Latest News

കോഴിക്കോട്-ഷൊര്‍ണ്ണൂര്‍ പാതയില്‍ വൈദ്യുതി തീവണ്ടി സര്‍വീസ് തുടങ്ങി

ഷൊര്‍ണ്ണൂര്‍:[www.malabarflash.com] മലബാറിന്റെ റെയില്‍വേ ചരിത്രത്തില്‍ പുതിയ അധ്യായം കുറിച്ചു കൊണ്ട് തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി വൈദ്യുതി എന്‍ഞ്ചിനില്‍ കോഴിക്കോടെത്തി. ചെറുവത്തൂര്‍-ഷൊര്‍ണ്ണൂര്‍ പാതയില്‍ പരീക്ഷണഓട്ടം കഴിഞ്ഞതിന് പിറകേയാണ് സംസ്ഥാനത്തെ പ്രധാന ട്രെയിനായ ജനശതാബ്ദി തിരുവന്തപുരം മുതല്‍ കോഴിക്കോട് വരെ ഇലക്ട്രിക്ക് എന്‍ഞ്ചിനില്‍ സര്‍വ്വീസ് നടത്തിയത്.

രാവിലെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദിയും, ഉച്ചയ്ക്ക് ശേഷമുള്ള കോഴിക്കോട്- തിരുവനന്തപുരം ജനശതാബ്ദിയും വൈദ്യുതി എന്‍ഞ്ചിനില്‍ വിജയകരമായി സര്‍വ്വീസ് നടത്തിയെന്നും, വരും ദിവസങ്ങളില്‍ കൂടുതല്‍ വൈദ്യുതി തീവണ്ടികള്‍ കോഴിക്കോട് വരെ ഓടിക്കാന്‍ സാധിക്കുമെന്നും റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു.

സാധരാണ തെക്കന്‍ കേരളത്തില്‍ നിന്നു വരുന്ന തീവണ്ടികള്‍ ഷൊര്‍ണ്ണൂരില്‍ വച്ച് വൈദ്യുതി എന്‍ഞ്ചിനില്‍ നിന്ന് ഡീസല്‍ എന്‍ഞ്ചിനിലേക്ക് മാറ്റിയാണ് സര്‍വ്വീസ് തുടരാറ്. ഇത് റെയില്‍വേക്ക് വലിയ സാമ്പത്തിക നഷ്ടവും യാത്രക്കാര്‍ക്ക് സമയനഷ്ടവും വരുത്തി വച്ചിരുന്നു. എന്നാല്‍ ചെറുവത്തൂര്‍ വരെ വൈദ്യുതീകരണം പൂര്‍ത്തിയായതോടെ കോഴിക്കോട്ടേക്കും കണ്ണൂരിലേക്കും തീവണ്ടികള്‍ വൈദ്യതി എന്‍ഞ്ചിനില്‍ ഓടിക്കാന്‍ സാഹചര്യമൊരുങ്ങിയിരിക്കുകയാണ്.

പാതയിലെ പ്രധാന ട്രയിനായ കോഴിക്കോട് ജനശതാബ്ദിയുടെ സര്‍വ്വീസ് വിജയകരമായ സ്ഥിതിക്ക് സമീപഭാവിയില്‍ തന്നെ കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദിയും, കണ്ണൂരില്‍ നിന്ന് തെക്കോട്ടുള്ള തീവണ്ടികളും വൈദ്യുതി എന്‍ഞ്ചിനിലേക്ക് മാറിയേക്കും. ഡീസല്‍ എന്‍ഞ്ചിനുകളെ അപേക്ഷിച്ച് വേഗത്തില്‍ സര്‍വ്വീസ് നടത്തുവാന്‍ വൈദ്യുതി എന്‍ഞ്ചിനിലോടുന്ന തീവണ്ടികള്‍ക്ക്‌ സാധിക്കും. കോഴിക്കോട് നിന്ന് മെമു-ഡെമു ട്രയിനുകള്‍ സര്‍വ്വീസ് ആരംഭിക്കണമെന്ന ആവശ്യവും റെയില്‍വേയുടെ പരിഗണനയിലുണ്ട്.

ഷൊര്‍ണ്ണൂര്‍-മംഗലാപുരം റൂട്ടില്‍ ചെറുവത്തൂര്‍ വരെയുള്ള വൈദ്യുതീകരണ നടപടികള്‍ ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. അടുത്ത ആറ് മാസത്തിനുള്ളില്‍ ചെറുവത്തൂര്‍-മംഗലാപുരം പാതയിലെ വൈദ്യുതീകരണം പൂര്‍ത്തിയാക്കാന്‍ സാധിക്കും എന്നാണ് റെയില്‍വേയുടെ പ്രതീക്ഷ. ഇതോടെ കേരളം മുഴുവന്‍ വൈദ്യുതി തീവണ്ടികള്‍ക്ക് സര്‍വ്വീസ് നടത്തുവാന്‍ സാധിക്കും.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.