Latest News

അറുപത്തിയേഴുകാരിക്ക് ഓപ്പറേഷന്‍ കൂടാതെ ഹൃദയവാല്‍വ് മാറ്റിവച്ചു

കൊച്ചി:[www.malabarflash.com] ശസ്ത്രക്രിയ കൂടാതെ ഹൃദയ വാല്‍വ് മാറ്റിവയ്ക്കുന്ന ട്രാന്‍സ്‌കതെറ്റര്‍ അയൊട്ടിക് വാല്‍വ് ഇംപ്ലാന്റേഷന്‍ (ടാവി) ഇടപ്പള്ളി അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ വിജയകരമായി പരീക്ഷിച്ചു. 67കാരിയായ അമലൂര്‍ പവം എന്ന സ്ത്രീയിലാണ് കാര്‍ഡിയോളജി വിഭാഗം പ്രഫസര്‍ ഡോ.സി.രാജീവിന്റെ നേതൃത്വത്തില്‍ വാല്‍വ് മാറ്റിവയ്ക്കല്‍ നടന്നത്.

കാര്‍ഡിയോളജി വിഭാഗം പ്രഫസര്‍ ഡോ.എം.വിജയകുമാര്‍, അനസ്‌തേഷ്യ വിഭാഗം മേധാവി ഡോ.ഏബ്രഹാം ചെറിയാന്‍, ഡോക്ടര്‍മാരായ രശ്മി, ബാലസുബ്രഹ്മണ്യം, ആശിഷ്, ചീഫ് ടെക്‌നോളജിസ്റ്റ് ശ്രീലക്ഷ്മി, നഴ്‌സ് ഇന്‍ ചീഫ് റോസ് സോഫി എന്നിവരും സംഘത്തിലുണ്ടായിരുന്നു.

ഡയബറ്റിക്‌സും ഹൈപ്പര്‍ടെന്‍ഷനും മൂലം വാല്‍വ് തകരാറിലായ അമലൂര്‍ പവം 11 വര്‍ഷം മുന്‍പ് വാല്‍വ് മാറ്റി വയ്ക്കലിനു വിധേയയായിരുന്നു. എന്നാല്‍, ഇതിനുശേഷം രണ്ടു തവണ ഹൃദ്രോഗ ബാധിതയായി അമൃതയില്‍ ചികിത്സ തേടി. തുടര്‍ന്ന് അമലൂരിന് അമൃതയിലെ വിദഗ്ധ ഡോക്ടര്‍മാര്‍ ടാവി ചികിത്സാ രീതി നിര്‍ദേശിക്കുകയായിരുന്നു. തകരാറിലായ പഴയ വാല്‍വ് നീക്കം ചെയ്യാതെതന്നെ അതേ സ്ഥാനത്തു പുതിയ വാല്‍വ് വച്ചുപിടിപ്പിക്കുകയായിരുന്നു. രോഗിയുടെ വയറിനു താഴെ ചെറിയ മുറിവ് ഉണ്ടാക്കിയ ശേഷം രക്തക്കുഴലിലൂടെ പുതിയ വാല്‍വ് സ്ഥാപിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ വേണ്ടിവന്നില്ല. ശസ്ത്രക്രിയയ്ക്കുശേഷം പൂര്‍ണ സുഖം പ്രാപിച്ച അമലൂരിനെ ഡിസ്ചാര്‍ജ് ചെയ്തു. ഇക്കഴിഞ്ഞ ജനുവരിയിലാണ് അമലൂര്‍ ആദ്യമായി അമൃതയിലെത്തിയത്.

കടുത്ത ശ്വാസതടസവും കാല്‍ പാദത്തില്‍ മുഴയും ഉണ്ടായിരുന്നു. മൂന്നാം തവണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് അമലൂരിനു ടാവി ചികിത്സ നിര്‍ദേശിച്ചത്. വീണ്ടുമൊരു വാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ അപകടകരമാണെന്നു കണെ്ടത്തിയാണു ഡോക്ടര്‍മാര്‍ നൂതനരീതി നിര്‍ദേശിച്ചത്. 

കൃത്യതയും സമയലാഭവുമാണു ടാവി ചികിത്സയുടെ മേന്മയെന്നു ഡോ.സി.രാജീവ് പറഞ്ഞു. 45 മിനിറ്റുകൊണ്ട് ശസ്ത്രക്രിയ കൂടാതെ വാല്‍വ് മാറ്റിവയ്ക്കാന്‍ കഴിഞ്ഞു. അപകടാവസ്ഥയിലുള്ള രോഗികള്‍ക്കു യൂറോപ്പിലും അമേരിക്കയിലും ടാവി രീതി ഉപയോഗിക്കുന്നുണ്ട്. 65 വയസിനു മുകളിലുള്ള രണ്ടു ശതമാനം ആള്‍ക്കാര്‍ക്ക് വാല്‍വ് സംബന്ധിയായ രോഗങ്ങള്‍ കണ്ടുവരുന്നു.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.