കൊച്ചി: [www.malabarflash.com] കോഴിക്കോട്ടെ മലാപ്പറമ്പ് എ.യു.പി സ്കൂള്‍ അടച്ചുപൂട്ടാൻ സംസ്ഥാന സർക്കാറിന് ജൂൺ എട്ടു വരെ ഹൈകോടതി സമയം അനുവദിച്ചു. ഉത്തരവ് നടപ്പാക്കാൻ കോഴിക്കോട് എ.ഇ.ഒക്ക് എല്ലാവിധ സഹായവും സർക്കാർ ഉറപ്പാക്കണം. ആവശ്യമെങ്കിൽ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കണമെന്നും ഹൈകോടതി ഉത്തരവിട്ടു. കൂടാതെ കേസിൽ ആഭ്യന്തര സെക്രട്ടറി, ഡി.ജി.പി, കോഴിക്കോട് കലക്ടർ എന്നിവരെ കോടതി കക്ഷി ചേർത്തു. സ്കൂൾ അടച്ചു പൂട്ടണമെന്ന ഉത്തരവ് നടപ്പാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി മാനേജ്െമന്‍റ് നൽകിയ കോടതിയലക്ഷ്യ ഹരജിയാണ് ഹൈകോടതി നടപടി.
സ്കൂള്‍ പൂട്ടാനുള്ള ഉത്തരവ് നടപ്പാക്കാത്ത സർക്കാർ നടപടി രാവിലെ കേസ് പരിഗണിച്ചപ്പോൾ ഹൈകോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ഉത്തരവ് നടപ്പാക്കുന്ന കാര്യത്തിൽ സർക്കാറിന് വീഴ്ചപറ്റിയെന്ന് കോടതി കുറ്റപ്പെടുത്തി. മാര്‍ച്ച് 31നകം സ്കൂള്‍ അടച്ചുപൂട്ടണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിട്ടതാണ്. എന്തു കൊണ്ട് സർക്കാർ നടപടി സ്വീകരിച്ചില്ലെന്ന് ചോദിച്ച കോടതി ഉത്തരവ് നടപ്പാക്കാത്ത സാഹചര്യത്തിൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും പറഞ്ഞിരുന്നു.
അതേസമയം, ഹൈകോടതി ഉത്തരവ് നടപ്പാക്കാൻ രണ്ടാഴ്ച കൂടി സമയം അനുവദിക്കണമെന്നും മറ്റ് നിയമനടപടികളെ കുറിച്ച് ആലോചിക്കുകയാണെന്നും സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. നിരവധി പോംവഴികൾ സർക്കാറിന്‍റെ മുമ്പിലുണ്ടെന്നും അഭിഭാഷകൻ വ്യക്തമാക്കി.
സ്കൂള്‍ പൂട്ടണമെന്ന ഹൈകോടതി ഉത്തരവ് സ്കൂള്‍ സംരക്ഷണസമിതി, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ കടുത്ത പ്രതിഷേധത്തെ തുടർന്ന് എ.ഇ.ഒക്ക് വ്യാഴാഴ്ച നടപ്പാക്കാൻ കഴിഞ്ഞിരുന്നില്ല. എതിർപ്പിനെ തുടർന്ന് കോഴിക്കോട് സിറ്റി എ.ഇ.ഒ കെ.എസ് കുസുമത്തിന് രണ്ടുതവണ മടങ്ങിപ്പോകേണ്ടി വന്നു. മലാപ്പറമ്പ് സ്കൂൾ പൂട്ടില്ലെന്നും നിയമനടപടിയെ കുറിച്ച് അഭിഭാഷകരുമായി ആലോചിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് വ്യാഴാഴ്ച മാധ്യമങ്ങളെ അറിയിച്ചിരുന്നു.
മാനേജര്‍ പി.കെ. പത്മരാജന്‍റെ ഹരജിയില്‍ മാര്‍ച്ച് 31നകം മലാപ്പറമ്പ് എ.യു.പി സ്കൂള്‍ അടച്ചുപൂട്ടാനാണ് ഹൈകോടതി ഉത്തരവിട്ടത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ സ്കൂള്‍ അടച്ചുപൂട്ടാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശം നൽകുകയായിരുന്നു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment