Latest News

ആയംകടവ് പാലം യാഥാർഥ്യമാകുന്നു; ഉദ്ഘാടനം ഫെബ്രുവരിയിൽ

പെരിയ: സംസ്ഥാനത്തെ ഏറ്റവും ഉയരം കൂടിയ പാലങ്ങളിലൊന്നായ ആയംകടവു പാലത്തിന്റെ കോൺക്രീറ്റ് പൂർത്തിയായി. ഫെബ്രുവരിയിൽ പാലത്തിന്റെ ഉദ്ഘാടനം നടത്താനാകുമെന്നാണു പ്രതീക്ഷയെന്നു കെ.കുഞ്ഞിരാമൻ എംഎൽഎ പറഞ്ഞു.[www.malabarflash.com] 

പുല്ലൂർ പെരിയ, ബേഡകം പഞ്ചായത്തുകളെ ബന്ധിപ്പിച്ചു വാവടുക്കം പുഴയിൽ ആയംകടവിൽ നിർമിക്കുന്ന പാലത്തിന്റെ പ്രവൃത്തി വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണു പൂർത്തിയാകുന്നത്.

നിർമാണത്തിന്റെ തുടക്കത്തിൽ കരാറേറ്റെടുത്തയാൾ ഉപേക്ഷിച്ചുപോയ പാലം നിർമാണം ചട്ടഞ്ചാലിലെ ജാസ്മിൻ കൺസ്ട്രക്ഷൻ കമ്പനിയാണു ഏറ്റെടുത്തു പൂർത്തിയാക്കുന്നത്. 180 മീറ്റർ നീളമുള്ള പാലത്തിന് 30 മീറ്റർ ഉയരമുണ്ട്. 14 കോടി രൂപയാണു നിർമാണ ചെലവ്. രണ്ടര കിലോമീറ്റർ അപ്രോച്ച് റോഡും പൂർത്തിയായിട്ടുണ്ട്. നിർമാണഘട്ടത്തിൽ ഇത്രയും ഉയരത്തിലുള്ള പാലത്തിന്റെ പ്രവൃത്തിക്കു തൊഴിലാളികളെ കിട്ടാനില്ലാത്ത അവസ്ഥയുമുണ്ടായി. അപകടസാധ്യതയുള്ളതിനാൽ കഴിഞ്ഞ മഴക്കാലത്ത് നിർമാണം നിർത്തിവയ്ക്കാൻ ചീഫ് എൻജിനീയർ നിർദേശിച്ചിരുന്നു.

ഇത്തരത്തിൽ ഒട്ടേറെ വെല്ലുവിളികളെ തരണംചെയ്താണ് പാലം യാഥാർഥ്യമാകുന്നതെന്നു എംഎൽഎ പറഞ്ഞു. നിർമാണതൊഴിലാളികളെയും എൻജിനീയർമാരെയും പാലത്തിനും അപ്രോച്ച് റോഡിനുമായി ഭൂമി സൗജന്യമായി വിട്ടുകൊടുത്ത സ്ഥലം ഉടമകളെയും പാലം പരിസരത്ത് സംഘടിപ്പിച്ച ചടങ്ങിൽ ആദരിച്ചു. പിഡബ്ല്യുഡി എക്‌സിക്യൂട്ടീവ് എൻജിനീയർ പി.വിനോദ് അധ്യക്ഷത വഹിച്ചു. പാലത്തിനായി മുൻകൈയെടുത്ത കെ.കുഞ്ഞിരാമൻ എംഎൽഎയെ പൊന്നാടയണിയിച്ചു.

സ്ഥലം സൗജന്യമായി നൽകിയ അമ്പൂഞ്ഞി, കുഞ്ഞിരാമൻ, കണ്ണൻ വെളിച്ചപ്പാടൻ, രാധ , അസി.എൻജിനീയർമാരായ രാജീവൻ, ബെന്നി, രമ്യ, നിർമാണമാരംഭിച്ച ഘട്ടത്തിൽ എക്‌സിക്യുട്ടീവ് എൻജിനീയറായിരുന്ന മുഹമ്മദ് ബഷീർ എന്നിവർ ആദരം ഏറ്റുവാങ്ങി. ജാസ്മിൻ കമ്പനി ചെയർമാൻ ടി.എ.അബ്ദുൽ റഹ്മാൻ, പാർട്ണർമാരായ മുഹമ്മദ് ജാനിഷ്, മുഹമ്മദ് ജാനിഫ് എന്നിവരും സംബന്ധിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.