Latest News

തലശേരിയില്‍ പോലീസ് സംഘത്തെ തടഞ്ഞുവച്ചു പ്രതിയെ മോചിപ്പിച്ചു

തലശേരി:[www.malabarflash.com] രാഷ്ട്രീയ സംഘര്‍ഷ കേസിലെ പ്രതിയെ പിടികൂടാന്‍ പോയ പോലീസ് സംഘത്തെ ആക്രമിച്ചു വീടിന്റെ കോമ്പൗണ്ടിനുള്ളില്‍ തടഞ്ഞു വച്ചശേഷം പ്രതിയെ രക്ഷപ്പെടുത്തി.

പിന്നീടു കൂടുതല്‍ സേനയെത്തി പോലീസുകാരെ മോചിപ്പിക്കുകയും പ്രതിയുടെ മൂന്നു സഹോദരന്മാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. വെളളിയാഴ്ച പുലര്‍ച്ചെ മൂന്നോടെ തലശേരി ചാലിലായിരുന്നു സംഭവം. സിപിഎം- എസ്ഡിപിഐ സംഘര്‍ഷത്തിലെ പ്രതിയായ എസ്ഡിപിഐ പ്രവര്‍ത്തകന്‍ മാടമില്ലത്ത് റഹീമിനെ പിടികൂടാനാണ് അഡീഷണല്‍ എസ്‌ഐ കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ നാലംഗ പോലീസ് സംഘം ചാലിലെത്തിയത്.

റഹീമിനെ വീട്ടില്‍ കയറി പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ വീടിന്റെ ഗേറ്റ് അടച്ച ശേഷം പോലീസിനെ വളഞ്ഞുവച്ചു കൈയേറ്റം ചെയ്തു. ഇതിനിടെ, പ്രതിയെ രക്ഷപ്പെടുത്തി. തടങ്കലിലായ പോലീസ് സംഘം വിവരമറിയിച്ചതിനെത്തുടര്‍ന്നു സിഐ മനോജ്, പ്രിന്‍സിപ്പല്‍ എസ്‌ഐ സി. ഷാജു എന്നിവരുടെ നേതൃത്വത്തില്‍ സായുധസേന സ്ഥലത്തെത്തിയാണു പോലീസ് സംഘത്തെ മോചിപ്പിച്ചത്.

സംഭവവുമായി ബന്ധപ്പെട്ടു റഹീമിന്റെ സഹോദരങ്ങളായ സിറാജ്(38), ജലീല്‍(32), റഹ്മാന്‍(26) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇവരെ കൊണ്ടുപോകുന്നതു തടയാനും ശ്രമമുണ്ടായി. എന്നാല്‍, ബലപ്രയോഗത്തില്‍ മൂന്നുപേരെയും സ്റ്റേഷനിലേക്കു കൊണ്ടുപോവുകയായിരുന്നു. പോലീസിനെ ആക്രമിച്ചതിനും കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ചതിനും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതായി പോലീസ് പറഞ്ഞു. രക്ഷപ്പെട്ട പ്രതിക്കു വേണ്ടി പോലീസ് തെരച്ചില്‍ നടത്തിവരിക യാണ്.





Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.