Latest News

സൗദിയില്‍ തൊഴിലുടമ കൊന്ന ഇന്ത്യക്കാരന്റെ മൃതദേഹം വിട്ടുകിട്ടാന്‍ ഭാര്യ നിയമയുദ്ധത്തില്‍

ദില്ലി[www.malabarflash.com]:സൗദിയില്‍ തൊഴിലുടമയുടെ മര്‍ദനമേറ്റു മരിച്ച ഇന്ത്യക്കാരന്റെ മൃതദേഹം വിട്ടുകിട്ടാന്‍ ഇരുപതുകാരിയായ ഭാര്യ നിയമയുദ്ധത്തില്‍. കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ മരിച്ച ജാര്‍ഖണ്ഡ് സ്വദേശി മുഹമ്മദ് അഫ്‌സര്‍ അന്‍സാരിയുടെ മൃതദേഹം വിട്ടുകിട്ടാന്‍ വേണ്ടിയാണ് ഭാര്യ നൗഷാബ ബാനു കോടതി കയറി ഇറങ്ങുന്നത്.

സൗദിയിലെ ഒരു നിര്‍മാണക്കമ്പനിയില്‍ ബുള്‍ഡോസര്‍ ഓപ്പറേറ്ററായിരുന്നു അന്‍സാരി. തൊഴില്‍പീഡനം രൂക്ഷമായ സാഹചര്യത്തിലാണ് അന്‍സാരി ജോലി ഉപേക്ഷിച്ചു നാട്ടിലേക്കു പോരാന്‍ തീരുമാനിച്ചത്. തീരുമാനം അറിയിക്കാന്‍ തൊഴിലുടമയെ കണ്ടപ്പോള്‍ ക്രൂരമര്‍ദനമായിരുന്നു. അടിയേറ്റാണ് അന്‍സാരി മരിച്ചതെന്നും അന്‍സാരിയെ മര്‍ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ കൈയിലുണ്ടെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു.

തൊഴില്‍ ഉപേക്ഷിച്ചു പോകാന്‍ ശ്രമിച്ചാല്‍ അന്‍സാരിയുടെ ഗതി വരുമെന്നു കരുതി പലരും ഈ കമ്പനിയില്‍ ഗതികെട്ടു ജോലിചെയ്യുകയാണെന്നാണു റിപ്പോര്‍ട്ട്. പലരും മുന്നറിയിപ്പായി അന്‍സാരിക്കു സംഭവിച്ച ദുരന്തം ഷൂട്ട് ചെയ്ത വീഡിയോ പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. കേസ് പരിഗണിച്ച ജാര്‍ഖണ്ഡ് ഹൈക്കോടതി അന്‍സാരിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ വേണ്ട നടപടികളെടുക്കണമെന്നു കേന്ദ്ര സര്‍ക്കാരിനോടും സൗദി അറേബ്യയിലെ ഇന്ത്യന്‍ എംബസിയോടും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇതില്‍ നടപടിയുണ്ടായില്ല. തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരിനെ പ്രതിയാക്കി കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയിരിക്കുകയാണ് ഭാര്യ.

ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ വലിയ തോതില്‍ ചൂഷണങ്ങള്‍ക്കു വിധേമാകുന്നുണ്ടെന്നു കേന്ദ്ര വിദേശകാര്യ മന്ത്രാലയം തന്നെ വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞനവംബറില്‍ പാര്‍ലമെന്റില്‍ നല്‍കിയ മറുപടിയില്‍ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ഒരു വര്‍ഷം മാത്രം ഗള്‍ഫ് മേഖലയില്‍നിന്നു തൊഴില്‍പീഡനം കാട്ടി 7342 പരാതികള്‍ ലഭിച്ചിരുന്നന്നൊണ് സുഷമ സ്വരാജ് വ്യക്തമാക്കിയത്.





Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.