച്ചു. ഇതു വിശ്വസിച്ച സ്ഥാപന ഭാരവാഹികള്‍ അയ്യൂബിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം ഇട്ടു നല്‍കുകയും ചെയ്തു.

എന്നാല്‍ പിന്നീട് ഇയാളെ നിരന്തരമായി സ്ഥാപന കമ്മിറ്റി ബന്ധപ്പെട്ടെങ്കിലും വിവിധ കാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. നേരില്‍ കാണണമെന്നാവശ്യപ്പെട്ടതോടെ ഇയാളുടെ ഫോണില്‍ വിളിച്ച് കിട്ടാതെയായി. ഇതോടെ തങ്ങള്‍ വഞ്ചിക്കപ്പെട്ട വിവരം സ്ഥാപനം അധികൃതര്‍ തിരിച്ചറിയുകയായിരുന്നു. തുടര്‍ന്ന് വേങ്ങര പേലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഇയാള്‍ക്കായി വലവിരിച്ച് പിടികൂടുകയായിരുന്നു.

സമാനമായ തട്ടിപ്പുകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇയാള്‍ നടത്തിയതായി വേങ്ങര എസ്.ഐ ആര്‍ രാജേന്ദ്രന്‍ പറഞ്ഞു. ഇയാള്‍ക്കെതിരെ എത്ര പരാതികള്‍ നിലവില്‍ ഉണ്ടെന്നും എവിടെയെല്ലാം കേസുകളുണ്ടെന്നും പരിശോധിച്ചു വരികയാണെന്ന് എസ്.ഐ പറഞ്ഞു. വിസ, സ്വര്‍ണ വെള്ളരി തട്ടിപ്പുകളിലും ഇയാള്‍ പ്രതിയാണ്.

ഇപ്രകാരം പൊന്നാനി, കുന്നംകുളം, എടപ്പാള്‍ ഭാഗങ്ങളിലും മതസ്ഥാപന ഭാരവാഹികളെ ഇയാള്‍ കബളിപ്പിച്ചതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിലെ മറ്റൊരു മതസ്ഥാപനത്തിന്റെ വിലാസത്തില്‍ പോലീസ് ഫോണ്‍ ചെയ്ത് വിദേശസഹായം വേണമെന്ന് അഭ്യര്‍ത്ഥിച്ച ശേഷമായിരുന്നു ഇയാളെ പിടികൂടിയത്. സ്ഥാപന കമ്മിറ്റിയാണെന്ന് തെറ്റിദ്ധരിച്ച് പോലീസിനോട് ഇയാള്‍ സ്വദേശമായ നിലമ്പൂരിലേക്ക് വരാന്‍ പറയുകയായിരുന്നു.

എന്നാല്‍ നിലമ്പൂരിലെത്തിയ പോലീസ് സംഘം ഇയോളെ കയ്യോടെ പിടികൂടുകയായിരുന്നു. മലപ്പുറം സിഐ ബിനു, എസ്.ഐ ആര്‍ രാജേന്ദ്രന്‍ നായര്‍, സ്‌പെഷല്‍ ടീം അംഗങ്ങളായ എം സത്യനാഥന്‍, ശശി കുണ്ടറക്കാട്, എം അബ്ദുല്‍ അസീസ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.