Latest News

ജില്ലാ കളക്ടറുടെ കാരുണ്യം വിഫലമായി ലക്ഷ്മി മരണത്തിന് കീഴടങ്ങി

കുറ്റിക്കോല്‍:[www.malabarflash.com] കാസര്‍കോട് ജില്ലാ കളക്ടര്‍ ഇ.ദേവദാസന്റെ നിര്‍ദ്ദേശാനുസരണം പരിയാരം മെഡിക്കല്‍കോളജില്‍ പ്രവേശിപ്പിക്കപ്പെട്ട നര്‍ക്കല പട്ടികവര്‍ഗ്ഗ കോളനിയിലെ ലക്ഷ്മി ( 35 ) വെളളിയാഴ്ച പുലര്‍ച്ചെ നിര്യാതയായി.വിഷു പ്രമാണിച്ച് ഈ ദരിദ്ര കുടുംബത്തിന് പച്ചക്കറികളുമായെത്തിയ കുറ്റിക്കോല്‍ എയുപി സ്‌കൂള്‍ അധ്യാപകനും സാമൂഹ്യപ്രവര്‍ത്തകനുമായ കെ.ആര്‍ സാനുവിന്റെ നേതൃത്വത്തിലുള്ള സംഘം ലക്ഷ്മിയെ വീട്ടിലെ അടുപ്പിനടുത്ത് അബോധാവസ്ഥയില്‍കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു.

കാസര്‍കോട് ജില്ലാകളക്ടറെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ലക്ഷ്മിക്ക് അടിയന്തിര ചികിത്സ ലഭ്യമാക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഗുരുതരമായ വൃക്കരോഗം ബാധിച്ച ലക്ഷ്മിയെ ഡയായിലിസിന് വിധേയമാക്കിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി അബോധാവസ്ഥയില്‍ കഴിഞ്ഞിരുന്ന ലക്ഷ്മി വെളളിയാഴ്ച രാവിലെ മരണത്തിന് കീഴടങ്ങി.

ലക്ഷ്മിയുടെ മൃതദേഹം വീട്ടിലെത്തിക്കുന്നതിനും സംസ്‌കരിക്കുന്നതിനും ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സംവിധാനമൊരുക്കിയിരുന്നു.

ലക്ഷ്മിയുടെ ഭര്‍ത്താവ് മധു മൂന്ന് വര്‍ഷം മുമ്പ് കരള്‍രോഗം ബാധിച്ച് മരിച്ചിരുന്നു. തുടര്‍ന്ന് ബേത്തൂര്‍പ്പാറ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയായ മകള്‍ ശ്രീലത പഠനം നിര്‍ത്തി കൂലിപ്പണിക്കിറങ്ങിയിരുന്നു. ശ്രീലതയുടെ ദുരവസ്ഥ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സേവാഭാരതി ശ്രീലതയുടേയും അനിയത്തി നികന്യയുടേയും സംരക്ഷണം ഏറ്റെടുത്തിരുന്നു. രണ്ട് പേരും കോഴിക്കോട് ബാലികാ സദനത്തിലെ അന്തേവാസികളാണ്.അമ്മയോടൊപ്പം നില്‍ക്കാന്‍ ഇഷ്ടപ്പെട്ട ഇളയമകള്‍ നികിത ഇപ്പോള്‍ മുന്നാട് എയുപിസ്‌കൂളിലെ നാലാം ക്ലാസ്സ് വിദ്യാര്‍ഥിനിയാണ്.ലക്ഷ്മിയുടെ മരണം കുട്ടികളുടെ ജീവിതത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. നികിതക്ക് ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കുമെന്ന് ജില്ലാകളക്ടര്‍ ഇ.ദേവദാസന്‍ അറിയിച്ചു.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.