Latest News

യുവ മനങ്ങള്‍ കീഴടക്കാന്‍ ഹോണ്ടയുടെ പുതിയ സിബി ഹോണെറ്റ് 160 ആര്‍

ബൈക്ക് പ്രേമികളായ യുവ മനസുകളെ എങ്ങനെ കൈയിലെടുക്കണമെന്ന് ഹോണ്ടയ്ക്ക് നന്നായി അറിയാം. യൂണികോണും ഷൈനും വിപണിയില്‍ കൈവരിച്ച വിജയം അതിനുള്ള ഉത്തമ തെളിവ്. വിപണിയിലെ തേരോട്ടം തുടരാന്‍ ഹോണ്ട പരിചയപ്പെടുത്തിയ പുതിയ താരമാണ് സിബി ഹോണെറ്റ് 160 ആര്‍.[www.malabarflash.com]

ഹോണ്ടയുടെ മുന്‍ മോഡലുകളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തവും കൂടുതല്‍ ആകര്‍ഷകവുമാണ് ഹോണെറ്റിന്റെ രൂപകല്പന. സ്റ്രാന്‍ഡേഡ് വേരിയന്റിനൊപ്പം സി.ബി.എസ് മോഡലും ഹോണെറ്റിനുണ്ട്. 80,000 – 85,000 രൂപ നിരക്കിലാണ് എക്സ്‌ഷോറൂം വില. സിംഗിള്‍ ഡിസ്‌ക്, ഡബിള്‍ ഡിസ്‌ക് ബ്രേക്ക് മോഡലുകളായി ഇവയെ തരംതിരിക്കാം.

രൂപകല്പനയില്‍ പ്രീമിയം ഫീല്‍ പ്രകടമെങ്കിലും സ്ട്രീറ്റ് ബൈക്കിനൊത്ത ലുക്കില്ലെന്ന പോരായ്മയുണ്ട്. എന്നാല്‍, വളരെ ടഫായ രൂപകല്പന നല്‍കി ഈ പോരായ്മ മറികടക്കാന്‍ ഹോണ്ട ശ്രമിച്ചിട്ടുമുണ്ട്. ഹോണ്ട ലോഗോ ഉള്‍ക്കൊള്ളുന്ന, വലിയ ഇന്ധന ടാങ്കാണ് സിബി ഹോണെറ്റില്‍ ആദ്യം കണ്ണുകള്‍ കൊളുത്തുന്ന പ്രധാന ആകര്‍ഷണീയത. യുദ്ധക്കളത്തിലെ പോരാളിയുടെ മുഖാവരണെത്തെ അനുസ്മരിപ്പിക്കുന്ന ഹെഡ്ലൈറ്റും നല്ല ചേര്‍ച്ച തന്നെ.

എക്സ്ഹോസ്റ്റും വ്യത്യസ്തമായാണ് ഒരുക്കിയിരിക്കുന്നത്. ഹോണെറ്രിലെ അലോയ് വീലുകള്‍ ഹോണ്ട ബൈക്കുകളിലെ പുതുമയുമാണ്. ഇംഗ്‌ളീഷ് ആല്‍ഫബെറ്രിലെ ‘എക്സ്’ ആകൃതിയിലാണ് ടെയ്ല്‍ ലൈറ്റുള്ളത്. 17 – ഇഞ്ച് ടയറുകളും ഹോണെറ്റിനെ ആകര്‍ഷകമാക്കുന്നു.

പൂര്‍ണമായും ഡിജിറ്റലാണ് ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍. സിബി യൂണികോണ്‍ 160ലെ എന്‍ജിനാണ് പുത്തന്‍ ഹോണെറ്റിനെയും നിയന്ത്രിക്കുന്നത്. എന്നാല്‍, കൂടുതല്‍ കരുത്തും ടോര്‍ക്കും പ്രദാനം ചെയ്യാന്‍ എന്‍ജിന്‍ അല്പം മെച്ചപ്പെടുത്തിയിട്ടുണ്ട്. 8500 ആര്‍.പി.എമ്മില്‍ 15.66 ബി.എച്ച്.പി കരുത്തുള്ളതാണ്, ഈ സിംഗിള്‍ സിലിണ്ടര്‍, 162.71 സി.സി എന്‍ജിന്‍. പരമാവധി ടോര്‍ക്ക് 6500 ആര്‍.പി.എമ്മില്‍ 14.76 ന്യൂട്ടണ്‍ മീറ്റര്‍.

യൂണികോണിലെ 5 – സ്പീഡ് ഗിയര്‍ സംവിധാനം തന്നെ ഹോണെറ്റിലും കാണാം. ആറാം ഗിയറിന്റെ ന്യൂനത അനുഭവപ്പെടുമെന്ന് സാരം.
ഹോണ്ടയുടെ എക്കോ ടെക്നോളജിയുടെ പിന്തുണയുള്ള ഹോണെറ്റ് ലിറ്ററിന് 60 കിലോമീറ്റര്‍ മൈലേജ് വാഗ്ദാനം ചെയ്യുന്നു. ലിറ്ററിന് 55 – 60 കിലോമീറ്റര്‍ ഉറപ്പാക്കാം. മണിക്കൂറില്‍ 110 കിലോമീറ്ററാണ് പരമാവധി വേഗം.

മികച്ച ബ്രേക്കിംഗ് സിസ്റ്റമാണ് ബൈക്കിന്റെ മറ്റൊരു മികവ്. സ്റ്റാന്‍ഡേഡ് മോഡലില്‍ 276 എം.എം ഡിസ്‌ക് ബ്രേക്ക് ഉപയോഗിച്ചിരിക്കുന്നു. സി.ബി.എസ് വേരിയന്റില്‍ മുന്നില്‍ 276 എം.എം., പിന്നില്‍ 220 എം.എം ഡിസ്‌ക് ബ്രേക്കുകളാണുള്ളത്. മുന്നിലെ ടെലസ്‌കോപ്പിക്, പിന്നിലെ മോണോഷോക്ക് സസ്പെന്‍ഷനുകള്‍ മികച്ച റൈഡിംഗ് സുഖം നല്‍കുന്നുണ്ട്.

വെള്ള, കറുപ്പ്, നീല, ഓറഞ്ച്, ചുവപ്പ് കളര്‍ ഷെയ്ഡുകളില്‍ ഹോണ്ട സിബി ഹോണെറ്റ് 160 ആര്‍ ലഭ്യമാണ്. ബൈക്കിന്റെ പേരില്‍ ഹോണ്ട അവതരിപ്പിച്ച ആന്‍ഡ്രോയിഡ് ആപ്പിലൂടെയും ഹോണെറ്റ് ബുക്ക് ചെയ്യാം. സുസുക്കി ജിക്സര്‍ 155, ബജാജ് പള്‍സര്‍ എന്‍.എസ് 150, യമഹ എഫ്.സീ. എസ് വേര്‍ഷന്‍ 2.0 എന്നിവയാണ് വിപണിയിലെ പ്രധാന എതിരാളികള്‍.





Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.