Latest News

വിശ്വനാഥന്‍ കൊലക്കേസ്: സി.പി.എം, കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ ശുപാര്‍ശ

കാസര്‍കോട്‌:[www.malabarflash.com] ബന്തടുക്കയില്‍ കോളിളക്കം സൃഷ്‌ടിച്ച വിശ്വനാഥന്‍ കൊലക്കേസ്‌ അന്വേഷണം നിര്‍ണ്ണായക വഴിത്തിരിവില്‍. 14 വര്‍ഷം മുമ്പ്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനെ വെടിവെച്ചു കൊന്ന സംഭവത്തില്‍ ഗൂഢാലോചന നടത്തിയ സി.പി.എം.-കോണ്‍ഗ്രസ്‌-പൊലീസ്‌ ഉദ്യോഗസ്ഥന്‍ എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്നു ആവശ്യപ്പെട്ട്‌ ക്രൈംബ്രാഞ്ച്‌ (എച്ച്‌.എച്ച്‌. ഡബ്ല്യൂ-മൂന്ന്‌) ഇന്‍സ്‌പെക്‌ടര്‍ അബ്‌ദുല്‍ റഹ്മാന്‍, എ.ഡി.ജി. പി.എസ്‌. അനന്തകൃഷ്‌ണനു റിപ്പോര്‍ട്ട്‌ നല്‍കി.

കുറ്റിക്കോല്‍ മുന്‍പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.ഗോപാലന്‍, കോണ്‍ഗ്രസ്‌ നേതാക്കളായ മാധവന്‍ നായര്‍, പൂഴനാട്‌ ഗോപാലകൃഷ്‌ണന്‍, എ.ജെ. ജോര്‍ജ്ജ്‌, നേരത്തെ കേസ്‌ അന്വേഷിച്ച കാസര്‍കോട്‌ ക്രൈംബ്രാഞ്ച്‌ സി.ഐ. കെ.മുരളീധരന്‍ എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്നാണ്‌ ശുപാര്‍ശ.

കോളിളക്കം സൃഷ്‌ടിച്ച വിശ്വനാഥ ഗൗഡ കൊലക്കേസില്‍ തെളിവു നശിപ്പിക്കുവാന്‍ ശ്രമിച്ചതിനു ജനപ്രതിനിധിയും സി.പി.എമ്മിന്റെ പ്രമുഖ നേതാവുമായ ഒരാള്‍ക്കെതിരെയും കേസെടുക്കണമെന്ന്‌ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുള്ളതായി ക്രൈംബ്രാഞ്ച്‌ വൃത്തങ്ങള്‍ പറഞ്ഞു.

വിശ്വനാഥ ഗൗഡയുടെ മരണത്തിനു ഇടയാക്കിയ യഥാര്‍ത്ഥ തോക്ക്‌ അന്വേഷണ സംഘത്തിനു നല്‍കാതെ ഒളിപ്പിച്ചുവച്ചുവെന്നാണ്‌ നേതാക്കള്‍ക്കെതിരെ ക്രൈംബ്രാഞ്ച്‌ കണ്ടെത്തിയ കുറ്റം. യഥാര്‍ത്ഥ തോക്ക്‌ മറച്ചു വച്ച്‌ മറ്റൊരു തോക്ക്‌ അന്വേഷണസംഘത്തിനു കൈമാറുകയായിരുന്നു.
2002 മാര്‍ച്ച്‌ ഒന്‍പതിനാണ്‌ ബന്തടുക്കയിലെ വിശ്വനാഥ ഗൗഡ വെടിയേറ്റു മരിച്ചത്‌. 

മൃതദേഹത്തിനു അരികില്‍ നിന്നു ഒരു തോക്കു കണ്ടെത്തിയിരുന്നു. ഈ തോക്ക്‌ വിശ്വനാഥ ഗൗഡയുടെതാണെന്നും ഇതു ഉപയോഗിച്ച്‌ സ്വയം നിറയൊഴിക്കുകയുമായിരുന്നുവെന്നാണ്‌ പറഞ്ഞിരുന്നത്‌. കേസ്‌ ആദ്യം അന്വേഷിച്ച ബേഡകം പൊലീസ്‌ കൊലപാതകമാണെന്ന നിഗമനത്തിലായിരുന്നു. എന്നാല്‍ കേസ്‌ ക്രൈം ബ്രാഞ്ചിനു മുന്നിലെത്തിയതോടെ ആത്മഹത്യയാണെന്നു വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നു പറയുന്നു.

എന്നാല്‍ വിശ്വനാഥ ഗൗഡ നിറയൊഴിക്കാന്‍ ഉപയോഗിച്ചുവെന്നു പറഞ്ഞിരുന്ന തോക്ക്‌ ശാസ്‌ത്രീയപരിശോധന നടത്തിയിരുന്നു. നിര്‍മ്മാണത്തിലെ അപാകതമൂലം പ്രസ്‌തുത തോക്ക്‌ പ്രവര്‍ത്തന ക്ഷമമല്ലെന്നു കണ്ടെത്തിയതോടെയാണ്‌ കൊലപാതകമാണെന്ന കാര്യത്തിലേയ്‌ക്ക്‌ അന്വേഷണ ഉദ്യോഗസ്ഥര്‍ എത്തിയത്‌. ചെറുവത്തൂരിലെ നേതാവ്‌ തോക്കുകൈമാറുന്നതു കണ്ടിരുന്നുവെന്നു ഒരു ടാക്‌സി ഡ്രൈവര്‍ നേരത്തെ ഹൊസ്‌ദുര്‍ഗ്ഗ്‌ മജിസ്‌ട്രേറ്റിനു മൊഴി നല്‍കിയിരുന്നു.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.