Latest News

കൊടവലം ശ്രീ മഹാവിഷ്ണുക്ഷേത്രം രണ്ടാംഘട്ട നവീകരണ പുനഃപ്രതിഷ്ഠാ ബ്രഹ്മകലശ മഹോല്‍സവം ഏപ്രില്‍ 24 മുതല്‍ 29 വരെ

പുല്ലൂര്‍:[www.malabarflash.com] 1800 വര്‍ഷം പഴക്കമുള്ള കൊടവലം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിന്‍റെ ഒന്നാംഘട്ട പുനരുദ്ധാരണം 2006ല്‍ നടക്കുകയുണ്ടായി. ചരിത്രരേഖയായ കൊടവലം ശാസനം വട്ടെഴുത്ത് ലിപിയില്‍ ശിലയില്‍ ആലേഖനം ചെയ്തത് ഇന്നും ക്ഷേത്രത്തില്‍ കാണാന്‍ സാധിക്കും.

1969ല്‍ ചരിത്രകാരനായ എം.ജി.എസ്.ക്ഷേത്രം സന്ദര്‍ശിക്കുകയും വട്ടെഴുത്ത് ലിപി വായിച്ചെടുക്കുകയും അതുവഴി കേരള ചരിത്രം തന്നെ മറ്റൊരു ദിശയിലേക്ക് മാറുകയും ചെയ്യുകയുണ്ടായി. കൊടവലം ശ്രീ മഹാവിഷ്ണുക്ഷേത്രത്തിന്‍റെ (വാമനാവതാരം) രണ്ടാംഘട്ട പുനരുദ്ധാരണത്തിന്‍റെ ഭാഗമായി കൊടവലത്ത് ഭഗവതി കാവ്, പന്നിക്കൂര്‍ ചാമുണ്ഡിയമ്മ ദേവസ്ഥാനത്തിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാവുകയും 24 മുതല്‍ 29 വരെ ബ്രഹ്മശ്രീ ഇരിവല്‍ കേശവ തന്ത്രികളുടെ കാര്‍മ്മികത്വത്തില്‍ പുനഃപ്രതിഷ്ഠാ ബ്രഹ്മകലശ മഹോല്‍സവം നടക്കുകയാണ്.

24ന് രാവിലെ 8 മണിക്ക് കൊടവലം പരിസരത്തെ വിവിധ ക്ഷേത്രങ്ങളില്‍ നിന്ന് കലവറ നിറയ്ക്കല്‍ ഘോഷയാത്ര നടക്കും. വൈകുന്നേരം 5 മണിക്ക് സംഗമം ക്ലബ്ബ് പരിസരത്ത് വെച്ച് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഇരിവല്‍ കേശവതന്ത്രികള്‍ക്ക് പൂര്‍ണ്ണകുംഭത്തോടെ ആചാര്യവരവേല്‍പ്പ് നടക്കും.

25ന് രാത്രി 7 മണിക്ക് നടക്കുന്ന ആദ്ധ്യാത്മിക സദസ്സില്‍ ചിന്‍മയാമിഷന്‍ കേരള ഘടകം അദ്ധ്യക്ഷന്‍ സംപൂജ്യ സ്വാമി വിവിക്താനന്ദ സരസ്വതി ആദ്ധ്യാത്മിക പ്രഭാഷണം നടത്തും. ചടങ്ങില്‍ ഇരിവല്‍ കേശവതന്ത്രി, മധുരമ്പാടി പത്മനാഭ തന്ത്രി, രാധാകൃഷ്ണന്‍ നരിക്കോട് എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. രാത്രി 8 മണിക്ക് ശ്രീമതി പ്രീത ഗോപാലകൃഷ്ണന്‍ നയിക്കുന്ന സംഗീതസുധ, തുടര്‍ന്ന് സതി വിദ്യാധരന്‍ അവതരിപ്പിക്കുന്ന ഭരതനാട്യം.

26ന് വൈകുന്നേരം 6 മണിക്ക് കൊടവലം ശ്രീ മഹാവിഷ്ണു ക്ഷേത്ര ഭജനസമിതിയുടെ ഭജന, രാത്രി 8 മണിക്ക് സംഗമം ആര്‍ട്സ് ആന്‍റ് സ്പോര്‍ട്സ് ക്ലബ്ബിലെ കലാപ്രതിഭകള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ അരങ്ങേറും.

27ന് രാവിലെ 8 മണിക്ക് അരയാല്‍ത്തറയില്‍ അശ്വരഥ ഷോഢശ സംസ്കാരക്രിയകള്‍, ശാസ്താക്ഷേത്രത്തില്‍ മുഖമണ്ഡപ സമര്‍പ്പണം, അരയാലിന് ഉപനയന കര്‍മ്മം, വിവാഹകര്‍മ്മം എന്നിവ നടക്കും. തുടര്‍ന്ന് അന്നദാനം. രാത്രി 7 മണിക്ക് ടി.പി.സോമശേഖരനും സംഘവും അവതരിപ്പിക്കുന്ന സംഗീതക്കച്ചേരി, രാത്രി 9 മണിക്ക് എക്കാല്‍ നവശക്തി ആര്‍ട്സ് ആന്‍റ് സ്പോര്‍ട്സ് ക്ലബ്ബ് അണിയിച്ചൊരുക്കുന്ന വിവിധ കലാപരിപാടികള്‍.

28ന് രാത്രി 7 മണിക്ക് വാഴക്കോട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര ഭജനസമിതി അവതരിപ്പിക്കുന്ന ഭജന, 29ന് രാവിലെ 5 മണിക്ക് മഹാഗണപതിഹോമം, രാവിലെ 11.22 മുതല്‍ 1.26 വരെയുള്ള ശുഭ മുഹൂര്‍ത്തത്തില്‍ പ്രതിഷ്ഠാ കര്‍മ്മം നടക്കും. തുടര്‍ന്ന് അന്നദാനം.

എ.വേലായുധന്‍, എ.ദാമോദരന്‍നായര്‍, ടി.പി.രാമചന്ദ്രന്‍, ടി.പി.ശ്രീനിവാസന്‍ മാസ്റ്റര്‍, ഇ.അമ്പൂഞ്ഞി, കെ.വി.ദാമോദരന്‍, പത്മനാഭന്‍ കക്കൂത്തില്‍, ദിവാകരന്‍ നെല്ലിത്തറ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.