Latest News

ഫെയ്‌സ്ബുക്കിനെ കടത്തിവെട്ടി ബോട്ട് സ്റ്റോര്‍ കിക് മെസഞ്ചര്‍ പുറത്തിറക്കി

സ്വകാര്യ മെസേജിംഗ് ആപ്പുകളുടെ ഭാവിയെന്നു വിശ്വസിക്കപ്പെടുന്ന ബോട്ട് സ്റ്റോര്‍ കിക് മെസഞ്ചര്‍ പുറത്തിറക്കി. ലോകത്തെ ഏറ്റവും പ്രമുഖ മെസേജിംഗ് ആപ്പ് ഫെയ്‌സ്ബുക്കിനെ പിന്തള്ളിയാണു കിക് മെസഞ്ചര്‍ തങ്ങളുടെ ബോട്ട് സ്റ്റോര്‍ തുറന്നിരിക്കുന്നത്. അടുത്തയാഴ്ച ഫെയ്‌സ്ബുക്ക് ബോട്ട് സ്റ്റോര്‍ പുറത്തിറക്കാനിരിക്കെയാണ് അപ്രതീക്ഷിത നീക്കത്തിലൂടെ കിക്ക് ഫെയ്‌സ്ബുക്കിനെ മറികടന്നത്.

കൗമാരക്കാര്‍ക്കിടയില്‍ ഏറെ പ്രിയങ്കരമായ മെസഞ്ചര്‍ ആപ്പാണു കിക്. ഏതാനും ചില ബോട്ടുകള്‍ കിക് നേരത്തെ പരീക്ഷണാടിസ്ഥാനത്തില്‍ നല്‍കിയിരുന്നു.

പുതിയ ബോട്ട് സ്റ്റോറോടു കൂടി ഏതൊരു ഡിവലപ്പറിനും (ഉപഭോക്താവിനും) ആപ്പിനുള്ളില്‍ ബോട്ട് നിര്‍മിക്കാം. ഇപ്രകാരം നിര്‍മിക്കുന്ന ബോട്ടുകള്‍ കമ്പനി അംഗീകരിക്കുന്നതോടെ ബോട്ട് സ്റ്റോറില്‍ എത്തും. ബോട്ട് ഷോപ് എന്നാണു കിക് ബോട്ട് സ്റ്റോറിനെ വിളിക്കുന്നത്.

പ്രശസ്ത ബ്രാന്‍ഡുകളായ സെഫോറ, ദ വെദര്‍ ചാനല്‍, ട്വിറ്ററിന്റെ വൈന്‍ തുടങ്ങിയവയുടെ ബോട്ടുകളടക്കം 16 ബോട്ടുകളാണു തുടക്കത്തില്‍ കിക് ബോട്ട് സ്റ്റോറിലുണ്ടാകുക.

എല്ലാവര്‍ക്കും ബോട്ട് സ്റ്റോര്‍ സേവനം ലഭ്യമാക്കുന്നതിലൂടെ ആയിരക്കണക്കിനു ബോട്ടുകള്‍ ഉടന്‍ ബോട്ട്‌സ്റ്റോറിലെത്തുമെന്ന് കിക് കമ്പനിയുടെ സിഇഒ ടെഡ് ലിവിങ്സ്റ്റണ്‍ പ്രതീക്ഷിക്കുന്നു.

ട്രാവല്‍ ബുക്കിങ്, ഫുഡ് ഓര്‍ഡറിങ് പോലുള്ള അവശ്യ സേവനങ്ങള്‍ ചാറ്റില്‍ ലഭ്യമാക്കുന്ന ഫീച്ചറാണു ബോട്ട് സ്റ്റോര്‍. സ്വകാര്യ സന്ദേശമയയ്ക്കുന്നതിനു പുറമെ മെസേജിങ് ആപ്പുകളെ കൂടുതല്‍ ഉപകാരപ്രദവുമാക്കുന്ന ബോട്ട് സ്റ്റോറിനു മെസഞ്ചര്‍ ആപ്പുകളുടെ ജനപ്രീതിയില്‍ കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്നു കരുതപ്പെടുന്നു. ദൈനംദിന ജീവിതത്തിന് ആവശ്യമായ എല്ലാ സേവനങ്ങളും ബോട്ട് സ്റ്റോറില്‍ ഉടന്‍ ലഭ്യമാകുമെന്നാണു സൂചന.





Keywords: world News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.