Latest News

ദുരിതക്കയത്തില്‍ നിന്ന് ഒരു തൈക്കാങ്ങിനായി റെജി പോള്‍സണ്‍ ചികിത്സാസഹായം തേടുന്നു

കാലിച്ചാനടുക്കം:[www.malabarflash.com] കാലിച്ചാനടുക്കത്ത് വാടകയ്ക്ക് താമസിക്കുന്ന റെജി പോള്‍സണ്‍ എന്ന വീട്ടമ്മ 18 വര്‍ഷമായി ഷുഗര്‍ രോഗിയാണ്. മൂന്ന് മാസം മുമ്പ് കാലില്‍ ചെറിയ ഒരു മുറിവുണ്ടായി. ഉണങ്ങാത്തതിനെതുടര്‍ന്ന് നീലേശ്വരം താലൂക്ക് ആശുപത്രിയിലും, ജില്ലാ ആശുപത്രിയിലും ചികിത്സ തേടിയെങ്കിലും കാലിലെ പഴുപ്പ് കൂടി പോയ്സണ്‍ ആയി റെജി ഗുരുതരാവസ്ഥയിലായി. ഇതെ തുടര്‍ന്ന് മംഗലാപുരം യേനപ്പോയ ആശുപത്രിയിലേക്ക് റെജിയെ മാറ്റി.

അവിടെ 12 ദിവസം ചികിത്സിച്ചെങ്കിലും യാതൊരു കുറവും വന്നില്ല. കൂടാതെ കടുത്ത പനിയും വിറയലും വന്ന് റെജി അത്യാസന്ന നിലയിലായി. അവിടെ വെച്ച് കാല്‍വിരലും കാല്‍പാദത്തിന്‍റെ പകുതിയും പഴുപ്പ് ബാധിച്ചതിനാല്‍ ഇതിനകം മുറിച്ചുമാറ്റിയിരുന്നു. എന്നിട്ടും രോഗത്തിന് യാതൊരു കുറവും കാണാത്തതിനാല്‍ അവിടെ നിന്നും റെജിയെ മംഗലാപുരം ഫാദര്‍ മുള്ളേഴ്സ് ആശുപത്രിയിലേയ്ക്ക് മാറ്റേണ്ടി വന്നു. റെജിയുടെ കിഡ്നിക്കും തൈറോയിഡിനും പഴുപ്പ് ബാധിച്ച നിലയിലാണ് ഫാദര്‍ മുള്ളേഴ്സ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. പഴുപ്പ് വലിച്ച് കളയാന്‍ ശ്രമിച്ചെങ്കിലും കുറയാത്തതിനാല്‍ റെജിയുടെ വലതുകാല്‍ മുട്ടിനുതാഴെ വെച്ച് മുറിച്ചു മാറ്റിയിരിക്കുകയാണ് ഇപ്പോള്‍. 

ഒന്നര മാസത്തോളമായി ഇപ്പോള്‍ ഫാദര്‍ മുള്ളേര്‍സ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് റെജി. കാല്‍മുറിച്ചിട്ടും ഇപ്പോഴും പഴുപ്പ് വന്നുകൊണ്ടിരിക്കുകയാണ്. കിടക്കയില്‍ കിന്നുകൊണ്ടാണ് പ്രാഥമിക ആവശ്യങ്ങള്‍ നടത്തുന്നത്. രണ്ടുപേര്‍ സഹായത്തിനായി എപ്പോഴും കൂടെ വേണം. ടാപ്പിങ്ങ് തൊഴിലാളിയായ ഭര്‍ത്താവ് പോള്‍സണും ഐ.ടി.ഐ. വിദ്യാര്‍ത്ഥിയായ മകന്‍ അന്‍സനുമാണ് റെജിയുടെ സഹായത്തിനുള്ളത്.

6 വര്‍ഷമായി വാടകവീട്ടില്‍ താമസിക്കുന്ന റെജിയുടെ കുടുംബത്തിന് സ്വന്തമായി ഒരു തുണ്ട് ഭൂമിയോ വീടോ ഇല്ല. തയ്യല്‍ ജോലി ചെയ്തിരുന്ന റെജിയുടെ വരുമാനം കൊണ്ടുകൂടിയാണ് കുടുംബചെലവും മക്കളുടെ വിദ്യാഭ്യാസചെലവും നടത്തി വന്നിരുന്നത്. റെജിയുടെ ചികിത്സയ്ക്കായി ഇപ്പോള്‍ തന്നെ ഒന്നര ലക്ഷത്തിലധികം രൂപ ചെലവായിട്ടുണ്ട്. ഇതില്‍ 50,000/- രൂപയോളം സുമനസ്സുകള്‍ സഹായിച്ചതാണ്. ഇപ്പോള്‍ ഒരു ലക്ഷം രൂപയോളം കടംവാങ്ങിയിട്ടാണ് ഭര്‍ത്താവ് പോള്‍സണ്‍ റജിയെ ഇതുവരെ ചികിത്സിച്ചത്.

നാട്ടുകാരുടെയും ബന്ധുമിത്രാദികളുടെയും പ്രാര്‍ത്ഥനയും ആശുപത്രിയില്‍ നിന്നും ലഭിക്കുന്ന മികച്ച പരിചരണവും കൊണ്ടാണ് ഇതുവരെ റെജി തന്‍റെ രോഗത്തെ അതിജീവിച്ചത്. ഇനിയും ആശുപത്രിയില്‍ എത്രനാള്‍ കിടക്കേണ്ടിവരുമെന്ന് അറിയില്ല. തന്‍റെ വലതുകാല്‍ നഷ്ടപ്പെട്ട റെജി ആശുപത്രിയില്‍ നിന്നും വന്നാലും ജീവിതം ദുരിതപൂര്‍ണ്ണമായിരിക്കും.തുടര്‍ചികിത്സകളും, കൃത്രിമകാല്‍ വെയ്ക്കുന്നതിനുമായി ഭീമമായ തുക ഈ ദരിദ്രകുടുംബത്തിന് ആവശ്യമായി വരും. സ്വന്തമായി ഒരു തുണ്ട് ഭൂമിയും അതില്‍ ഒരു വീടും റെജിയുടെയും കുടുംബത്തിന്‍റെയും സ്വപ്നമായിരുന്നു.

എന്നാല്‍ എല്ലാ കണക്കുകൂട്ടലും തെറ്റിച്ചുകൊണ്ട് ഈ കുടുംബത്തിന് വന്നുപെട്ടിരിക്കുന്ന ദുരവസ്ഥ മനസ്സിലാക്കി, കാലിച്ചാനടുക്കത്തെ നല്ലവരായ നാട്ടുകാര്‍ കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി.കുഞ്ഞിക്കണ്ണന്‍ രക്ഷാധികാരിയായും പഞ്ചായത്ത് മെമ്പര്‍മാരായ എം.അനീഷ്കുമാര്‍ ചെയര്‍മാനായും, എം.മുസ്തഫ കണ്‍വീനറായും ആയി ഒരു ചികിത്സാ സഹായകമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകായാണ്.

റെജി പോള്‍സണ്‍ ചികിത്സാ സഹായകമ്മിറ്റിയുടെ പേരില്‍ കേരള ഗ്രാമീണ്‍ ബാങ്ക് കാലിച്ചാനടുക്കം ശാഖയില്‍ ഒരു എസ്.ബി. അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൌണ്ട് നമ്പര്‍: 40432101013490, ഐഎഫ്എസ്സി കോഡ് : കെഎല്‍ജിബി0040432.






Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.