Latest News

സമ്മതിദാനാവകാശം ഫലപ്രദമായി വിനിയോഗിച്ച് രാഷ്ട്ര നിര്‍മാണ പ്രക്രിയയില്‍ ഭാഗവാക്കാകണം -കാന്തപുരം

മഞ്ചേശ്വരം:[www.malabarflash.com] ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഴുവനാളുകളും സമ്മതിദാനാവകാശം ഫലപ്രദമായി വിനിയോഗിച്ച് രാഷ്ട്ര നിര്‍മാണ പ്രക്രിയയില്‍ പങ്കാളികളാകണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ആഹ്വാനം ചെയ്തു. ഹൊസങ്കടി ചിഗുര്‍പാദ ദാറുന്നജാത്ത് ആറാം വാര്‍ഷിക ഖാസി ബൈഅത്ത് സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു കാന്തപുരം.

ഈമാസം 19വരെ വോട്ടര്‍ ലിസ്റ്റില്‍ പേരു ചേര്‍ക്കാന്‍ അവസരമുണ്ട്. മുഴുവന്‍ പ്രവര്‍ത്തകരും കുടുംബാംഗങ്ങളും വോട്ടര്‍ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഉറപ്പാക്കണം. 18 തികഞ്ഞ മുഴുവനാളുകളും വോട്ടര്‍ലിസ്റ്റില്‍ പേരു ചേര്‍ക്കാന്‍ മുന്നോട്ടുവരണം.

നാടിന്റെ വികസനം ഉറപ്പുവരുത്തുന്നതോടൊപ്പം രാജ്യത്തിന്റെ മതേതര പാരമ്പര്യവും ന്യൂനപക്ഷ അവകാശങ്ങളും സംരക്ഷിക്കുന്നവരെ ജനപ്രതിനിധികളായി തിരഞ്ഞെടുക്കണം.
പ്രകടന പത്രികകളിലെ താത്കാലിക വാഗ്ദാനങ്ങള്‍ക്കപ്പുറം നാടിന്റെ ഭാവി മുന്നില്‍കണ്ട് വിശാലമായ ചിന്തകളും കാഴ്ചപ്പാടുകളുമാണ് സ്ഥാനാര്‍ഥികള്‍ക്കുണ്ടാകേണ്ടത്. എതിരാളിയെ വ്യക്തിപരമായി നേരിടുന്നതിനു പകരം വികസനരംഗത്ത് ആരോഗ്യകരമായ സംവാദങ്ങളും ചര്‍ച്ചകളുമാവണം തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിക്കേണ്ടത്. പ്രചാരണ പരിപാടികള്‍ സംഘര്‍ഷത്തിലേക്ക് നീങ്ങാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ജാഗ്രത പുലര്‍ത്തണം.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ പേരില്‍ സാധാരണ ജനങ്ങളുടെ കുടിവെള്ളം, ക്ഷേമ ആനുകൂല്യങ്ങള്‍ തുടങ്ങിയവ തടയപ്പെട്ടിട്ടില്ലെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പാക്കണമെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു.

സമസ്ത വൈസ് പ്രസിഡന്റ് എം അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ പരിപാടി ഉദ്ഘാടനം ചെയ്തു. സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാ ഹസന്‍, സയ്യിദ് അബ്ദുല്ല തങ്ങള്‍ പൈവളിഗെ, സയ്യിദ് ജലാലുദ്ദീന്‍ അല്‍ബുഖാരി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ഹൈദര്‍ പരത്തിപ്പാടി, അഡ്വ. സി എച്ച് കുഞ്ഞമ്പു, പി ബി അഹ്മദ് ഹാജി, ജബ്ബാര്‍ സഖാഫി തുടങ്ങിയവര്‍ പ്രസംഗിച്ചു. എ ബി മൊയ്തു സഅദി ചേരൂര്‍ സ്വാഗതം പറഞ്ഞു.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.