Latest News

വ്യവസായിയുടെ മകനെ തട്ടിക്കൊണ്ടുപോയ ക്വട്ടേഷന്‍ സംഘം പിടിയില്‍

കൊച്ചി:[www.malabrflash.com] പ്രവാസി മലയാളികള്‍ തമ്മിലുള്ള ബിസിനസ് വൈരാഗ്യത്തില്‍ മൂന്നു കോടി രൂപയുടെ ക്വട്ടേഷന്‍ നല്‍കി കാക്കനാട്ടെ ഹോസ്റ്റലില്‍നിന്ന് എംബിഎ രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഗുണ്ടാ സംഘത്തിലെ അഞ്ചുപേരെ കാക്കനാട് ഇന്‍ഫോപാര്‍ക്ക് പോലീസ് അറസ്റ്റ് ചെയ്തു.

ചാവക്കാട് താഴത്തയില്‍ ഉമ്മര്‍ ഫറൂഖ് അലി (26), നാട്ടിക പടിയത്ത് ബിന്‍ഷാദ് (27), ഒറ്റപ്പാലം തൃക്കൊടിയേരി കുരീക്കാട്ട് അബൂബക്കര്‍ സിദ്ദിക്ക് (32), ഒറ്റപ്പാലം മച്ചിങ്ങാത്തൊടിയില്‍ സുല്‍ഫിക്കര്‍ (35), ചാവക്കാട് വടക്കേക്കാട് എടക്കാട്ട് ബഗീഷ്(24) എന്നിവരാണു പിടിയിലായത്.

കഴിഞ്ഞ മാസം 23ന് പുലര്‍ച്ചെ ആറിനാണ് ചിറ്റേത്തുകരയിലെ ഹോസ്റ്റലില്‍നിന്നു കോഴിക്കോട് സ്വദേശി ഫിറാസത്ത് മുഹമ്മദിനെ വിളിച്ചിറക്കി ക്ലോറോഫോം മണപ്പിച്ചു ബോധം കെടുത്തി പ്രതികള്‍ കാറില്‍ കയറ്റിക്കൊണ്ടുപോയത്. ഫിറാസത്തിനോടൊപ്പം ഹോസ്റ്റലില്‍ താമസിച്ചിരുന്ന സുഹൃത്തിന്റെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് അന്നു രാത്രി ഏഴോടെ ഫിറാസത്തിനെ പൊള്ളാച്ചിക്കടുത്തു കണെ്ടത്തി.

മൊബൈല്‍ ഫോണുകള്‍ നിരീക്ഷിച്ചതില്‍നിന്നു പ്രതികള്‍ പാലക്കാട്, തൃശൂര്‍ ഭാഗങ്ങളില്‍ ഉണെ്ടന്നു മനസിലാക്കിയ പോലീസ് രണ്ടു സ്‌ക്വാഡുകളായി തിരിഞ്ഞു നടത്തിയ അന്വേഷണത്തിലാണു ക്വട്ടേഷന്‍ സംഘാംഗങ്ങളായ അഞ്ചുപേരെ പിടികൂടിയത്. ക്വട്ടേഷന്‍ ഏറ്റെടുത്ത അഫ്‌സല്‍, ലത്തീഫ് തങ്ങള്‍, മുഫാസ് എന്നിവരെക്കൂടി പിടികൂടാനുണെ്ടന്നു പോലീസ് അറിയിച്ചു.

അഫ്‌സല്‍ ഏറ്റെടുത്ത ക്വട്ടേഷന്‍ പിടിയിലായ സംഘത്തെ ഏല്‍പ്പിക്കുകയായിരുന്നു. പ്രവാസി ബിസിനസുകാരനായ മലപ്പുറം വെസ്റ്റ് കോടൂര്‍ കറ്റവാന്‍തൊടി മുഹമ്മദ് റബിയുള്ളയാണ് ക്വട്ടേഷന്‍ നല്കിയതെന്നു പോലീസ് പറയുന്നു. റബിയുള്ളയ്ക്കും മറ്റു പ്രതികള്‍ക്കും വേണ്ടി അന്വേഷണം തുടരുകയാണ്.

ഫിറാസത്തിന്റെ പിതാവും റബിയുള്ളയുമായുള്ള ബിസിനസ് വൈരാഗ്യമാണു തട്ടിക്കൊണ്ടുപോകലിനു പിന്നിലെന്നാണു പ്രാഥമിക നിഗമനം.
കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എം.പി. ദിനേശിന്റെ നിര്‍ദേശപ്രകാരം തൃക്കാക്കര എസിപി രാജേഷിന്റെ നേതൃത്വത്തില്‍ ഇന്‍ഫോപാര്‍ക്ക് പോലീസ് സ്റ്റേഷന്‍ സിഐ സാജന്‍ സേവ്യര്‍, എസ്‌ഐ തൃദീപ് ചന്ദ്രന്‍, തിലകന്‍, എഎസ്‌ഐ സജി, വിനായകന്‍, സീനിയര്‍ സിപിഒമാരായ ബേസില്‍, സജീഷ്, സിപിഒ ജാബിര്‍ എന്നിവര്‍ ചേര്‍ന്നാണു പ്രതികളെ പിടികൂടിയത്.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.